പാലക്കാട്: നഗരത്തിലെ പ്രശസ്തമായ മണപ്പുള്ളിക്കാവ് വേല ഇന്ന് ആഘോഷിക്കും. കിഴക്കേ യാക്കര മണപ്പുള്ളി ഭഗവതി ക്ഷേത്രം, പടിഞ്ഞാറെ യാക്കര മണപ്പുള്ളി ഭഗവതി വേല, കൊപ്പം മണപ്പുള്ളി ഭഗവതി വേല, മുട്ടിക്കുളങ്ങര- വടക്കന്തറ- കള്ളിക്കാട് ദേശവേലകൾ ഒത്തുചേരുന്നതാണ് മണപ്പുള്ളിക്കാവ് വേല. രാവിലെ പൂജകൾക്കും കാഴ്ചശീവേലിക്കും ശേഷം വൈകിട്ട് ദേശവേലകൾ കോട്ടമൈതാനത്തേക്ക് എഴുന്നള്ളും.
കിഴക്കേ യാക്കര ദേശം കോട്ടമൈതാനത്ത് എത്തി കോട്ടയ്ക്ക് മുന്നിൽ കിഴക്കോട്ട് അഭിമുഖമായി നിൽക്കും. പടിഞ്ഞാറെ യാക്കര, കൊപ്പം, മുട്ടിക്കുളങ്ങര- വടക്കന്തറ- കള്ളിക്കാട് ദേശവേലകൾ കോട്ടമൈതാനത്തെത്തി സംഗമിച്ച് പടിഞ്ഞാറേക്ക് അഭിമുഖമായി നിരന്ന് പഞ്ചവാദ്യം അരങ്ങേറും. തുടർന്ന് കൊപ്പം വേല തിരിച്ചെഴുന്നള്ളും. വടക്കന്തറ- മുട്ടിക്കുളങ്ങര- കള്ളിക്കാട് വേല പടിഞ്ഞാറെ യാക്കര വേലയോടൊപ്പം എഴുന്നെള്ളി യാക്കര വിശ്വേശ്വര ക്ഷേത്രത്തിലെത്തി ദേവനെ വണങ്ങിയ ശേഷം തിരിച്ചെഴുന്നള്ളും.
ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെയും സർക്കാരിന്റെയും മാനദണ്ഡം പൂർണ്ണമായും പാലിച്ചാണ് ഉത്സവ നടത്തിപ്പെന്ന് ഭാരവാഹികൾ അറിയിച്ചു. വേലയ്ക്കെത്തുന്നവരുടെ സുരക്ഷയ്ക്കായി വേണ്ടത്ര പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വേലയ്ക്ക് കൊടിയിറങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |