കൽപ്പറ്റ: മുട്ടിൽ വാര്യാട് ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. മുട്ടിൽ എടപ്പെട്ടി സ്വദേശികളായ വാക്കൽ വളപ്പിൽ ഷെരീഫ് (50), എടപ്പെട്ടി ചുള്ളിമൂല കോളനിയിലെ ചാമന്റെ ഭാര്യ അമ്മിണി (55) എന്നിവരാണ് മരിച്ചത്. വാരിയാട് ടാറ്റ മോട്ടോഴ്സ് ഷോറൂമിന് സമീപം ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു അപകടം. അഞ്ചു വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. കെ.എസ്.ആർ.ടി.സി ബസ്, ഓട്ടോറിക്ഷ, രണ്ടു കാറുകൾ, സ്‌കൂട്ടർ എന്നിവയാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ ഓട്ടോറിക്ഷാ ഡ്രൈവറും ഓട്ടോറിക്ഷയിലെ യാത്രക്കാരിയുമാണ് തൽക്ഷണം മരിച്ചത്. ഓട്ടോറിക്ഷയിലെ മറ്റൊരു യാത്രക്കാരിയായ എടപെട്ടി ചുള്ളിമൂല കോളനിയിലെ ശാരദ (55)യെ ഗുരുതര പരിക്കുകളോടെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
വാരിയാട് സ്വകാര്യ വ്യക്തിയുടെ പാർക്കിംഗ് ഏരിയയിൽ നിന്ന് ദേശീയപാതയിലേക്കിറങ്ങിയ കാറുമായാണ് ഓട്ടോറിക്ഷ ആദ്യം കൂട്ടിയിടിച്ചത്. പിന്നീട് റോഡിലേക്ക് തെന്നി നീങ്ങിയ ഓട്ടോറിക്ഷയിൽ എതിരെ വന്ന കെ.എസ്.ആർ.ടി.സി ബസ് ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട് കെ.എസ്.ആർ.ടി.സി ബസ് മറ്റൊരു കാറിലും ഇടിച്ചു. ബസിന്റെ അതേ ദിശയിൽ വന്ന സ്‌കൂട്ടർ നിയന്ത്രണം വിട്ട് ബസിന് പിന്നിലും ഇടിച്ചു. സ്‌കൂട്ടർ യാത്രക്കാരനായ മൂടക്കൊല്ലി സ്വദേശി ശ്രീജിത്ത് (40) നെ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ പരിക്ക് ഗുരുതരമല്ല.
അപകടത്തെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. പിന്നീട് കൽപ്പറ്റയിൽ നിന്ന് ഫയർഫോഴ്സും സ്ഥലത്തെത്തി.പട്ടികവർഗ വികസന വകുപ്പിന്റെ ഭക്ഷ്യക്കിറ്റ് വാങ്ങാൻ കാക്കവയൽ തെനേരിയിൽ പോയി മടങ്ങുകയായിരുന്നു അപകടത്തിൽ മരിച്ച അമ്മിണിയും പരിക്കേറ്റ ശാരദയും. അപകടത്തിൽ മരിച്ച ശരീഫിന്റെ ഓട്ടോറിക്ഷയിലാണ് ഇവർ കിറ്റ് വാങ്ങാൻ പോയത്. നിഷ നിഷിദയാണ് മരിച്ച ഷെരീഫിന്റെ ഭാര്യ, അനീഷ മകളാണ്. അമ്മിണിയുടെ മകൻ ശിവൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |