ഹരിപ്പാട്: ജാതിനോക്കി വോട്ടുചെയ്യുന്നവർ മിടുക്കന്മാരും അല്ലാത്തവർ മണ്ടന്മാരുമാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്.എൻ.ഡി.പി യോഗം കാർത്തികപ്പള്ളി യൂണിയനിലെ ശാഖാനേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചിലസമുദായക്കാർ അവരുടെ ആളിനെ നോക്കി വോട്ടുചെയ്യും. എന്നാൽ,ഈഴവർ ആർക്കുവേണമെങ്കിലും വോട്ടുചെയ്യും. ജില്ലയിലെ കുട്ടനാട്,ആലപ്പുഴ മണ്ഡലങ്ങൾ ഇതിനുദാഹരണമാണ്.
കുട്ടനാട്ടിൽ ഒരു കെട്ടുവള്ളത്തിൽകയറാൻ പോലും ആളില്ലാത്തപാർട്ടിയുടെ സ്ഥാനാർത്ഥിയെയാണ് വിജയിപ്പിച്ചത്. ആ പാർട്ടിയുടെ ഫുൾഫോം പോലും ആളുകൾക്കറിയില്ല. എന്നിട്ടും വോട്ടുചെയ്ത് ജയിപ്പിച്ചു. നമ്മുടെ വോട്ടുകൊണ്ട് ഭരണത്തിലേറുന്നവർ അധികാരം കിട്ടിക്കഴിഞ്ഞാൽ തിരിഞ്ഞുനോക്കുന്നില്ല. വിദ്യാഭ്യാസ,ഉദ്യോഗതലങ്ങളിൽ ജാതി സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്ന നാടാണ്. ഈ സാഹചര്യത്തിൽ ജാതിപറയുന്നതിൽ എന്തുതെറ്റാണുള്ളത്? സമ്പത്തും വ്യവസായവും ഭൂമിയും വിദ്യാഭ്യാസവുമെല്ലാം ന്യൂനപക്ഷമാണെന്ന് പറയുന്നവർ കൈയാളുകയാണ്. മറ്റുള്ളവർക്ക് ഒന്നുമില്ല. ഈഴവർക്ക് തൊഴിലുറപ്പിൽ മാത്രമാണ് പ്രാതിനിദ്ധ്യമുള്ളത്.
വെള്ളാപ്പള്ളി ഹിന്ദുഐക്യം തകർത്തെന്നാണ് എ.ഇ.എസിന്റെ മുറവിളി. ഹിന്ദുക്കൾ ഒന്നിച്ചുനിൽക്കണമെന്ന ആഗ്രഹംകൊണ്ടല്ല,സ്വന്തം താത്പര്യം സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് അവർ ഇത് പറയുന്നത്. തനിക്ക് രാഷ്ട്രീയതാത്പര്യങ്ങളില്ല. സമുദായതാത്പര്യമാണുള്ളത്. അതിനാൽ ആരെയും പേടിയുമില്ല. പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നു. നിലയ്ക്കലിൽ പള്ളിക്കായി പ്രമേയം പാസാക്കുകയും ബാബറി മസ്ജിദ് തകർത്തതിനെതിരെ തെരുവിലിറങ്ങുകയും ചെയ്ത സമുദായമാണ് നമ്മളുടേത്. എന്നാൽ, പൊലീസ് ശിവഗിരി തല്ലിത്തകർത്തപ്പോൾ ഒപ്പം നിൽക്കാൻ ആരുമുണ്ടായില്ല. രാഷ്ട്രീയക്കാർ ആവശ്യങ്ങൾക്കുപയോഗിക്കുകയും ആവശ്യംകഴിയുമ്പോൾ ചണ്ടിയായി തള്ളിക്കളയും ചെയ്യുന്ന അവസ്ഥയാണ് സമുദായം നേരിടുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
യൂണിയൻ സെക്രട്ടറി അഡ്വ.ആർ.രാജേഷ് ചന്ദ്രൻ സ്വാഗതവും യൂണിയൻ പ്രസിഡന്റ് കെ. അശോകപ്പണിക്കർ നന്ദിയും പറഞ്ഞു. യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി സംഘടനാവിശദീകരണം നടത്തി. ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് മുഖ്യപ്രഭാഷണം നടത്തി. ചേപ്പാട് യൂണിയൻ പ്രസിഡന്റ് എസ്.സലികുമാർ,പന്തളം യൂണിയൻ പ്രസിഡന്റ് സിനിൽ മുണ്ടപ്പള്ളി,കുട്ടനാട് സൗത്ത് യൂണിയൻ ചെയർമാൻ സന്ദീപ് പച്ചയിൽ,കാർത്തികപ്പള്ളി യൂണിയൻ വൈസ് പ്രസിഡന്റ് എം.സോമൻ,യോഗം ഇൻസ്പെക്റിംഗ് ഓഫീസർ സി. സുഭാഷ്,ഡയറക്ടർ ബോർഡ് അംഗം പ്രൊഫ.സി.എം.ലോഹിതൻ,യൂണിയൻ കൗൺസിലർ മാരായ പൂപ്പള്ളി മുരളി,പി. ശ്രീധരൻ, ടി. മുരളി,ദിനു വാലുപറമ്പിൽ,പി.എസ്. അശോക് കുമാർ,ഡി.ഷിബു,കെ.സുധീർ,പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ വി.മുരളീധരൻ,ഡി.സജി,ഡോ.വി.അനുജൻ,വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുരബാല,സെക്രട്ടറി ബിന്ദു ഷിബു,വൈസ് പ്രസിഡന്റ് അനിത അരവിന്ദ്,ട്രഷറർ സജിത രാജൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |