SignIn
Kerala Kaumudi Online
Friday, 19 April 2024 7.50 PM IST

എല്ലാമറിയുന്ന അമ്മ

opinion

കഷ്ടപ്പാടുകൾ നിറഞ്ഞ രാഷ്ട്രീയത്തിൽ നിന്നു വിരമിക്കാൻ സോണിയ ഗാന്ധിജി തീരുമാനിച്ചെങ്കിലും ''അയ്യോ അമ്മേ പോകല്ലേ, അയ്യോ അമ്മേ പോകല്ലേ"" എന്നു പറഞ്ഞ് സകല കോൺഗ്രസുകാരും പൊട്ടിക്കരഞ്ഞത് വലിയ ഭാഗ്യായി. അമ്മ മനസ് ഒരിത്തിരി അയഞ്ഞ മട്ടാണ്. 'വിടില്ല ഞങ്ങൾ" എന്നു മുതിർന്ന നേതാക്കളും പ്രഖ്യാപിച്ചാൽ എന്തുചെയ്യും. ഭാരതമക്കളുടെ ഹൃദയത്തിൽ അമ്മയേക്കാൾ സ്ഥാനം മറ്റാർക്കുണ്ട്!.

'ചിന്താവിഷ്ടയായ ശ്യാമള"യിൽ ശ്രീനിവാസൻ അവതരിപ്പിച്ച വിജയൻ മാഷിനോട് മക്കൾ കരഞ്ഞുപറഞ്ഞതു പോലെയല്ലേ ഇതെന്ന് ആരും തെറ്റിദ്ധരിക്കരുത്.
പിഞ്ചുഹൃദയമുള്ള കോൺഗ്രസുകാർ എങ്ങനെ കരയാതിരിക്കും. ശത്രുക്കളെയും സ്‌നേഹംകൊണ്ട് കീഴടക്കുന്ന ഹൈക്കമാൻഡ് അമ്മയെയും മക്കളെയും കൈവിട്ടാൽ ഇന്ത്യയുടെ ഭാവി, താമരവള്ളിയിൽ കാൽ കുടുങ്ങുന്ന അവസ്ഥയിലാകുമെന്ന് അവർക്കറിയാം.
സോണിയാജി പാർട്ടിയെ കൈവിടുമോ എന്ന ആശങ്കയിൽ സ്റ്റിയറിംഗ് കമ്മിറ്റിയോഗത്തിൽ സകലരും പൊട്ടിക്കരയുകയും പരന്നൊഴുകിയ കണ്ണീരിൽ മുതിർന്ന നേതാക്കൾ തെന്നിവീഴുകയും ചെയ്‌തെന്നാണ് രഹസ്യവിവരം. എന്തായാലും കണ്ണീരിനും പ്രാർത്ഥനയ്ക്കും ഫലമുണ്ടായി. പ്രവർത്തക സമിതിയെന്നല്ല, ഒരു സമിതിയിലേക്കും തിരഞ്ഞെടുപ്പ് വേണ്ടെന്നു തീരുമാനിച്ച് എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു. സ്‌നേഹവും വിശ്വാസവും ഉള്ളിടത്ത് തിരഞ്ഞെടുപ്പ് ആവശ്യമില്ല. എല്ലാമറിയുന്ന ഹൈക്കമാൻഡുള്ളപ്പോൾ ലോക്കൽ കമാൻഡുകളുടെ ആവശ്യമില്ല. കമാൻഡ‌ർമാർ കൂടിയാൽ ചെലവും കുത്തിത്തിരിപ്പും കൂടുമെന്ന വലിയ കുഴപ്പം ഒഴിവാക്കാനുള്ള ഈ മുൻകരുതൽ കേഡർ പാർട്ടികൾ കണ്ടുപഠിക്കണം.
സ്മാർട്ട് വാഹനങ്ങൾ സ്റ്റിയറിംഗും ഡ്രൈവറും ഇല്ലാതെ ഓടുന്ന കാലത്ത് സൂപ്പർസ്മാർട്ട് പാർട്ടിയായ കോൺഗ്രസിന് സ്റ്റിയറിംഗ് കമ്മിറ്റി ഇല്ലാതെയും പ്രവർത്തിക്കാം. കേന്ദ്രീകൃത നിയന്ത്രണ സംവിധാനമുള്ളതിനാൽ ഡ്രൈവിംഗ് സീറ്റിൽ പ്രത്യക്ഷത്തിൽ ആളില്ലെങ്കിലും എല്ലാം കാണുന്നവർ സൗത്ത് ബ്ലോക്കിലെ പാർട്ടി ആസ്ഥാനത്തുണ്ട്.

പ്രായത്തിനൊപ്പം അറിവിന്റെ അളവ് ഉയരുമെന്ന സോഷ്യലിസ്റ്റ് ആശയത്തിന്റെ സാക്ഷാത്കാരമാണ് കോൺഗ്രസ് സമ്മേളനത്തിലുണ്ടായത്. മല്ലികാർജുൻ ഖാർഗയെ നേരത്തേ പാർട്ടി പ്രസിഡന്റാക്കിയതും അതുകൊണ്ടുമാത്രമാണ്. അതായത്, സൗന്ദര്യമോ പുസ്തകമെഴുത്തോ കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷ് പറയുന്നതോ അല്ല പ്രസിഡന്റാകാനുള്ള മാനദണ്ഡം. ഗാന്ധിയൻ ആദർശങ്ങൾ പിന്തുടരുന്ന ആളായിരിക്കണം. ഇങ്ങനെയുള്ള പ്രഗത്ഭരെ കണ്ടെത്തിയ ചരിത്രമുള്ള പാർട്ടിയാണ് കോൺഗ്രസെങ്കിൽ പ്രതിഭ പാട്ടീൽ എന്ന അത്യപൂർവ പ്രതിഭയെ രാഷ്ട്രപതി സ്ഥാനത്ത് അവരോധിച്ച് വനിതാശാക്തീകരണം പൂർണതയിൽ എത്തിച്ച രാഷ്ട്രമാതാവാണു സോണിയാജി എന്നു കൂടി തിരിച്ചറിയണം. രാഷ്ട്രപതിയുടെ ഒരു ജാഡയുമില്ലാത്ത പഞ്ചപാവമായിരുന്നു പ്രതിഭാജി. രാഷ്ട്രപതിയെന്ന നിലയിൽ മക്കളും കൊച്ചുമക്കളുമായി വിദേശരാജ്യങ്ങൾ സന്ദർശിക്കാൻ നിർബന്ധിതയാകുമ്പോൾ കുറച്ചുദിവസം കൂടുതൽ തങ്ങുന്നതായിരുന്നു അവരുടെ വലിയ മനസ്. ഇന്ത്യക്കാരൻ ജീവിക്കുന്ന ഓരോ നാടിന്റെയും മുക്കും മൂലയും കണ്ടെത്തി പ്രശ്‌നങ്ങൾ മനസിലാക്കാനുള്ള വ്യഗ്രത മറ്റൊരു രാഷ്ട്രപതിക്കും ഉണ്ടായിട്ടില്ല, ഇനി ഉണ്ടാവുകയുമില്ല. ആ രാജ്യങ്ങളിലെ ഭരണാധികാരികൾക്കും അതു ബോദ്ധ്യമായിരുന്നു. വിദേശ ഇന്ത്യക്കാരുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ സമയംപോലും നോക്കാതെ പ്രതിഭാജി സോണിയാജിയുടെ അരികിൽ എത്തിയിരുന്നു. അങ്ങനെ ഒരുപാട് കാര്യങ്ങൾക്കു പരിഹാരമുണ്ടാക്കിയെങ്കിലും അതൊന്നും വിളിച്ചുകൂവിയിട്ടില്ല. ചർച്ചയ്ക്കിടയിൽ അടുക്കളയിലേക്കോടി സോണിയാജിക്ക് ഇഷ്ടമുള്ള റൊട്ടിയും ദാലുകറിയും ബജിയും ബദാംഖീറുമെല്ലാം ഉണ്ടാക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. സോണിയാജിയുടെ പൊട്ട്, കൈയിലെ ചരട്, ഖദർ സാരി, ഇറ്റാലിയൻ ഹെയർബാൻഡ് എന്നിവയുടെ ഓരോ ദിവസത്തെയും കളർകോമ്പിനേഷൻ തീരുമാനിക്കുന്നതുവരെ പ്രതിഭാജിയാണെന്നായിരുന്നു മറ്റൊരു അരമന രഹസ്യം.
ഓരോ കാര്യവും പറഞ്ഞ് വിദേശരാജ്യങ്ങൾ സന്ദർശിച്ച് ഷോപ്പിംഗ് നടത്തുന്നതാണ് പ്രതിഭാജിയുടെ പ്രധാനകലാപരിപാടിയെന്നും സോണിയാജിക്ക് ഇഷ്ടമുള്ള ഹെയർ ഡൈ, ഇറ്റാലിയൻ ചെരിപ്പ്, ബാഗ്, പെർഫ്യൂം തുടങ്ങിയവ വാങ്ങിയാണ് മടങ്ങുന്നതെന്നും എതിരാളികൾ പ്രചരിപ്പിച്ചെങ്കിലും അതൊന്നും ഏറ്റില്ല. കോൺഗ്രസ് എന്താണെന്നും സോണിയാജി ആരെന്നും എല്ലാവർക്കും അറിയാം.

മഡ്രാസികൾ

അത്രപോര

വടക്കൻമാരെയും ദക്ഷിണേന്ത്യക്കാരായ മഡ്രാസികളെയും ഒരുമിച്ചുകൊണ്ടുപോകാൻ ഗാന്ധിജിയുടെ പിൻമുറക്കാർക്കേ പറ്റൂ. കോൺഗ്രസ് അനാഥമായ ഒരു ഘട്ടത്തിൽ നരസിംഹറാവുവിനെ പരീക്ഷിച്ചെങ്കിലും ആളത്ര പോരായിരുന്നു. പത്തുപന്ത്രണ്ട് ഭാഷകളറിയാമായിരുന്നെങ്കിലും കോൺഗ്രസ് ഭരണഘടനയുടെ ബാലപാഠം പോലും അറിയില്ലെന്നതായിരുന്നു റാവുജിയുടെ വലിയ കുറവ്. തീരുമാനങ്ങളെടുക്കും മുമ്പ് 'ഗാന്ധിയൻ" ആസ്ഥാനത്തെത്തി വേണ്ടപ്പെട്ടവരെ വായിച്ചുകേൾപ്പിച്ച് അനുമതി വാങ്ങണമെന്ന കാര്യമാണ് മറന്നത്. ആഗോളീകരണത്തിലും ഉദാരീകരണത്തിലും അധിഷ്ഠിതമായ സാമ്പത്തിക നയം ആവിഷ്‌കരിച്ചതും ചേരിചേരാനയത്തിൽ വിട്ടുവീഴ്ചചെയ്ത് അമേരിക്കയും ഇസ്രയേലുമായി കൂടുതൽ അടുത്തതുമെല്ലാം സോണിയാജിയുടെ ഐഡിയകളായിരുന്നുവെന്ന് പറയാനുള്ള പക്വതയും എളിമയും റാവുവിന് ഉണ്ടായിരുന്നില്ലെന്നത് വലിയൊരു കുറവായിരുന്നു. പ്രായാധിക്യമുള്ള റാവുജി ഒരുതവണ കൂടി പ്രധാനമന്ത്രിയാകുന്നത് രാഷ്ട്രക്ഷേമത്തെ ഗുരുതരമായി ബാധിക്കുമെന്ന് തിരിച്ചറിഞ്ഞ സോണിയാജി, അന്നത്തെ എ.ഐ.സി.സി പുലി അഹമ്മദ് പട്ടേൽ ഉൾപ്പെടെയുള്ളവരെ കളത്തിലിറക്കി പാലം വലിച്ചുവെന്നും മറ്റും കഥകളിറങ്ങിയെങ്കിലും ആരും വിശ്വസിച്ചിട്ടില്ല. 2004ൽ റാവു അന്തരിച്ചപ്പോൾ മൃതദേഹം എ.ഐ.സി.സി ഓഫീസിൽ പൊതുദർശനത്തിനു വയ്ക്കാൻ പോലും അനുവദിച്ചില്ലെന്നു പറഞ്ഞുനടക്കുന്ന മഹാപാപികളുമുണ്ട്. പ്രധാനമന്ത്രിപദം കൈവെള്ളയിൽ വച്ചുകൊടുത്തിട്ടും 'നോ... പ്ലീസ്...എന്നെ വെറുതെ വിടൂ" എന്നു തേങ്ങലോടെ പറഞ്ഞ ഒരേയൊരാളേ ചരിത്രത്തിലുള്ളൂ എന്ന് ഇവർക്കറിയില്ലല്ലോ!.

ഗർജിക്കുന്ന

ഖാർഗെജി

നരസിംഹറാവുവിന് പ്രായത്തിന്റെ അസ്‌ക്യത കൂടുതലായിരുന്നെങ്കിൽ കന്നഡക്കാരനായ മഡ്രാസിയും പാർട്ടിയുടെ ലേറ്റസ്റ്റ് പ്രസിഡന്റുമായ മല്ലികാർജുൻ ഖാർഗെയ്ക്ക് അങ്ങനെയൊരു പ്രശ്‌നമില്ലെന്നു മാത്രമല്ല, പ്രസംഗവേദികളിൽ ആളൊരു സിംഹവുമാണ്. ഒരുപാട് ഭാഷകൾ അറിയാത്തതിനാൽ കാടുകയറിയുള്ള വായനയും ചിന്തയും ഇല്ലെങ്കിലും പാർട്ടി ചട്ടങ്ങളെക്കുറിച്ചുള്ള അറിവുകൾ അപാരം. ലാളിത്യമാണ് മുഖമുദ്രയെങ്കിലും അതിന്റെ അഹങ്കാരം ലവലേശമില്ലതാനും.

പറഞ്ഞുകൊടുക്കുന്നത് അതുപോലെ പറയുമെന്നല്ലാതെ കൈയിൽനിന്ന് എന്തെങ്കിലുമിട്ട് കുളമാക്കുന്ന ഏർപ്പാടില്ല. കാലിനും നടുവിനും ഇത്തിരി വളവുണ്ടെങ്കിലും ഒട്ടും വേദനയില്ലാത്തതിനാൽ ഹൈക്കമാൻഡുകാർ വരുമ്പോൾ ചാടിയെഴുന്നേല്ക്കാൻ ഒരു ബുദ്ധിമുട്ടുമില്ല.
തന്ത്രപ്രധാന കാര്യങ്ങൾ ചർച്ചചെയ്യുന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ ഒറ്റയ്ക്കു തീരുമാനമെടുക്കാമെന്ന നിലയിലേക്കു വരെ ഖാർഗെജി വളർന്നുകഴിഞ്ഞു. അതുകൊണ്ടാണ് സോണിയജി, രാഹുൽജി, പ്രിയങ്കാജി എന്നിവർ യോഗത്തിൽ പങ്കെടുക്കാതിരുന്നത്. അദ്ദേഹത്തിന് സ്വതന്ത്രമായി തീരുമാനമെടുക്കാൻ അവസരമൊരുക്കുകയായിരുന്നെന്നാണ് ഇതേക്കുറിച്ച് സോണിയാജി പറഞ്ഞത്.
എന്തായാലും സോണിയാജിയുടെ കണക്കുകൂട്ടൽ പിഴച്ചില്ല. അടുത്തതവണ നൂറു മോദിമാരോ അമിത്ഷാമാരോ വന്നാലും ബി.ജെ.പിയെ നിലംപരിശാക്കുമെന്നാണ് ഖാർഗെജിയുടെ ഉഗ്രശപഥം. ബി.ജെ.പിക്ക് എന്തു പാരമ്പര്യമാണ് ഉള്ളതെന്ന ചോദ്യവും നിസ്സാരമല്ല. സ്വാതന്ത്ര്യ സമരത്തിൽ നൂറുകണക്കിന് കോൺഗ്രസുകാർ ബ്രിട്ടീഷുകാരുടെ വെടിയേറ്റ് മരിച്ചപ്പോൾ ഒറ്റ ബി.ജെ.പിക്കാരൻ പോലും മരിച്ചില്ലെന്ന വലിയ സത്യം അദ്ദേഹം വിളിച്ചുപറഞ്ഞപ്പോൾ മോദിയും അമിത്ഷായും നാണിച്ചു മുഖംകുനിച്ചുവെന്നാണ് റിപ്പോർട്ട്. ഇത്തരം കുറിക്കുകൊള്ളുന്ന ചോദ്യങ്ങൾ ചോദിക്കുന്നവരാണ് കോൺഗ്രസിൽ വേണ്ടത്. വളരെ നാളുകൾക്കു ശേഷം കോൺഗ്രസിൽ സിംഹഗർജനം ഉയർന്നു തുടങ്ങി.

അടിക്കു മുമ്പേ

അടിയൊഴുക്ക്
കാര്യങ്ങളുടെ ഇരിപ്പുവശം അനുസരിച്ച് കേരളത്തിൽ നിന്ന് രമേശ്ജി പ്രവർത്തകസമിതിയിൽ ഇടംപിടിക്കുമെന്നാണ് സൂചന. ഹിന്ദിയിലുള്ള പാണ്ഡിത്യം, ഖാർഗെജിയുമായുള്ള അടുപ്പം എന്നിവ ഗുണകരമാകും. എപ്പോഴും മാറിചിന്തിക്കുന്നയാളാണ് രമേശ്ജി. ഡൽഹിയിലെ കാലാവസ്ഥാമാറ്റം കണക്കിലെടുത്ത് പല കോൺഗ്രസ് എം.പിമാരും കേരളത്തിലേക്ക് കളം മാറാൻ ആലോചിക്കുമ്പോഴാണ് രമേശ്ജിയുടെ വടക്കൻനീക്കം. ഡൽഹിയിലുള്ളവർ കേരളത്തിലേക്കു വരുമ്പോൾ നാട്ടിൽ പിടിച്ചുനില്ക്കാൻ ഒരുപാട് അഭ്യാസങ്ങൾ വേണ്ടിവരുമെന്ന് പയറ്റിത്തെളിഞ്ഞ അദ്ദേഹത്തിനറിയാം. ബി.ജെ.പിക്കാർ മനസുവച്ചാൽ അടുത്തതവണയും കമ്യൂണിസ്റ്റുകാർ ഭരണംപിടിച്ചേക്കാം. ആരും കേൾക്കാതെ പോകുകയും രമേശ്ജി നന്നായി കേൾക്കുകയും ചെയ്ത ഒരു കാര്യം കൂടിയുണ്ട്. ഇടതുമുന്നണിയിലെ കേരള കോൺഗ്രസുകാർ ഒന്നിക്കണമെന്ന പിണറായി സഖാവിന്റെ ആഹ്വാനമാണത്. അതിനു പിന്നിലെ കെണി അത്ര ചെറുതല്ല. മാണികോൺഗ്രസിൽ ലൊട്ടുലൊടുക്ക് കക്ഷികളായ പിള്ളകോൺഗ്രസും ജനാധിപത്യ കേരളകോൺഗ്രസും ലയിക്കണമെന്നാണ് പറഞ്ഞതെന്നു പ്രത്യക്ഷത്തിൽ തോന്നാമെങ്കിലും യു.ഡി.എഫിലെ പി.ജെ കേരള കോൺഗ്രസാണ് ഉന്നം. പി.ജെ.ജോസഫ് പതിവുപോലെ എല്ലാമൊരു ചിരിയിലൊതുക്കിയെങ്കിലും ചില അടിയൊഴുക്കുകൾ ഉണ്ടായിക്കൂടെന്നില്ല. ആരുടെ കൂടെനിന്നാലും നാടിന്റെ നന്മയാണ് പ്രധാനമെന്നു വിശ്വസിക്കുന്ന പാർട്ടിയാണ് കേരള കോൺഗ്രസ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CONGRESS AND SONIA GANDHI
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.