കൊച്ചി: സീസണിലെ തുടർ തോൽവികൾക്കൊടുവിൽ കേരള ഡർബിയിൽ വിജയമധുരം നുകർന്ന് കൊച്ചി ബ്ലൂ സ്പൈക്കേഴ്സ്. കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പ്രൈം വോളി അവസാനപാദ മത്സരങ്ങളുടെ രണ്ടാം പോരാട്ടത്തിൽ കാലിക്കറ്റ് ഹീറോസിനെ 3-2ന് തകർത്തു. സ്കോർ. 15-13, 14-15, 12-15, 15-7, 15-11. കളം നിറഞ്ഞ് കളിച്ച കൊച്ചിയുടെ എറിൻ വർഗീസ് കളിയിലെ താരമായി. തോൽവിയോടെ പോയിന്റ് ടേബിളിൽ മുന്നിലെത്താനുളള അവസരം ഹീറോസിന് കളഞ്ഞുകുളിച്ചു. കൊച്ചിയുടെ സെമി സാദ്ധ്യതകൾ നേരത്തേ അവസാനിച്ചിരുന്നു. സീസണിൽ കൊച്ചിയുടെ ആദ്യ ജയമാണിത്.
കാലിക്കറ്റ് നായകൻ ജെറോം വിനീതിന്റെയും മിഡിൽ ബ്ലോക്കർ ഷഫീക്ക് റഹ്മാന്റെയും മൂർച്ചയേറിയ സ്മാഷുകളിൽ പതറിയെങ്കിലും ബി.എസ്. അഭിനവിന്റെ കരുത്തിൽ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് ആദ്യ സെറ്റ് സ്വന്തമാക്കി. കാലിക്കറ്റിനായി മാറ്റ് ഹില്ലിംഗും എം. അശ്വിനും പോയിന്റുകൾ കണ്ടെത്തിയെങ്കിലും അവസാന നിമിഷത്തെ പിഴവുകൾ ബ്ലൂ സ്‌പൈക്കേഴ്‌സ് മുതലെടുക്കുകയായിരുന്നു. 15-13.
രണ്ടാം സെറ്റിലും ആദിപത്യം ഉറപ്പിക്കാനുള്ള ബ്ലൂ സ്‌പൈക്കേഴ്‌സിന്റെ തന്ത്രങ്ങളെല്ലാം കാലിക്കറ്റ് സമർദ്ധമായി പൊളിച്ചു. തുടക്കം മുതൽ സ്മാഷുകളിൽ കരുത്തുകാട്ടി ജെറോമും ഷഫീക്കും കാലിക്കറ്റിന് മേൽക്കൈ നേടിക്കൊടുത്തു. ബ്ലൂ സ്‌പൈക്കേഴ്‌സ് അറ്റാക്കർ എറിൻ വർഗീസും ഹിറ്റർ ശുഭവും മത്സരം 14-14 എത്തിച്ചെങ്കിലും ജെറോമിന്റെ കരുത്തിൽ കാലിക്കറ്റ് സെറ്റ് പിടിച്ചെടുത്തക്കുകയായിരുന്നു. സ്‌കോർ 14-15
ജിബി സെബാസ്റ്റിയനിലൂടെ പോയിന്റ് നേടി തുടങ്ങിയ ബ്ലൂ സ്‌പൈക്കേഴ്‌സിന് ഈ ആദിപത്യം മൂന്നാം സെറ്റിൽ നിലനിറുത്താനായില്ല. ജെറോമിന്റെയും അശ്വിന്റെയും തുടരെ തുടരെയുള്ള സ്മാഷുകൾ കൊച്ചിയെ വിറപ്പിച്ചു. പോയിന്റുകൾ ഒന്നൊന്നായി സ്വന്തമാക്കിയ കാലിക്കറ്റിന് സർവീസുകൾ പലതും പിഴച്ചെങ്കിലും ബ്ലൂ സ്‌പൈക്കേഴ്‌സിന് ഇതൊന്നും മുതലെടുക്കാനായില്ല. മാറ്റ് ഹില്ലിംഗും ക്യൂബൻ ബ്ലോക്കർ ജോസ് സാൻഡോവലും കളിമെച്ചപ്പെടുത്തിയതോടെ മൂന്നാം സെറ്റിലും കാലിക്കറ്റ് കൈപ്പിടിയിലൊതുക്കി. സ്‌കോർ 12-15.
ശുഭം എറിൻ കൂട്ടുകെട്ടിൽ മുന്നേറിയ ബ്ലൂ സ്‌പൈക്കേഴ്‌സ് നാലാം സെറ്റ് അനായാസം തിരിച്ചുപിടിച്ചു. അക്കാക്കർ അശ്വിൻ രാഗിന്റെയും ബി.എസ് അഭിനവിന്റെയും സ്മാഷുകളെ തടയാൻ കാലിക്കറ്റിനായില്ല. ജെറോമിലൂടെ മത്സരം തിരിച്ചുപിടിക്കാനുള്ള നീക്കവും വിഫലമായി. സാൻഡോവലിന്റെ സർവീസുകളും പാളിയത് തരിച്ചടിയായി. സ്‌കോർ 15-7.
ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് വിജയ സെറ്റ് ബ്ലൂ സ്‌പൈക്കേഴ്‌സ് പിടിച്ചെടുത്തത്. ശുഭവും അശ്വിനും കളം നിറഞ്ഞതോടെ സ്‌പൈക്കേഴ്‌സ് ആദിപത്യം ഉറപ്പിച്ചു. ജെറോമും എം. അശ്വിനും ആത്മവിശ്വാസത്തോടെ നിലയുറപ്പിച്ചതോടെ പോയിന്റെ ഒപ്പത്തിനൊപ്പം. പരിക്കേറ്റ സാൻഡവല്ലിന്റെ സർവീസുകൾ പഴച്ചതും സൂപ്പർ പോയിന്റ് നേട്ടവുമാണ് സ്വന്തം തട്ടകത്തിൽ കൊച്ചിക്ക് വിജയമധുരം സമ്മാനിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |