SignIn
Kerala Kaumudi Online
Sunday, 31 August 2025 11.32 AM IST

തടയപ്പെടുന്ന അവയവദാനം

Increase Font Size Decrease Font Size Print Page

photo

ഒരു സംഭവത്തിൽ ആരോപണം ഉയരുമ്പോൾ ആ മേഖലയുമായി ബന്ധപ്പെട്ട നിയമങ്ങൾ കൂടുതൽ കർക്കശമാക്കാനാണ് സർക്കാർ ആദ്യം തുനിയുന്നത്. ഭക്ഷ്യവിഷബാധയായാലും കെട്ടിടനിർമ്മാണമായാലും പിൻവാതിൽ നിയമനമായാലും വിവാദം ഉയരുന്ന മുറയ്ക്ക് നിയമം കർശനമാക്കും. സംഭവത്തിന്റെ തീയും പുകയും പെട്ടെന്ന് കെടാൻ നിയമനിർമ്മാണം ഉതകുമെങ്കിലും ഒരിടവേള കഴിഞ്ഞ് ആ മേഖലയിൽ ഇതേകുറ്റം ആവർത്തിക്കുന്നതാണ് അനുഭവം. അവയവമാറ്റത്തിന്റെ മറവിൽ ഡോക്ടർമാരുടെ ഒത്താശയോടെ അവയവക്കച്ചവടം നടക്കുന്നെന്ന ആരോപണമുയർന്നപ്പോൾ സർക്കാർ ഇതുമായി ബന്ധപ്പെട്ട നിയമങ്ങൾ കൂടുതൽ കർക്കശമാക്കി. ഇതിന്റെ ഫലമായി സർക്കാർ ആശുപത്രിയിൽ അവയവമാറ്റം ഏതാണ്ട് നിലച്ച അവസ്ഥയാണ്. അതേസമയം കൂടുതൽ പണം ചെലവാക്കാൻ സന്നദ്ധരുള്ളതിനാൽ സ്വകാര്യ ആശുപത്രികളിൽ അവയവമാറ്റം നടക്കുകയും ചെയ്യുന്നു.

കർശനമാക്കപ്പെടുന്ന നിയമങ്ങളെല്ലാം തിരിഞ്ഞുകൊത്തുന്നത് സമൂഹത്തിലെ പാവപ്പെട്ടവനെയാണ്. മസ്തിഷ്കമരണം സ്ഥിരീകരിക്കുന്നതിന് സർക്കാർ കടുത്തവ്യവസ്ഥകൾ ഏർപ്പെടുത്തിയതോടെ ഡോക്ടർമാർ അതിൽനിന്ന് പിന്മാറിയെന്ന് വേണം അനുമാനിക്കാൻ. ഒാരോ വർഷം കഴിയുന്തോറും മസ്തിഷ്കമരണം സംഭവിച്ചുള്ള മരണങ്ങളുടെ എണ്ണം കേരളത്തിൽ കുറയുന്നതായി കാണുന്നു. നൂലാമാലകളുള്ള വ്യവസ്ഥകളും ഉത്തരവാദിത്വവും കാരണം ‌ഡോക്ടർമാർ ഇത്തരം മരണങ്ങൾ സ്ഥിരീകരിക്കാൻ തയാറാകാത്തതാവും കാരണം. ഏതെങ്കിലും കാരണവശാൽ വിവാദവും കേസും വന്നാൽ ബന്ധപ്പെട്ട ഡോക്ടർ വർഷങ്ങളോളം കോടതി കയറിയിറങ്ങേണ്ടി വരും. കേരളത്തിൽ കഴിഞ്ഞവർഷം 14 മസ്തിഷ്ക മരണങ്ങൾ മാത്രമാണ് സ്ഥിരീകരിച്ചത്. അതേസമയം ജീവിതം തിരിച്ചുപിടിക്കാൻ അവയവങ്ങൾ പ്രതീക്ഷിച്ച് രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നത് 3702 പേരാണ് ! ഏറ്റവും കൂടുതൽ മസ്തിഷ്ക മരണം സംഭവിക്കുന്ന കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്ന സർക്കാർ മെഡിക്കൽ കോളേജുകളിൽ കഴിഞ്ഞവർഷം രണ്ടെണ്ണമാണ് സ്ഥിരീകരിച്ചത്. ബാക്കി 12 ഉം സ്വകാര്യ ആശുപത്രികളിലായിരുന്നു.

സ്വകാര്യ ആശുപത്രികളിൽ മസ്തിഷ്കമരണാനന്തരം അവയവങ്ങൾ ദാനം ചെയ്താൽ ഒരു വൃക്ക സർക്കാർ മേഖലയ്ക്ക് നൽകണം. മറ്റ് അവയവങ്ങൾ അവരുടെ രോഗികൾക്ക് നൽകാം. രോഗികളുടെ ബന്ധുക്കളുടെ നിലവിട്ട പ്രതികരണമാണ് പലപ്പോഴും ഡോക്ടർമാർ മസ്തിഷ്കമരണം സ്ഥിരീകരിക്കുന്ന പ്രക്രിയയിൽനിന്ന് മാറി നിൽക്കാൻ പ്രധാന കാരണം. മസ്തിഷ്ക മരണം സംഭവിച്ചതായി മനസിലാക്കിയാലും സർക്കാർ ആശുപത്രിയിൽ വെന്റിലേറ്ററിൽ നിന്ന് മാറ്റരുതെന്ന് ബന്ധുക്കൾ ആവശ്യപ്പെടാറുണ്ട്. വെെകാരികമായ കാരണങ്ങളാൽ പൂർണമായും ഹൃദയമിടിപ്പ് നിലയ്ക്കുന്നതുവരെ രോഗി മരിച്ചെന്ന് സമ്മതിക്കാൻ അടുത്ത ബന്ധുക്കൾ തയാറാവില്ല. അടുത്ത ബന്ധുക്കളിൽതന്നെ ഇക്കാര്യത്തിൽ തർക്കങ്ങൾ ഉടലെടുക്കുന്നതിനാൽ ‌ഡോക്ടറുടെ ഇടപെടലിന് പരിമിതിയുണ്ട്.

അവയവദാനത്തിന് മാത്രമായി കോഴിക്കോട് മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട് സർക്കാർ ഒരു പ്രത്യേക ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങാനിരിക്കെ അവയവദാനം തടയപ്പെടാൻ കാരണമാകുന്ന ഇന്നത്തെ നിയമങ്ങളിൽ പ്രായോഗികമായ പൊളിച്ചെഴുത്തിന് സർക്കാർ തയാറാകണം. അവയവം സ്വീകരിച്ച് ജീവിതം നീട്ടിക്കിട്ടുന്നത് ആധുനിക ചികിത്സാരംഗം മുന്നോട്ടുവയ്ക്കുന്ന ഏറ്റവും വലിയ സാദ്ധ്യതകളിലൊന്നാണ്. അവയവദാനം കാര്യക്ഷമമാക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ള നിയമനിർമ്മാണവും ബോധവത്‌കരണവുമാണ് സർക്കാർ നടത്തേണ്ടത്. നിയമങ്ങളാൽ തടയപ്പെടേണ്ടതല്ല അവയവദാനം.

TAGS: ORGAN DONATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.