കോഴിക്കോട്: ഐ ലീഗ് ഫുട്ബാളിൽ സ്വന്തം മൈതാനത്ത് വിജയവഴിയിൽ തിരിച്ചെത്തി ഗോകുലം കേരള എഫ്.സി. കോഴിക്കോട് കോർപ്പറേഷൻ ഇ.എം.എസ് സ്റ്റേഡിയത്തിൽ കഴിഞ്ഞ മത്സരത്തിൽ റൗണ്ട് ഗ്ലാസ് പഞ്ചാബിനെതിരെ 1-2ന്റെ തോൽവി വഴങ്ങിയ ഗോകുലം എന്നാൽ ഇന്നലെ ഐസ്വാൾ എഫ്.സിയ്ക്കെതിരെ 3-0ന്റെ തകർപ്പൻ വിജയം സ്വന്തമാക്കി. സ്ട്രൈക്കർമാരായ രാഹുൽ രാജു, സെർജിയോ മെൻഡി ഇഗ്ലേഷ്യസ്, പകരക്കാരനായി ഇറങ്ങിയ ജിജോ ജോസ് എന്നിവരാണ് ഐസ്വാൾ വല കുലുക്കിയത്.
തുടക്കം മുതൽ ആക്രമണ ഫുട്ബോൾ കളിച്ച ഗോകുലത്തിനായി 35ാം മിനിട്ടിൽ രാഹുൽ രാജു ആദ്യ ഗോൾ നേടി. പി.എൻ. നൗഫലിന്റെ മികച്ച ക്രോസ് ഐസ്വാൾ പ്രതിരോധ നിര തട്ടിത്തെറിപ്പിച്ചെങ്കിലും പന്തെത്തിയത് രാഹുലിന്റെ കാലിൽ. തകർപ്പൻ ഷോട്ടിലൂടെ രാഹുൽ രാജു പന്ത് വലയിലെത്തിച്ചു. 57ാം മിനിട്ടിൽ സ്പാനിഷ് സ്ട്രൈക്കർ സെർജിയോ മെൻഡി ഇഗ്ലേഷ്യസ് രണ്ടാം ഗോൾ നേടി. നൗഫലിന്റെ അസിസ്റ്റിൽ നിന്നായിരുന്നു ഗോൾ. പകരക്കാരനായി ഇറങ്ങിയ ജോബി ജസ്റ്റിന്റെ മികച്ച പാസിൽ നിന്നായിരുന്നു 90ാം മിനിട്ടിൽ ജിജോ ജോസ് ഗോകുലത്തിന്റെ ഗോൾപട്ടിക പൂർത്തിയാക്കിയത്. മത്സരത്തിൽ നിരവധി ഗോൾ അവസരങ്ങൾ ഗോകുലം സൃഷ്ടിച്ചു. മറുവശത്ത് ഐസ്വാളും നല്ലമുന്നേറ്റങ്ങൾ നടത്തിയെങ്കിലും അവയൊന്നും ഗോളാക്കി മാറ്രാൻ അവർക്കായില്ല. 97-ാം മിനിട്ടിൽ ലോംഗ് വിസിലിന് തൊട്ടുമുൻപ് അവരുടെ കെ.സി ലാർച്ചുവാക്ക്മവിയ ചുവപ്പ് കാർഡ് കണ്ട് പുറത്തായി.
19 കളികളിൽ നിന്ന് പത്ത് വിജയവും മൂന്ന് സമനിലയും ആറ് തോൽവിയുമുള്ള ഗോകുലം 33 പോയിന്റോടെ പട്ടികയിൽ മൂന്നാമതാണ്. 19 കളികളിൽ നിന്ന് 23 പോയിന്റുള്ള ഐസ്വാൾ ഏഴാം സ്ഥാനത്താണ്. 19 കളികളിൽ നിന്ന് 40 പോയിന്റുള്ള ശ്രീനിധി ഡെക്കാനാണ് പോയന്റ് പട്ടികയിൽ ഒന്നാമത്. 18 കളികളിൽ 40 റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ്.സിയാണ് രണ്ടാമത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |