മന്ത്രിസഭ അംഗീകരിച്ചു,
ഗവർണറുടെ അനുമതി തേടി
തിരുവനന്തപുരം: കേന്ദ്രത്തിനും സംസ്ഥാനത്തിനും നിയമനിർമ്മാണത്തിന് തുല്യഅധികാരമുള്ള കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെട്ട വിഷയങ്ങളിൽ നിയമനിർമ്മാണത്തിനു മുൻപ് കേന്ദ്രസർക്കാരിന്റെ അനുമതി നേടിയിരിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കാൻ റൂൾസ് ഒഫ് ബിസിനസ് ഭേദഗതി ചെയ്യുന്നു. ഭേദഗതിക്ക് മന്ത്രിസഭായോഗം തീരുമാനമെടുത്ത് അംഗീകാരത്തിനായി ഗവർണർക്ക് ഫയൽ കൈമാറി. ഗവർണർ ഒപ്പുവച്ചാലേ ഭേദഗതി നിലവിൽ വരൂ.
റൂൾസ് ഓഫ് ബിസിനസിലെ 49(2) ചട്ടപ്രകാരം കൺകറന്റ് ലിസ്റ്റിലെ വിഷയങ്ങളിൽ നിയമസഭയിൽ നിയമനിർമ്മാണം നടത്തും മുൻപ് കേന്ദ്രസർക്കാരിലെ ബന്ധപ്പെട്ട വകുപ്പുമായി കൂടിയാലോചിക്കണം. നിയമം ഭേദഗതി ചെയ്യാനാണ് ബില്ല് കൊണ്ടുവരുന്നതെങ്കിൽ കേന്ദ്രസർക്കാരുമായി നിർബന്ധമായും ആശയവിനിമയം നടത്തിയിരിക്കണം. ഇത്തരം നിയമഭേദഗതികൾ സംസ്ഥാനത്തിന് മാത്രം ബാധകമാണെങ്കിലും കേന്ദ്രത്തിലെ വകുപ്പിന്റെ വിദഗ്ദ്ധാഭിപ്രായം തേടിയിരിക്കണം. എന്നാൽ, സംസ്ഥാനത്തെ നിയമനിർമ്മാണം കൊണ്ട് കേന്ദ്രനിയമത്തിൽ വെള്ളംചേർക്കാനാവില്ല.
ഈ വ്യവസ്ഥയടങ്ങിയ 49(2) ചട്ടം പൂർണമായി ഒഴിവാക്കാനാണ് ഭേദഗതി.
ഗവർണറുടെ ഇടപെടൽ
കുറയ്ക്കാനുള്ള തന്ത്രം
ഗവർണർ ബില്ല് അംഗീകരിച്ചാൽ വിദ്യാഭ്യാസം അടക്കം കൺകറന്റ് ലിസ്റ്റിലുൾപ്പെട്ട വിഷയങ്ങളിൽ ഏത് ബില്ലും നിയമസഭയിൽ അവതരിപ്പിക്കാൻ സർക്കാരിന് കഴിയും. ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ മാറ്റാനുള്ള സർവകലാശാലാ നിയമഭേദഗതി ബിൽ, കേന്ദ്രവുമായി കൂടിയാലോചന നടത്താതെ കൊണ്ടുവന്നെന്ന കാരണം ചൂണ്ടിക്കാട്ടി ഗവർണർ മാറ്റിവച്ചിരിക്കുകയാണ്. വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്റിലാണെന്നും ഉന്നതവിദ്യാഭ്യാസ, ഗവേഷണ സ്ഥാപനങ്ങളുടെ ഏകോപനം, നിലവാരം നിശ്ചയിക്കൽ എന്നിവ പാർലമെന്റിന് മാത്രം നിയമനിർമ്മാണം നടത്താൻ അധികാരമുള്ള യൂണിയൻ ലിസ്റ്റിലാണെന്നും ഗവർണർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അധികാരം തുടരും
കൺകറന്റ് ലിസ്റ്റിലെ വിഷയങ്ങളിൽ നിയമസഭ നിയമനിർമ്മാണം നടത്തിയാലും ഭരണഘടനയുടെ അനുച്ഛേദം-200 പ്രകാരം രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് ബിൽ അയയ്ക്കാൻ ഗവർണർക്ക് അധികാരമുണ്ടാവും. കേരളത്തിൽ ഗവർണർമാർ സ്വമേധയാ ബില്ല് രാഷ്ട്രപതിക്കയച്ച ചരിത്രമില്ല. രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കണമെന്ന് സംസ്ഥാന സർക്കാർ ശുപാർശ ചെയ്ത ബില്ലുകൾ മാത്രമേ ഇതുവരെ ഗവർണർമാർ രാഷ്ട്രപതിക്ക് അയച്ചിട്ടുള്ളൂ. അത്തരമൊരു ശുപാർശ ഇനി നൽകില്ല.
ആധാരം 13വർഷം
മുൻപുള്ള കേന്ദ്രകത്ത്
നിയമനിർമ്മാണത്തിന് അനുമതി തേടിയുള്ള അപേക്ഷകളുടെ എണ്ണം വൻതോതിലായതോടെ, അതീവഗൗരവ വിഷയങ്ങളിലല്ലാതെ മുൻകൂർ കേന്ദ്രാനുമതി തേടേണ്ടതില്ലെന്ന് കേന്ദ്രആഭ്യന്തരമന്ത്രാലയം 2010ൽ സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചിരുന്നു. 13വർഷത്തിനു ശേഷം ഈ കത്ത് തപ്പിയെടുത്താണ് റൂൾസ് ഒഫ് ബിസിനസ് ഭേദഗതിക്ക് ആധാരമാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |