തിരുവനന്തപുരം: റവന്യുവകുപ്പിൽ വില്ലേജ് ഓഫീസർ,ഡെപ്യൂട്ടി തഹസീൽദാർ ഉൾപ്പെടെ ഉയർന്ന തസ്തികകളിലേക്കുള്ള സ്ഥാനക്കയറ്റത്തിന് വില്ലേജ് ഓഫീസ് സേവനം നിർബന്ധമാക്കിയതിന്റെ ഭാഗമായി സ്ഥാനക്കയറ്റത്തിനുള്ള മാനദണ്ഡങ്ങൾ ഇന്നലെ പുറത്തിറക്കി. സീനിയോറിട്ടി ലിസ്റ്രിൽ ഉൾപ്പെട്ടിട്ടുള്ളവരെ മാർച്ച് 10ന് മുൻപായി വില്ലേജ് ഓഫീസുകളിൽ നിയമിക്കാൻ ലാൻഡ് റവന്യു കമ്മീഷണർ ഇറക്കിയ സർക്കുലറിൽ പറയുന്നു. താലൂക്ക് ഓഫീസ്, ആർ.ഡി.ഒ, ലാൻഡ് റവന്യു കമ്മീഷണറേറ്റ് എന്നിവിടങ്ങളിൽ എൽ.ഡി.ക്ളാർക്കുമാരായി നിയമിതരാവുന്നവരാണ് പ്രമോഷൻ വഴി വില്ലേജ് ഓഫീസർ, ഹെഡ് ക്ളാർക്ക്, റവന്യുഇൻസ്പെക്ടർ തസ്തികകളിലെത്തുക. ഒരു മാസത്തെ ചെയിൻ സർവെ കോഴ്സും ഡിസ്ട്രിക്ട് മാന്വൽ കോഴ്സും പാസായിരിക്കണം. ഇപ്പോഴത്തെ സീനിയോറിട്ടി പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവരും വില്ലേജ് ഓഫീസുകളിൽ പ്രവർത്തിച്ചിട്ടില്ലാത്തവരുമായ സീനിയർ ക്ളാർക്കുമാരെയാണ് 10ന് മുൻപ് വില്ലേജ് ഓഫീസുകളിൽ നിയമിക്കേണ്ടത്. മൂന്ന് വർഷം ഇവർ വില്ലേജ് ഓഫീസുകളിൽ ജോലി ചെയ്യണം. ഡെപ്യൂട്ടി തഹസീൽദാർ/ ജൂനിയർ സൂപ്രണ്ട് തസ്തികകളിലേക്ക് പ്രമോഷൻ കിട്ടേണ്ട പട്ടികയിലുൾപ്പെട്ട ഹെഡ് ക്ളാർക്ക് /റവന്യു ഇൻസ്പെക്ടർമാരെയും മാർച്ച് 10ന് മുൻപായി വില്ലേജ് ഓഫീസർ തസ്തികയിൽ നിയമിക്കണം. രണ്ട് വർഷമാണ് വില്ലേജുകളിൽ ഇവരുടെ സേവനം .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |