എടച്ചേരി: എടച്ചേരിയിലെ രാമകൃഷ്ണ ട്രെഡേഴ്സ് മലഞ്ചരക്ക് കടയിൽ മോഷണം. 65 കിലോ അടക്കമോഷ്ടിച്ചു. കടയുടെ പൂട്ട് പൊട്ടിച്ച് അകത്ത് കടന്ന കള്ളൻ രണ്ട് പ്ലാസ്റ്റിക് വട്ടയിൽ സൂക്ഷിച്ചിരുന്ന 65 കിലോ അടക്കയാണ് മോഷ്ടിച്ചത്. ഏതാണ്ട് 30000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് മോഷണം നടന്നത് .രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് പൂട്ട് പൊളിച്ചത് ശ്രദ്ധയിൽ പെട്ടത്. കടയുടെ സമീപത്തെ വീട്ടിൽ നിന്നും മോഷ്ടിച്ച കമ്പിപ്പാരയും ഇരുമ്പ് മുട്ടിയും ഉപയോഗിച്ചാണ് പൂട്ട് തകർത്തതെന്ന് കരുതുന്നു. പ്ലാസ്റ്റിക് വട്ടയും പൂട്ട് തകർക്കാൻ ഉപയോഗിച്ച ആയുധങ്ങളും കടയുടെ പുറക് വശത്ത് കണ്ടെത്തി. എടച്ചേരി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ ദിവസം എടച്ചേരി ഇരിങ്ങണ്ണൂർ റോഡിലെ സ്വകാര്യ വ്യക്തിയുടെ വീട്ടിൽ നിന്നും ഒരു ചാക്ക് പഴുത്ത അടക്ക മോഷണം പോയിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് എടച്ചേരി പുതിയങ്ങാടി ടൗണിലെ മലഞ്ചരക്ക് കടയിലും മോഷണം നടന്നത്. വടകരയിൽ നിന്നും വന്ന വിരലടയാള വിദഗ്ധരും പേരാമ്പ്ര നിന്നും വന്ന ഡോഗ് സ്ക്വാഡും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. എടച്ചേരി എസ്.ഐ ആന്റണി ഡിക്രൂസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |