കോഴിക്കോട് : ദളിത് കുടുംബങ്ങൾക്ക് വാസയോഗ്യമല്ലാത്ത ഭൂമി നൽകി വഞ്ചിച്ചതായി പരാതി. 2019 ലെ ലൈഫ് പദ്ധതി പ്രകാരം കോർപ്പറേഷൻ പട്ടികജാതി വികസന വകുപ്പ് ഫണ്ട് ഉപയോഗിച്ച് മുണ്ടിക്കൽ താഴം എരുമോറകുന്ന് പ്രദേശത്ത് കെ.രാജേശ്വരി, ടിന്റു ബിജേഷ്, നിളിനി.കെ, മാധവി, മുത്തുമാരി, ചന്ദ്രമതി വി.പി, വൈഷ്ണവി, കീർത്തന തുടങ്ങി എട്ടോളം പേർക്ക് 3 സെന്റ് ഭൂമി വീതം 6 ലക്ഷം രൂപയ്ക്ക് വാങ്ങിയിരുന്നു. ഇത്തരം പദ്ധതികളിൽ തിരഞ്ഞെടുക്കപ്പെടുന്ന പട്ടികജാതി വിഭാഗങ്ങൾക്ക് ഭൂമി കണ്ടെത്തുന്നതിനും വാങ്ങുന്നതിനും പരിമിതമായ ദിവസങ്ങളാണ് അധികൃതർ നൽകുന്നത്. ഈ സാഹചര്യം മുതലെടുത്താണ് വാസയോഗ്യമല്ലാത്ത ഭൂമി നൽകിയതെന്നാണ് ആക്ഷേപം.
കോർപ്പറേഷൻ പട്ടികജാതി വികസന വകുപ്പ് വഴി ലൈഫ് പദ്ധതി പ്രകാരം ഭൂമി വാങ്ങുന്നതിന് മുന്നോടിയായി ഗുണഭോക്താക്കൾ വാങ്ങാൻ ഉദ്ദേശിക്കുന്ന ഭൂമി കോർപ്പറേഷൻ പട്ടികജാതി വികസന വകുപ്പ് ഓഫീസർ സന്ദർശിച്ച് വീട് വെയ്ക്കാൻ യോഗ്യമാണെന്ന് ഉറപ്പുവരുത്തണമെന്നാണ് ചട്ടം. ഇത് ലംഘിച്ച് പ്രധാന റോഡിൽ നിന്ന് 100 അടിയിൽ ഉയരത്തിലുള്ള കുന്നിൻ വീട് വെക്കാൻ അനുമതി നൽകിയെന്നാണ് ആക്ഷേപം. ഈ ഭൂമിയിൽ പല കുടുംബങ്ങളും വീട് വെയ്ക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഗുണഭോക്താക്കളിൽ ഒരാളായ രാജശ്രീ കുത്തനെയുള്ള കയറ്റത്തിൽ വീട് നിർമ്മാണ വസ്തുക്കളുമായി കയറ്റി. എന്നാൽ വാഹനത്തിന്റെ നിയന്ത്രണം വിട്ട് താഴെയുള്ള സ്വകാര്യ വ്യക്തിയുടെ വീടിന്റെ മതിലിനിടിച്ചതോടെ ഭാരിച്ച ചെലവും നേരിടേണ്ടി വന്നു. ഇതോടെ മറ്റ് കുടുംബങ്ങളും വീടുണ്ടാക്കാനുള്ള ശ്രമം ഉപേക്ഷിച്ചു. കിണർ കുഴിച്ചാൽ വെളളം കിട്ടാത്ത അവസ്ഥയുമാണ്.
ഭൂമിയുടെ ഉടമയും കോർപ്പറേഷൻ മുൻ പട്ടികജാതി വികസന ഓഫീസറും കോർപ്പറേഷനിലെ ഉദ്യോഗസ്ഥനും ഇടനിലക്കാരുമടങ്ങുന്ന ഒരു സംഘം കോർപ്പറേഷൻ കേന്ദ്രീകരിച്ച് നടത്തിയ ഗൂഢാലോചനയാണ് തട്ടിപ്പിന് പിറകിലെന്നാണ് ആരോപണം. എട്ട് കുടുംബങ്ങൾക്ക് 3 സെന്റ് വീതം ഭൂമിക്ക് 6 ലക്ഷം രൂപ പ്രകാരം 24 സെന്റ് ഭൂമിയാണ് കുടുംബങ്ങൾ ഇവിടെ വാങ്ങിച്ചത്. 80,000 രൂപയായിരുന്നു അന്നത്തെ മാർക്കറ്റ് വില. കൂടാതെ, ഭൂമി നൽകുമ്പോൾ 8 വീതി വഴി നൽകാമെന്നും അതിലേക്ക് സ്വന്തം ചെലവിൽ റോഡ് നിർമ്മിച്ചു നൽകാമെന്നുംവാക്കാൽ ഉറപ്പു നൽകിയ ഭൂ ഉടമ പിന്നീട് ആധാരത്തിൽ 4 അടി വഴിയാണ് ഇവർക്ക് നൽകിയത്. എന്നാൽ ഭൂമി ഉടമ ഇത് നിഷേധിക്കുകയാണ്. തട്ടിപ്പിന് കൂട്ടു നിന്ന ഉദ്യോഗസ്ഥർക്കെതിരെ പട്ടികജാതി/വർഗ പീഡന നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് പട്ടികജാതി/വർഗ സംരക്ഷണ സമിതി രക്ഷാധികാരി സതീഷ് പാറന്നൂരിന്റെ നേതൃത്വത്തിൽ വകുപ്പ് മന്ത്രി, ജില്ലാ കളക്ടർ, സിറ്റി പൊലീസ് കമ്മിഷണർ എന്നിവർക്ക് പരാതി നൽകിയിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |