തഴവ: 'ബഹുമാന്യരേ, കുതിരപ്പന്തി ചന്തയുടെ കാവൽക്കാരൻ, നമ്മുടെ സ്വന്തം അപ്പു യാത്രയായി. അപ്പുവിന്റെ ഭൗതികദേഹമിതാ ഈ വഴിത്താരയിലൂടെ കടന്നുവരുന്നു". ഓട്ടോറിക്ഷയിലെ അനൗൺസ്മെന്റ് കേട്ട് കരുനാഗപ്പള്ളിക്കടുത്തുള്ള കുതിരപ്പന്തിക്കാർ പിന്നാലെ പാഞ്ഞു. നാട്ടുകാർക്ക് തങ്ങളിലൊരുവനായിരുന്നു അപ്പു എന്ന തെരുവുനായ. അതുകൊണ്ട് തന്നെ, സംസ്കാര കർമ്മങ്ങൾ നടത്തിയാണ് അപ്പുവിനെ യാത്രയാക്കിയത്.
സാധാരണ തെരുവുനായയാണെങ്കിലും സ്വയം വ്യത്യസ്തനായാണ് അവൻ കുതിരപ്പന്തിക്കാരുടെ ഹൃദയം കീഴടക്കിയത്. പതിന്നാല് വർഷം മുമ്പാണ് കുഞ്ഞ് അപ്പുവിനെ ആരോ കുതിരപ്പന്തി ചന്തയിൽ ഉപേക്ഷിച്ചത്. അന്ന് മുതൽ ചായക്കടകളിലെ അവശിഷ്ടങ്ങൾ കഴിച്ചു വളർന്നു. പിന്നെ പ്രദേശത്തെ വീടുകളിലെ സന്ദർശകനായി. ഏതുവീട്ടിലെത്തിയാലും അപ്പുവിന് ഭക്ഷണം നൽകും. ഒരിക്കൽ പോലും ക്ഷുഭിതനാകാത്ത അപ്പുവിന്റെ കുര പോലും സൗമ്യമായാണ്. പിന്നെ കുതിരപ്പന്തി ചന്തയിൽ കറങ്ങിനടക്കുമെങ്കിലും ഒരിക്കൽ പോലും കച്ചവട തട്ടുകളിൽ നിന്ന് മീൻ കടിച്ചെടുക്കാൻ ശ്രമിച്ചിട്ടില്ല. കച്ചവടം കഴിയുമ്പോൾ അപ്പുവിനുള്ള വിഹിതം കച്ചവടക്കാർ കൊടുക്കും.
2012ൽ ഗ്രാമപഞ്ചായത്ത് അപ്പുവിനെ എ.ബി.സിക്ക് വിധേയനാക്കി കുതിരപ്പന്തിയിൽ തന്നെ തിരികെ വിട്ടു. കഴിഞ്ഞ കുറച്ച് ദിവസമായി അവശതയിലായിരുന്ന അപ്പുവിന്റെ അന്തിയുറക്കം കുതിരപ്പന്തി പരിഷ്കാര ഗ്രന്ഥശാലയുടെ തിണ്ണയിലായിരുന്നു. പക്ഷേ തൊട്ടടുത്തുള്ള കുതിരപ്പന്തി ചന്തയിൽ രാത്രികാലങ്ങളിൽ അനക്കം കേട്ടാൽ കുരച്ച് ബഹളം വയ്ക്കും. വായനശാലയിൽ എന്ത് പരിപാടി നടന്നാലും അപ്പു മുന്നിലുണ്ടാകും. അവശനായതോടെ തൊട്ടടുത്ത ഒരു കെട്ടിടത്തിന് മുകളിലേക്ക് നാട്ടുകാർ തന്നെ കയറ്റിവിട്ടു. ഇന്നലെ രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതോടെ അപ്പുവിന്റെ മൃതദേഹവുമായി നാട്ടുകാർ വിലാപയാത്ര നടത്തി. അപ്പു അന്തിയുറങ്ങിയിരുന്ന കുതിരപ്പന്തി ഗ്രന്ഥശാലയുടെ അങ്കണത്തിൽ പൊതുദർശനത്തിനും വച്ചു. ഗ്രന്ഥശാലാങ്കണത്തിൽ തന്നെ സംസ്കാരവും നടത്തി. ഏകദേശം മുന്നൂറോളം പ്രദേശവാസികളാണ് അപ്പുവിന്റെ അന്ത്യയാത്രയ്ക്ക് എത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |