രണ്ട് ബസ് വാങ്ങാൻ കെ.എസ്.ആർ.ടി.സി
തിരുവനന്തപുരം: ഉല്ലാസ സവാരിക്കായി രണ്ട് എ.സി ഡബിൾ ഡക്കർ ഇലക്ട്രിക് ബസ് കെ.എസ്.ആർ.ടി.സി താമസിയാതെ നിരത്തിലിറക്കും. ഇ ടെൻഡർ നൽകിക്കഴിഞ്ഞു. ആദ്യം തലസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാവും സർവീസ്. 1.75 കോടി രൂപയാണ് ഒന്നിന്റെ വില.
ബസുകളിലൊന്നിന്റെ മുകൾ നില ഓപ്പണാണ്. ഇത് ജന്മദിനം പോലുള്ള ആഘോഷങ്ങൾക്കും വിട്ടുനൽകും. ഭക്ഷണവും എത്തിച്ചു നൽകും.
രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് ഡബിൾ ഡക്കർ ബസ് മുംബയിൽ ഈ മാസം 14ന് ഓടിത്തുടങ്ങിയിരുന്നു. കന്നിയാത്രയിൽ കെ.എസ്.ആർ.ടി.സി എം.ഡി ബിജു പ്രഭാകറും പങ്കെടുത്തു. ബസിന്റെ പ്രവർത്തനം മനസിലാക്കിയ ശേഷമാണ് വാങ്ങാൻ തീരുമാനിച്ചത്. ഹൈദരാബാദ് മെട്രോപൊളിറ്റൻ അതോറിട്ടിയും ഇവ വാങ്ങുന്നുണ്ട്.
മുംബയിൽ ഛത്രപതി ശിവജി ടെർമിനസിൽ നിന്ന് ചർച്ച്‌ഗേറ്റ് വഴി നരിമാൻ പോയിന്റിലെ എൻ.സി.പി.എയിലേക്കും തിരിച്ചുമാണ് തിങ്കൾ മുതൽ വെള്ളി വരെ ഓട്ടം. ശനി, ഞായർ ദിവസങ്ങളിൽ വിനോദസഞ്ചാരികൾക്കായി ദക്ഷിണ മുംബയിലെ പ്രധാന സ്ഥലങ്ങളിലേക്ക് ഓടും. സി.എസ്.ടി.യിൽ നിന്ന് നരിമാൻ പോയിന്റിലേക്കുള്ള അഞ്ചു കിലോമീറ്ററിന് ആറു രൂപയാണ് ടിക്കറ്റ്. വിനോദയാത്രയ്ക്ക് മുകൾ നിലയിൽ 150 രൂപയും താഴെ 75 രൂപയും.
ഡിജിറ്റൽ ടിക്കറ്റ്
ഡിജിറ്റൽ ടിക്കറ്റ് മാത്രമാണ് ഇതിൽ ലഭിക്കുക. ക്യൂ.ആർ കോഡ് സംവിധാനം ഏർപ്പെടുത്താനാണ് കെ.എസ്.ആർ.ടി.സി ആലോചിക്കുന്നത്.
ബസ് ഒന്നിന്
₹1.75 കോടി
സീറ്റുകൾ
78
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |