SignIn
Kerala Kaumudi Online
Thursday, 18 April 2024 6.31 AM IST

മുഖ്യമന്ത്രി കുഴൽനാടനോട് കൊരുത്തപ്പോൾ

photo

പഴയ വിജയനല്ലാത്തതിനാൽ പലതിനും മറുപടി പറയാൻ കഴിയാത്തതിന്റെ പരിമിതി തിങ്കളാഴ്ച പ്രതിപക്ഷനേതാവിനോട് പ്രകടമാക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ തൊട്ടുപിറ്റേന്ന് തന്നെ ആ പരിമിതിയിൽ നിന്ന് പുറത്തുകടക്കുന്നത് സഭ കോരിത്തരിപ്പോടെ കണ്ടു. അദ്ദേഹത്തിൽ നിന്ന് പഴയ വിജയൻ പലതവണ പുറത്തുചാടി. സാഹചര്യങ്ങളുടെ സമ്മർദ്ദം വില്ലനായതാണ്. മാത്യു കുഴൽനാടനായിരുന്നു എല്ലാറ്റിനും കാരണഭൂതൻ.

ലൈഫ് മിഷൻ കോഴക്കേസിൽ എം. ശിവശങ്കറിന്റെ അറസ്റ്റും തുടർസംഭവവികാസങ്ങളുമൊക്കെ പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസായി കൊണ്ടുവരുമ്പോൾ ആരും ഇത്രയും പുകിൽ പ്രതീക്ഷിച്ചിരിക്കില്ല. മാത്യു കുഴൽനാടനാണ് ശൂന്യവേളയിൽ പ്രമേയനോട്ടീസ് നൽകി സംസാരിച്ചത്. ഇ.ഡി കോടതിയിൽ കൊടുത്ത റിമാൻഡ് റിപ്പോർട്ടും അതിലുൾപ്പെടുത്തിയ എം. ശിവശങ്കറിന്റെ വാട്സാപ്പ് ചാറ്റുമൊക്കെ കുഴൽനാടൻ വായിച്ച് പ്രകോപിപ്പിച്ചു. മുഖ്യമന്ത്രിയിൽ രോഷം തിളച്ചുമറിഞ്ഞു. വായിക്കുന്നതെല്ലാം കള്ളമെന്ന് അദ്ദേഹം വ്യക്തമാക്കി.

" അടിസ്ഥാനരഹിതമായ കാര്യം ഇ.ഡി ഫയൽ ചെയ്തെങ്കിൽ അങ്ങ് കോടതിയെ സമീപിക്കണം "- മാത്യു കുഴൽനാടൻ.

"എന്നോട് ചോദിച്ചതിന് മറുപടി ഞാൻ പറഞ്ഞു. നിങ്ങൾ ആ ഏജൻസിയുടെ വക്കാലത്തുമായി വന്നതാണെങ്കിൽ അത് കൈയിൽ വച്ചാൽ മതി"- മുഖ്യമന്ത്രി.

" കള്ളമാണെന്ന് അങ്ങേയ്ക്ക് ഉറപ്പുണ്ടെങ്കിൽ കോടതിയിൽ ചലഞ്ച് ചെയ്യണം "- കുഴൽനാടൻ.

" അത്തരം കാര്യങ്ങളിൽ എന്ത് വേണമെന്ന് ഉപദേശം തേടാൻ എനിക്ക് ഇദ്ദേഹത്തെ പോലൊരാളെ സമീപിക്കേണ്ട കാര്യമില്ല "- മുഖ്യമന്ത്രി.

മുഖ്യമന്ത്രിയുടെ രോഷാഗ്നിയിൽ നിന്നുയർന്ന താപനില ഭരണപക്ഷബെഞ്ചിനെയാകെ പൊള്ളിച്ചു. അവർ കോപാക്രാന്തരായി കുഴൽനാടനോട് കയർത്തു. കുഴൽനാടൻ വിടാൻ ഭാവമില്ലായിരുന്നു.

റിമാൻഡ് റിപ്പോർട്ടിനെ നിങ്ങൾ അംഗീകരിച്ചതായി സാക്ഷ്യപ്പെടുത്തി സഭയുടെ മേശപ്പുറത്ത് വയ്ക്കുമോ എന്ന് മന്ത്രി പി. രാജീവിന്റെ ചോദ്യം അസ്ഥാനത്തായെന്ന് തോന്നുന്നു. വയ്ക്കാമെന്നായി കുഴൽനാടൻ. ഇ.ഡിയുടെ വക്കാലത്തേറ്റെടുത്താണ് ഇവിടെ സംസാരിക്കുന്നതെന്ന് രാജീവ് ഉടൻ തിരിച്ചടിച്ചു. കോടതിയിൽവച്ച റിമാൻഡ് റിപ്പോർട്ട് സഭയിൽ ചർച്ചചെയ്യാൻ പാടില്ലെന്ന തുറുപ്പുചീട്ട് 'അടിയന്തര സാഹചര്യം' കണക്കിലെടുത്ത് മന്ത്രിക്ക് പുറത്തെടുക്കേണ്ടി വന്നു. ഭരണപക്ഷ അംഗങ്ങളാകെ നടുത്തളത്തിനടുത്തേക്ക് കുതിച്ചെത്തി പ്രതിപക്ഷത്തോട് രൂക്ഷമായി കയർത്തതോടെ സഭ പ്രക്ഷുബ്ധമായി. 10.30ന് സഭ തത്‌‌കാലത്തേക്ക് നിറുത്തിവച്ചു.

15 മിനിറ്റ് കഴിഞ്ഞ് പുനരാരംഭിച്ചപ്പോൾ കോടതി മുമ്പാകെ നിൽക്കുന്ന വിഷയമുന്നയിക്കാൻ പറ്റില്ലെന്ന് സ്പീക്കർ എ.എൻ. ഷംസീർ വ്യക്തമാക്കി. രമേശ് ചെന്നിത്തല തർക്കിക്കാൻ നോക്കി. "സോറി ടു സേ, അനുവദിക്കാൻ നിർവാഹമില്ല"- സ്പീക്കർ തീർത്തുപറഞ്ഞു. അഭ്യൂഹങ്ങൾ, വ്യാജോക്തികൾ, അപകീർത്തികരമായ പ്രസ്താവനകൾ തുടങ്ങിയവയൊന്നും അടിയന്തരപ്രമേയത്തിൽ പാടില്ലെന്ന ചട്ടമുദ്ധരിച്ച മുഖ്യമന്ത്രി, ഇവിടെ എന്തും പറയാമെന്ന നിലയായെന്ന് രോഷാകുലനായി. അങ്ങ് ഇത് കേൾക്കുന്നുണ്ടാകുമെന്ന് കരുതുന്നു എന്ന് സ്പീക്കറെ ഓർമ്മിപ്പിക്കുമ്പോലെ പറഞ്ഞുനിറുത്തി.

" എന്നെ ജനം തിരഞ്ഞെടുത്തത് നിങ്ങൾ ആഗ്രഹിക്കുന്നത് പറയാനല്ല. വ്യാജോക്തി എന്താണ് ഞാൻ പറഞ്ഞത്. എന്ത് ദുരാരോപണമാണ് ഉന്നയിച്ചത്. പറയാനുള്ളത് പറഞ്ഞിട്ടേ പോവൂ "- വീണ്ടും കുഴൽനാടൻ.

ഭരണപക്ഷത്തിന്റെ രോഷം കുഴൽനാടന് മേൽ ആഞ്ഞാഞ്ഞ് പതിച്ചു. കുഴൽനാടൻ ഒരുവിധം പറഞ്ഞവസാനിപ്പിച്ചു.

കോൺഗ്രസിന്റെ റായ്പൂർ പ്ലീനറിയിലെ രാഷ്ട്രീയപ്രമേയത്തിൽ തള്ളിപ്പറഞ്ഞ ഇ.ഡിക്ക് വേണ്ടി വാദിക്കാൻ അങ്ങേയ്ക്ക് മാത്രമേ കഴിയൂ എന്നാണ് മന്ത്രി എം.ബി. രാജേഷിന് കുഴൽനാടനോട് പറയാൻ തോന്നിയത്. കേരളത്തിൽ വന്നാൽ കോൺഗ്രസിനെ നയിക്കുന്നത് മോദിയും ഇ.ഡിയുമാണെന്ന് അദ്ദേഹം ആക്ഷേപിച്ചു. ഒന്നിലധികം കേന്ദ്ര ഏജൻസികൾ വന്ന് സ്വർണക്കടത്ത് കേസന്വേഷിക്കാൻ മോദിക്ക് മുഖ്യമന്ത്രി അയച്ച കത്ത് വായിച്ച് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ മന്ത്രിക്ക് മറുപടി നൽകി. ലൈഫ് മിഷനിൽ നിന്ന് പ്ലീനറിയിലേക്ക് പോയ മന്ത്രിയുടെ അടവിനെ 'ബീറ്റിങ് എറൗണ്ട് ദ ബുഷ്' ആയി അദ്ദേഹം വ്യാഖ്യാനിച്ചു.

കുറ്റപത്രം കൊടുത്തിട്ടില്ലാത്ത കേസിൽ റിമാൻഡ് റിപ്പോർട്ടിലെ പരാമർശങ്ങൾ സഭയിലുദ്ധരിക്കുന്നത് ചട്ടവിരുദ്ധമല്ലെന്നാണ് പ്രതിപക്ഷനേതാവിന്റെ വാദം. ഈ കേസിലെ മദനകാമരാജൻ കഥകളൊന്നും പറയാൻ തങ്ങൾക്ക് താത്‌പര്യമില്ലെന്ന് അദ്ദേഹം പറഞ്ഞത്, പുറത്ത് പ്രചരിക്കുന്ന പല വാട്സാപ്പ് ചാറ്റുകളെയും ലക്ഷ്യമിട്ടാണ്. പ്രസംഗത്തിനൊടുവിൽ വാക്കൗട്ടിൽ പ്രതിപക്ഷം കാര്യങ്ങളവസാനിച്ചതോടെ മലപോലെ വന്നത് മഞ്ഞ് പോലെയായി.

സംസ്ഥാന ഭരണത്തലവന്മാർ, മന്ത്രിമാർ, ആസ്ഥാന ഉദ്യോഗസ്ഥർ, നീതിന്യായ നിർവഹണം എന്നീ ധനാഭ്യർത്ഥകളിന്മേലുള്ള ചർച്ചയായിരുന്നു. കോൺഗ്രസിന്റെ റായ്‌പൂർ പ്ലീനറിയെപ്പറ്റിയുള്ള ഖണ്ഡനവിമർശത്തിന് കിട്ടിയ സമയം വിനിയോഗിക്കാൻ ഭരണകക്ഷിക്കാർ പരമാവധി ശ്രമിച്ചു.

ഈ സർക്കാർ പാളം തെറ്റിയോടുന്നതായി പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. ഒരു പാളവും തെറ്റിയിട്ടില്ലെന്നും ശരിയായ റെയിലിലൂടെയാണ് സർക്കാർ ഓടുന്നതെന്നും മുഖ്യമന്ത്രി അദ്ദേഹത്തെ തിരുത്തി. ന്യൂയോർക്കിൽ നിന്നുവന്നൊരു കുട്ടി തൃശൂർ- പാലക്കാട് റോഡ് കണ്ട് ന്യൂയോർക്കിനേക്കാൾ നല്ല റോഡ് എന്ന് പ്രകീർത്തിച്ച കഥ പ്രതിപക്ഷത്തിന് മുഖ്യമന്ത്രി പറഞ്ഞുകൊടുത്തു. അവരത് കേട്ടോ എന്തോ!

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NIYAMASABHA
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.