കൊല്ലം: ട്രെയിൻ ഇരമ്പലും വൃദ്ധന്റെ നിലവിളിയും ഒരു നിമിഷം സ്തബ്ധനാക്കിയെങ്കിലും, ഒരൊറ്റക്കുതിപ്പിൽ അപരിചിതനായ വൃദ്ധനെ ജീവിത 'ട്രാക്കി"ലേക്ക് കൈപിടിച്ചുകയറ്റിയ സന്തോഷത്തിലാണ് പള്ളിമുക്ക് കാവൽപ്പുര ഹലിം അക്ബർ മൻസിലിൽ അബ്ദുൾ റഹ്മാൻ.
ഇന്നലെ പുലർച്ചെ നാലരയോടെ പള്ളിമുക്ക് കാവൽപ്പുര റെയിൽവെ ഗേറ്റിന് സമീപമായിരുന്നു സംഭവം. ഗേറ്റിന് സമീപം താമസിക്കുന്ന അബ്ദുൾ റഹ്മാൻ (72) ഭിന്നശേഷിക്കാരിയായ ഭാര്യയ്ക്ക് ചായ വാങ്ങാൻ പോയതായിരുന്നു. ഇതിനിടെ ചകിരിക്കടയ്ക്ക് സമീപത്തെ റെയിൽ പാളത്തിൽ വീണു. ഒന്ന് അനങ്ങാൻ പോലും കഴിഞ്ഞില്ല.
അബ്ദുൾ റഹ്മാൻ ചായ കുടിച്ചുകൊണ്ടിരിക്കെ കട ഉടമയായ ഷാജിയാണ് ട്രാക്കിലൂടെ നടന്ന ഒരാൾ വീഴുന്നത് കണ്ടതായി പറഞ്ഞത്. തിരിഞ്ഞുനോക്കുമ്പോൾ ദൂരെനിന്ന് ട്രെയിൻ ഇരമ്പം. പിന്നെ ഒന്നും ആലോചിച്ചില്ല, ട്രാക്കിലൂടെ ഓടിയെത്തി വൃദ്ധനെ പാളത്തിന് വെളിയിലേക്ക് വലിച്ചിട്ടു. ഒപ്പം ട്രെയിനും കടന്നുപോയി.
മരണ മുഖത്തുനിന്ന് രക്ഷപ്പെട്ട് ആകെ വിരണ്ട വൃദ്ധനെ ഷാജിയും അബ്ദുൾ റഹ്മാനും ചേർന്ന് സമാധാനിപ്പിച്ചു. വൃദ്ധൻ സ്വാഭാവിക മാനസിക നിലയിലേക്ക് എത്തിയ ശേഷമാണ് വീട്ടിലേയ്ക്ക് പറഞ്ഞയച്ചത്. ചായ വാങ്ങാൻ കൊണ്ടുവന്ന ഫ്ളാസ്ക് പൊട്ടിയതിനാൽ ഷാജി കുപ്പിയിലാണ് വീട്ടിലേയ്ക്കുള്ള ചായ കൊടുത്തുവിട്ടത്.
സി.പി.എം ചകിരിക്കട ബ്രാഞ്ച് അംഗം കൂടിയാണ് വൃദ്ധനെ രക്ഷപ്പെടുത്തിയ അബ്ദുൾ റഹ്മാൻ. പാചകവും കരി ഓയിൽ ബിസിനസുമാണ് ജോലി. വീട്ടിൽ ഉമ്മയും ഭാര്യയും രണ്ടു മക്കളും സഹോദരന്റെ കുടുംബവുമാണുള്ളത്.
അബ്‌ദുൾ റഹ്മാന്റെ ധീരതയുടെ വീഡിയോ മന്ത്രി വി.ശിവൻകുട്ടി സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |