തിരുവനന്തപുരം: കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ സ്ഥാനത്തു നിന്ന് രാജിവച്ച ശങ്കർ മോഹനെ അംഗമാക്കി സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ ഡയറക്ടർ ബോർഡ് പുതുക്കിനിശ്ചയിച്ച് സർക്കാർ. ചെയർമാൻ ഷാജി എൻ. കരുണിനെയും മാനേജിംഗ് ഡയറക്ടർ എൻ. മായയെയും അംഗങ്ങളായിരുന്ന ഷാജി കൈലാസ്, ഷെറി ഗോവിന്ദ് എന്നിവരെയും നിലനിറുത്തിയിട്ടുണ്ട്. നവ്യാനായർ, മാലാപാർവതി, പാർവതി തിരുവോത്ത്, സമീറാ സനീഷ്, എം.എ. നിഷാദ്, കെ. മധു, ബാബു നമ്പൂതിരി, എം. ജയചന്ദ്രൻ, ഇർഷാദ്, വി.കെ. ശ്രീരാമൻ, ഡോ. ബിജു, ബി. ഉണ്ണിക്കൃഷ്ണൻ, അഡ്വ. മെൽവിൻ മാത്യു എന്നിവരാണ് പുതിയ അംഗങ്ങൾ. കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ജാതി അധിക്ഷേപം നടത്തിയെന്ന ആരോപണവും തുടർന്നുള്ള വിദ്യാർത്ഥി സമരവും ശക്തമായപ്പോഴാണ് ശങ്കർമോഹന് ഡയറക്ടർ സ്ഥാനം ഒഴിയേണ്ടിവന്നത്. ഇതിനു പിന്നാലെ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാൻ സ്ഥാനം അടൂർ ഗോപാലകൃഷ്ണനും രാജിവച്ചിരുന്നു. അടൂരിന് പകരക്കാരനായി ബോളിവുഡ് സംവിധായകൻ സയിദ് അക്തർ മിർസയെ നിയമിച്ചതിനു തൊട്ടുപിന്നാലെയാണ് സർക്കാർ ശങ്കർ മോഹനെ ചലച്ചിത്ര വികസന കോർപ്പറേഷനിൽ അംഗമാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |