പുനലൂർ: ചരിത്ര സ്മാരകമായ പുനലൂരിലെ തൂക്ക് പാലം വിനോദ സഞ്ചാരികൾക്ക് മുന്നിൽ അടച്ചിട്ടിരിക്കുകയാണ്. പാലത്തിന്റെ നവീകരണ ജോലികൾക്കായി മൂന്ന് മാസം മുമ്പ് താത്കാലികമായി അടച്ച് പൂട്ടിയത് കാരണം തൂക്ക് പാലത്തിന്റെ സൗന്ദര്യം കാണാനാകാതെ ടൂറിസ്റ്റുകൾ നിരാശയോടെ മടങ്ങുകയാണ്.
കഴിഞ്ഞ മാസം തുറക്കാമെന്ന് പറഞ്ഞെങ്കിലും
നവീകരണ ജോലികൾ പൂർത്തിയാക്കി തൂക്ക് പാലം കഴിഞ്ഞ മാസം ആദ്യം തുറന്ന് നൽകുമെന്ന് അധികൃതർ പറഞ്ഞെങ്കിലും നിർമ്മാണ ജോലികൾ അനന്തമായി നീണ്ടു പോകുകയാണ്.
പാലത്തിന്റെ ഉപരിതലത്തിൽ തകരാറിലായ തമ്പക പലകകൾ മാറ്റി പകരം സ്ഥാപിക്കുന്നതിനൊപ്പം പാലം തൂക്കിയിട്ടിരിക്കുന്ന ഉരുക്ക് ചങ്ങലകളും മറ്റും ചായം പൂശി മോടിപിടിപ്പിക്കൽ, കരിങ്കല്ലിൽ പണിത ആർച്ചുകളിൽ പടർന്ന് പിടിച്ച പായൽ മാറ്റൽ തുടങ്ങിയ നവീകരണ ജോലികളാണ് നടന്നുവരുന്നത്.
എം.എൽ.എ ഇടപെട്ട് നവീകരണം
സംസ്ഥാന പുരാവസ്തു വകുപ്പിന്റെ നിയന്ത്രണത്തിലാണ് തൂക്കുപാലം സ്ഥിതി ചെയ്യുന്നത്. 6 വർഷം മുമ്പ് 1 കോടിയിൽ അധികം രൂപ ചെലവഴിച്ച് നവീകരിച്ച തൂക്ക് പാലം വീണ്ടും നാശത്തിലേക്ക് നീങ്ങിയതിനെ തുടർന്ന് പി.എസ്.സുപാൽ എം.എൽ.എയുടെ ശ്രമ ഫലമായി 3 മാസം മുമ്പാണ് വീണ്ടും നവീകരണം ആരംഭിച്ചത്. തെന്മല ഇക്കോ ടൂറിസം മേഖലയടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാൻ ദിവസും നൂറ് കണക്കിന് ടൂറിസ്റ്റുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |