കൊല്ലം: സർക്കാർ സേവനങ്ങൾ വൈകിപ്പിക്കുകയും നിഷേധിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന റവന്യു ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അർഹമായ സമയത്ത് സേവനങ്ങൾ ലഭിക്കേണ്ടത് ജനങ്ങളുടെ അവകാശമാണ്. അത് നിഷേധിക്കുന്നതും കാലതാമസം വരുത്തുന്നതും സർക്കാരിനെക്കുറിച്ച് ജനങ്ങൾക്ക് അവമതിപ്പുണ്ടാക്കും. ജനങ്ങളോട് ഏറ്റവും അടുത്തുനിൽക്കുന്ന റവന്യു വകുപ്പ് ഉദ്യോഗസ്ഥർ ഈ സാഹചര്യം സൃഷ്ടിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഭൂരിഭാഗം ഉദ്യോഗസ്ഥരും മാറ്റങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിക്കുമ്പോൾ ചെറിയ വിഭാഗം സേവനങ്ങൾ വൈകിപ്പിക്കുന്നുണ്ട്. ഇവർ ഒറ്റതിരിഞ്ഞു നിൽക്കുന്നത് അനുവദിച്ചുതരാൻ സർക്കാരിനാകില്ല.
എല്ലാവർക്കും ഭൂമി, എല്ലാഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യത്തിനുള്ള പ്രവർത്തനമാണ് സർക്കാർ നടത്തുന്നത്. സർക്കാരിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് നൂറുദിന കർമ്മപരിപാടികളുടെ ഭാഗമായി 40,000 പട്ടയങ്ങൾ വിതരണം ചെയ്യും. ഇതോടെ 2016നു ശേഷം പട്ടയം ലഭിച്ചവർ 2.75 ലക്ഷമാകും. ലാൻഡ് ബോർഡ് കേസുകളും താലൂക്ക് ലാൻഡ് ബോർഡുകളിലുള്ള മിച്ചഭൂമി കേസുകളും തീർപ്പാക്കുന്നതനുസരിച്ച് ഭൂരഹിതർക്കെല്ലാം ഭൂമി ലഭ്യമാകും. ഇതിനായി സത്വരനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മികച്ച കളക്ടർക്കുള്ള പുരസ്‌കാരം വയനാട് കളക്ടർ എ. ഗീത, മികച്ച സബ് കളക്ടർക്കുള്ള പുരസ്‌കാരം മാനന്തവാടി സബ് കളക്ടർ ആർ.ശ്രീലക്ഷ്മി എന്നിവർക്കുൾപ്പെടെയുള്ള റവന്യു അവാർഡുകൾ മുഖ്യമന്ത്രി സമ്മാനിച്ചു. റവന്യു ഇൻഫർമേഷൻ ബ്യൂറോയുടെ യു ട്യൂബ് ചാനൽ ലോഞ്ചിംഗും നിർവഹിച്ചു. മന്ത്രി കെ. രാജൻ അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, ജെ.ചിഞ്ചുറാണി, എ.എം.ആരിഫ് എം.പി, എം.എൽ.എമാരായ എം.നൗഷാദ്, പി.എസ്.സുപാൽ, ഡോ.സുജിത്ത് വിജയൻ പിള്ള, മേയർ പ്രസന്ന ഏണസ്റ്റ്, ഡെപ്യൂട്ടി മേയർ കൊല്ലം മധു, റവന്യു പ്രിൻസിപ്പൽ സെക്രട്ടറി എ.ജയതിലക് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |