കളി ബഹിഷ്കരിച്ച് മടങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സിന് നെടുമ്പാശേരിയിൽ വമ്പൻ വരവേൽപ്പ്
നെടുമ്പാശേരി: ഐ.എസ്.എൽ പ്ലേ ഓഫിലെ ബെംഗളൂരു എഫ്.സിക്കെതിരായ മത്സരത്തിൽ റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് ബഹിഷ്കരണം നടത്തിയശേഷം കൊച്ചിയിൽ തിരിച്ചെത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന് നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വീകരണം. ഇന്നലെ ഉച്ചക്ക് 2.15ഓടെ ഗോ എയർ വിമാനത്തിലാണ് താരങ്ങൾ നെടുമ്പാശേരിയിലെത്തിയത്.
ആരാധകരുടെ നീണ്ട നിരയാണ് കോച്ച് ഇവാൻ വുകോമനോവിച്ചിനെയും താരങ്ങളെയും സ്വീകരിക്കാനെത്തിയത്.പരിശീലകൻ ഇവാൻ വുകമാനോവിചിന് ഒപ്പമാണ് തങ്ങളെന്ന് പറഞ്ഞെത്തിയ ആരാധകർ മഞ്ഞ ജേഴ്സിയണിഞ്ഞ് ആടിയും പാടിയും ടീമിനെ വരവേറ്റത്. വിവാദത്തെ കുറിച്ച് വുകോമനോവിച്ച് പ്രതികരിച്ചില്ല. എല്ലാം ക്ലബ്ബ് ഔദ്യോഗികമായി അറിയിക്കുമെന്നായിരുന്നു മറുപടി.
പ്രതികരിക്കാനില്ലെന്നാണ് നായകൻ അഡ്രിയാൻ ലൂണ പറഞ്ഞത്. നിരാശയുണ്ടെന്ന് മലയാളി താരം കെ.പി. രാഹുൽ പറഞ്ഞു.
വെള്ളിയാഴ്ച്ച രാത്രി ബംഗളൂരു എഫ്.സിയ്ക്കെതിരായ മത്സരം എക്‌സ്ട്രാ ടൈമിൽ എത്തിനിൽക്കേ ബ്ളാസ്റ്റേഴ്സ് താരങ്ങൾ തയ്യാറെടുക്കുംമുന്നേ സുനിൽ ഛെത്രി ഫ്രീകിക്കിൽ നിന്ന് ഗോൾ നേടിയതിനെ ത്തുടർന്നാണ് ബ്ലാസ്‌റ്റേഴ്‌സ് മത്സരം ബഹിഷ്‌കരിച്ചത്. വുകമാനോവിച്ച് തന്റെ താരങ്ങളെയും കൂട്ടി കളിക്കളം വിട്ടത് ഫുട്‌ബാൾ ലോകത്തെ ഞെട്ടിച്ചിരുന്നു. ടീമിന് സ്വീകരണം നൽകുമെന്ന് ബ്ലാസ്‌റ്റേഴ്‌സിന്റെ ഒൗദ്യോഗിക ആരാധകസംഘമായ മഞ്ഞപ്പട അറിയിച്ചതോടെയാണ് നെടുമ്പാശേരിയിൽ ആളുകൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |