വിവാദമായതോടെ വനിതാ ദിനം ആശംസിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് സ്വപ്ന സുരേഷ്. ഇതിന് പിന്നാലെ മുഖ്യമന്ത്രിയെയും കുടുംബത്തെയും അധിക്ഷേപിച്ചുകൊണ്ട് സ്വപ്ന മറ്റൊരു പോസ്റ്റിട്ടു.
മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ പോരാടുന്ന വ്യക്തിയാണ് ഞാൻ, നിർഭാഗ്യവശാൽ പൊതുസമൂഹത്തിൽ ഒരു സ്ത്രീയും തന്നെ പിന്തുണയ്ക്കുന്നില്ലെന്നും സ്വപ്ന കുറിച്ചു. ഒന്നിനും കൊള്ളാത്ത പുരുഷന്മാരുടെ ദിനം ഞാൻ എത്രയും വേഗം ആഘോഷിക്കും, ക്ലിഫ് ഹൗസിലെ എല്ലാ സ്ത്രീകളെയും ദൈവം അനുഗ്രഹിക്കട്ടെയെന്നും സ്വപ്ന പറഞ്ഞു.
അതേസമയം, സ്വപ്‌ന സുരേഷ് നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ലൈഫ് മിഷൻ അഴിമതിക്കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ഇന്നും ചോദ്യം ചെയ്യുകയാണ്. ഇന്ന് രാവിലെ എട്ടോടെ അദ്ദേഹം കൊച്ചിയിലെ ഇ ഡി ഓഫീസിലെത്തി. പത്തരക്ക് ശേഷമാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്. തുടർച്ചയായ രണ്ടാം ദിവസമാണ് അദ്ദേഹത്തെ ഇ ഡി ചോദ്യം ചെയ്യുന്നത്.
രവീന്ദ്രനെ ഇന്നലെ ഒമ്പതര മണിക്കൂർ ചോദ്യം ചെയ്തിരുന്നു. ഇന്നലെ രാവിലെ പത്തരയോടെ ഇ ഡിയുടെ കൊച്ചി ഓഫീസിലെത്തിയ രവീന്ദ്രൻ രാത്രി എട്ടിനാണ് മടങ്ങിയത്. സ്വപ്‌നയുമായുള്ളത് ഔദ്യോഗിക ബന്ധം മാത്രമാണെന്നും അടുത്തിടപഴകാൻ സ്വപ്‌ന മനഃപൂർവം ശ്രമിച്ചതായി തോന്നിയിരുന്നുവെന്നുമാണ് രവീന്ദ്രന്റെ മൊഴിയെന്നാണ് വിവരം. പുറത്തുവന്നതായി കാണുന്ന ചാറ്റുകൾ താൻ അയച്ചവയല്ലെന്നും ഫോണിൽ കൃത്രിമം നടത്തി നിർമിച്ചതാകാമെന്നും രവീന്ദ്രൻ വാദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |