നോംപെൻ : കംബോഡിയയിൽ എച്ച് 5 എൻ 1 പക്ഷിപ്പനി ബാധിച്ച് 11കാരി മരിച്ചു. 2014ന് ശേഷം ഇതാദ്യമായാണ് രാജ്യത്ത് മനുഷ്യനിൽ എച്ച് 5 എൻ 1 സ്ഥിരീകരിക്കുന്നത്. പ്രെയ് വെങ്ങ് പ്രവിശ്യയിൽ നിന്നുള്ള പെൺകുട്ടിയ്ക്ക് കഴിഞ്ഞ ബുധനാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്. ഇതിന് ഒരാഴ്ച മുന്നേ കുട്ടിയിൽ കടുത്ത പനിയും ചുമയും തൊണ്ടവേദനയും അനുഭവപ്പെട്ടിരുന്നു. നില ഗുരുതരമായതോടെ വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് രോഗം കണ്ടെത്തിയത്. ഉടൻ തലസ്ഥാനമായ നോം പെന്നിൽ ചികിത്സയ്ക്കെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടിയുടെ അച്ഛനും രോഗം സ്ഥിരീകരിച്ചു. മറ്റ് 11 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. കുട്ടി താമസിച്ചിരുന്ന ഗ്രാമത്തിന് സമീപം ചത്തനിലയിൽ കണ്ടെത്തിയ പക്ഷികളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചു. രോഗം ബാധിക്കപ്പെട്ടതെന്ന് തോന്നിക്കുന്നതോ ചത്തതോ ആയ പക്ഷികളുടെ അരികിലേക്ക് പോകരുതെന്ന് ആളുകൾക്ക് സർക്കാർ മുന്നറിയിപ്പ് നൽകി. 2003 - 2014 കാലയളവിൽ ആകെ 56 എച്ച് 5 എൻ 1 കേസുകളാണ് കംബോഡിയയിൽ കണ്ടെത്തിയത്. ഇതിൽ 37 പേർ മരിച്ചു. സാധാരണഗതിയിൽ മനുഷ്യരിൽ വളരെ അപൂർവമായാണ് എച്ച് 5 എൻ 1 ബാധിക്കുന്നത്. എന്നാൽ വൈറസ് ബാധയുള്ള പക്ഷികളുമായുള്ള അടുത്ത സമ്പർക്കം മനുഷ്യർക്ക് അപകടമാണ്. 2021 മുതൽ ചൈന, ഇന്ത്യ, സ്പെയിൻ, യു.കെ, യു.എസ് എന്നിവിടങ്ങളിലായി എട്ട് എച്ച് 5 എൻ 1 കേസുകളാണ് ലോകാരോഗ്യ സംഘടന ( ഡബ്ല്യു.എച്ച്.ഒ ) സ്ഥിരീകരിച്ചത്. എന്നാൽ എച്ച് 5 എൻ 1 ന്റെ തീവ്രത കൂടിയ ഒരു വകഭേദം ലോകമെമ്പാടും വ്യാപിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഈ വകഭേദം മിങ്ക്, ഓട്ടർ തുടങ്ങിയ ജീവികളിലും കണ്ടെത്തിയിരുന്നു. സമീപ കാലത്ത് സസ്തനികളിലേക്കും ഈ വകഭേദം പടർന്നത് പരിശോധിക്കേണ്ടതുണ്ടെന്ന് ഡബ്ല്യു.എച്ച്.ഒ മേധാവി ടെഡ്രോസ് അഥനോം ഗബ്രിയേസിസ് അറിയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |