ന്യൂഡൽഹി:ഇന്ത്യയുടെ വാക്സിൻ യജ്ഞം 34 ലക്ഷത്തിലധികം പേരുടെ ജീവൻ രക്ഷിച്ചെന്നും ഒന്നര ലക്ഷം കോടി രൂപയുടെ നഷ്ടം ഒഴിവാക്കിയെന്നും പഠന റിപ്പോർട്ട്. ലോക്ഡൗൺ 20 ലക്ഷം പേരുടെ മരണം ഒഴിവാക്കി. കാലിഫോർണിയയിലെ സ്റ്റാൻഫോഡ് സർവ്വകലാശാലയും ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കോമ്പറ്റിറ്റീവ്നെസും സംയുക്തമായി തയ്യാറാക്കിയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം.
കേന്ദ്രസർക്കാർ 2020 മാർച്ചിൽ ഏർപ്പെടുത്തിയ ലോക്ഡൗൺ കൊവിഡ് വ്യാപനം വൻതോതിൽ കുറച്ചു. ലോക്ഡൗൺ ഇല്ലായിരുന്നെങ്കിൽ 2020 ഏപ്രിൽ 11 നകം രണ്ട് ലക്ഷത്തിലധികം പേർക്ക് കൊവിഡ് ബാധിക്കുമായിരുന്നു. ഏപ്രിൽ 11 ലെ കണക്കിൽ 7,500 പേർക്ക് മാത്രമാണ് കൊവിഡ് ബാധിച്ചത്. കേന്ദ്രസർക്കാരിന്റെ നടപടികൾ കൊവിഡ് വ്യാപനം തടയുകയും ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം വർദ്ധിപ്പിക്കുകയും ചെയ്തു. രോഗിയുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്തൽ, പരിശോധന വർദ്ധന്, ക്വാറന്റീൻ, മെഡിക്കൽ ഉപകരണങ്ങളുടെയും വസ്തുക്കളുടെയും വിതരണം, ആരോഗ്യ മേഖലയുടെ അടിസ്ഥാന സൗകര്യ വികസനവും നവീകരണവും, ഏകോപനം എന്നീ മേഖലകളിൽ കേന്ദ്ര സർക്കാരിന്റെ നടപടികളെ റിപ്പോർട്ടിൽ ശ്ലാഘിക്കുന്നു.
ദുരിതാശ്വാസ വിതരണവും വാക്സിൻ യജ്ഞവും ജനങ്ങളുടെ ജീവൻ സംരക്ഷിച്ചു.ഇത് കൊവിഡ് കാലത്തും തുടർന്നും രാജ്യത്തെ സാമ്പത്തിക നില ഭദ്രമാക്കാൻ സഹായിച്ചു. അതിശയകരമായിരുന്നു ഇന്ത്യയുടെ വാക്സിൻ വിതരണം. വാക്സിനേഷൻ കാമ്പയിനിലൂടെ ഒന്നേകാൽ ലക്ഷം കോടി രൂപയുടെ ലാഭമുണ്ടാക്കി.
പഠന റിപ്പോർട്ട് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ പ്രകാശനം ചെയ്തു. ലോകാരോഗ്യ സംഘടന 2020 ജനുവരിയിൽ സ്വീകരിച്ച നടപടികൾ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ മുഴുവൻ ഭരണ സംവിധാനങ്ങളുടെയും ഏകോപനത്തിൽ നടപ്പാക്കിയതായും ആ നടപടികളാണ് കൊവിഡിനെ പ്രതിരോധിച്ചതെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |