കൊല്ലം: പി.എസ്. സുപാൽ എം.എൽ.എയെ സി.പി.ഐ കൊല്ലം ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുന്നോട്ടുവച്ച നിർദ്ദേശം പുതിയ ജില്ലാ കൗൺസിൽ ഒറ്റക്കെട്ടായി അംഗീകരിക്കുകയായിരുന്നു. രണ്ടാം തവണയാണ് സുപാൽ ജില്ലാ സെക്രട്ടറിയാകുന്നത്. ആറ് കാൻഡിഡേറ്റ് മെമ്പർമാർ ഉൾപ്പടെ 64 അംഗ ജില്ലാ കൗൺസിലിനെയും 88 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുത്തു.
ഏരൂർ ഗവ. സ്കൂളിൽ വിദ്യാർത്ഥിയായിരിക്കെ എ.ഐ.എസ്.എഫിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി, ദേശീയ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ സി.പി.ഐ നിയമസഭാ പാർലമെന്ററി പാർട്ടി സെക്രട്ടറിയുമാണ്.
പ്രമുഖ സി.പി.ഐ നേതാവായിരുന്ന പിതാവ് പി.കെ.ശ്രീനിവാസന്റെ മരണത്തെ തുടർന്ന് 1996ൽ പുനലൂരിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചാണ് പി.എസ്.സുപാൽ ആദ്യ നിയമസഭാംഗമായത്. 2001ൽ വീണ്ടും വിജയം ആവർത്തിച്ചു. 2006ൽ കെ.രാജുവിനായി വഴിമാറി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വീണ്ടും സ്ഥാനാർത്ഥിയായി ജില്ലയിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തോടെ വിജയിച്ചു. അഞ്ചൽ ഏരൂർ സ്വദേശിയാണ്. പി.എൻ.റീനയാണ് ഭാര്യ. ബി.എസ്സി അഗ്രിക്കൽച്ചർ ബിരുദധാരി ദേവി നിലീന, ഡിഗ്രി വിദ്യാർത്ഥിനി ദേവി നിരഞ്ജന എന്നിവർ മക്കളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |