ന്യൂയോർക്ക് : അമേരിക്കൻ ശതകോടീശ്വരനായ ബിസിനസുകാരനും ധനകാര്യ വിദഗ്ദ്ധനുമായ തോമസ് എച്ച്. ലീയെ ( 78 ) മരിച്ചനിലയിൽ കണ്ടെത്തി. പ്രാദേശിക സമയം വ്യാഴാഴ്ച രാവിലെ 11 മണിയോടെ മാൻഹട്ടനിലെ ഓഫീസിൽ സ്വയം വെടിവച്ച് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഏകദേശം 200 കോടി ഡോളർ ആസ്തിയുള്ള ലീ 1974ൽ ബോസ്റ്റൺ ആസ്ഥാനമായി തോമസ് എച്ച്. ലീ പാർട്‌ണേഴ്സ്, 2006ൽ ന്യൂയോർക്ക് ആസ്ഥാനമായി ലീ ഇക്വിറ്റി പാർട്‌ണേഴ്സ് എന്നീ പ്രൈവറ്റ് ഇക്വിറ്റി കമ്പനികൾ സ്ഥാപിച്ചു. 1992 ൽ ബിവറേജ് കമ്പനിയായ സ്റ്റാപ്പിൾ അദ്ദേഹം ഏറ്റെടുത്തിരുന്നു. രണ്ട് വർഷങ്ങൾക്ക് ശേഷം 1.7 ബില്യൺ ഡോളറിന് ഈ കമ്പനിയെ ക്വാക്കർ ഓട്സിന് വിറ്റു.
സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ലീ ന്യൂയോർക്ക് സിറ്റിയിലെ ലിങ്കൺ സെന്റർ ഫോർ പെർഫോമിംഗ് ആർട്സ്, ദ മ്യൂസിയം ഒഫ് മോഡേൺ ആർട് തുടങ്ങിയ കലാ സംഘടനകളിൽ ട്രസ്റ്റിയായും പ്രവർത്തിച്ചു. 1996ൽ ഹാർവഡ് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളെ സഹായിക്കാൻ 2.2 കോടി ഡോളർ സംഭാവന നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |