നാഗർകോവിൽ: മണ്ടയ്ക്കാടിൽ കടലിൽ നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തി. മാർത്താണ്ഡം മാമ്മുട്ടുക്കട സ്വദേശി മേൽബിന്റെ ഭാര്യ ശശികലയുടെ (32) മൃതദേഹമാണ് കടലിൽ നിന്ന് കണ്ടെടുത്തത്. കാണാതായ മെർജിത്ത് എന്ന മൂന്നരവയസുള്ള ഇവരുടെ മകനായി കടലിൽ തെരച്ചിൽ ആരംഭിച്ചു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
ഭർതൃമാതാവിനെ വീട്ടിലാക്കി കുഞ്ഞുമായി പരിചയക്കാരന്റെ ഓട്ടോയിൽ പുറത്തേക്ക് പോയ ശശികല കടയിൽ നിന്ന് ബിരിയാണി വാങ്ങി മണ്ടയ്ക്കാടിന് അടുത്തുള്ള വെട്ടുമട കടൽക്കരയിലെത്തി കഴിച്ചു. ശേഷം ഓട്ടോക്കാരനോട് കൈകഴുകാൻ പോകുന്നെന്നു പറഞ്ഞ് മെർജിത്തുമായി ശശികല പോവുകയായിരുന്നു. ഏറെനേരം കഴിഞ്ഞും ശശികലയും കുഞ്ഞും തിരികെ വരാതായതോടെ സംശയം തോന്നിയ ഓട്ടോഡ്രൈവർ പ്രദേശത്തുള്ള ഒരാളുടെ സഹായത്തോടെ നടത്തിയ തെരിച്ചിലിൽ ശശികല കടലിൽ മുങ്ങിത്താഴുന്നതാണ് കണ്ടത്. പ്രദേശവാസി ശശികലയെ കരയ്ക്കെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടിയെ കണ്ടെത്താനും സാധിച്ചില്ല.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ മറൈൻ പൊലീസ് ഉദ്യോഗസ്ഥർ ശശികലയുടെ മൃതദേഹം കൈപ്പറ്റി ഇൻക്വസ്റ്റിനായി നഗർകോവിൽ ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ പൊലീസ് കുഞ്ഞിനായുള്ള തെരച്ചിൽ കടലിൽ ഊർജ്ജിതമാക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |