തിരുവനന്തപുരം: ലോകായുക്തയുടെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കുന്ന ബിൽ ഗവർണർ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചേക്കും.
പൊതുപ്രവർത്തകരുടെ അഴിമതി തെളിഞ്ഞാൽ ഔദ്യോഗിക സ്ഥാനത്തിരിക്കാൻ യോഗ്യരല്ലെന്നു ലോകായുക്തയ്ക്കു വിധിക്കാനാവുന്ന പതിന്നാലാം വകുപ്പാണ് ബില്ലിലൂടെ ഭേദഗതി ചെയ്തത്. ബന്ധു നിയമനക്കേസിൽ കെ.ടി.ജലീലിനു മന്ത്രി സ്ഥാനം രാജി വയ്‌ക്കേണ്ടി വന്നത് ഇങ്ങനെയാണ്. ബിൽ നിയമമായാൽ, ലോകായുക്ത ആരെയെങ്കിലും അഴിമതിക്കാരനായി തീർപ്പു കൽപിച്ചാൽ അതിൽ മുഖ്യമന്ത്രിക്കും നിയമസഭയ്ക്കും നിയമന അധികാരിക്കും മറിച്ചു തീരുമാനമെടുക്കാം. ഗവർണറുടെ അപ്പലേറ്റ് അധികാരവും ഇല്ലാതാവും. മുഖ്യമന്ത്രിക്കെതിരേ ലോകായുക്ത വിധിയുണ്ടായാൽ ഗവർണറല്ല, നിയമസഭയായിരിക്കും അപ്പലേറ്റ് അതോറിട്ടി. മന്ത്രിമാർക്കെതിരായ വിധികളിൽ മുഖ്യമന്ത്രിയും എം.എൽ.എമാർക്കെതിരായ വിധിയിൽ സ്പീക്കറുമായിരിക്കും അപ്പലേറ്റ് അതോറിട്ടി.
ബിൽ നിയമമായാൽ ലോകായുക്തയുടെ നിലനിൽപ്പിന് ഭീഷണിയാണെന്ന് ഗവർണർ വിലയിരുത്തി. നിയമസഭയിലെ ഭൂരിപക്ഷം വച്ച് ലോകായുക്തയുടെ ഉത്തരവ് തള്ളാം. പ്രതിപക്ഷത്തെ വേട്ടയാടാനുള്ള ആയുധമായും ലോകായുക്തയെ ഉപയോഗിക്കപ്പെടാം. 1999ൽ രാഷ്ട്രപതിയുടെ അനുമതി നേടിയ ശേഷമാണ് ലോകായുക്ത ബിൽ സഭയിൽ അവതരിപ്പിച്ചത്. ഭേദഗതിക്കും രാഷ്ട്രപതിയുടെ അനുമതി ആവശ്യമാണെന്നാണ് ഗവർണറുടെ നിലപാട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |