SignIn
Kerala Kaumudi Online
Tuesday, 16 April 2024 12.38 PM IST

ആത്മവിശ്വാസത്തോടെ പരീക്ഷയെഴുതാം

photo

എസ്.എസ് എൽ.സി പരീക്ഷയ്‌ക്കായി ഇന്ന് വിദ്യാർത്ഥികൾ സ്കൂളുകളിലേക്ക് എത്തുകയാണ്. നാളെ ഹയർ സെക്കൻഡറി പരീക്ഷകളും തുടങ്ങും. കൊവിഡ് മഹാമാരി വിദ്യാഭ്യാസ രംഗത്തിന് ഏൽപ്പിച്ച വലിയ പ്രതിസന്ധികൾക്ക് ശേഷം ലഭിച്ച പൂർണ അക്കാഡമിക വർഷം എന്നൊരു സവിശേഷത കൂടിയുണ്ട് ഈ വർഷത്തിന്. കുട്ടികളുടെ പഠനം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ സർക്കാർ ചെയ്തിരുന്നു. ഈ അക്കാ‌ഡമിക വർഷം ആരംഭിക്കുന്നതിനു മുമ്പുതന്നെ കുട്ടികൾക്ക് ആവശ്യമായ പാഠപുസ്തകങ്ങൾ സ്‌കൂളിലെത്തിച്ചു. സാങ്കേതികവിദ്യയെ ഫലപ്രദമായി ക്ലാസ്മുറി പഠനത്തിന് സജ്ജമാക്കാൻ സഹായകമാകും വിധം അദ്ധ്യാപകർക്ക് പരിശീലനം നൽകി.

മലയോര പിന്നാക്ക മേഖലകളിലെ വിദ്യാർത്ഥികൾക്ക് പഠന വിടവ് പരിഹരിക്കാൻ പ്രത്യേകശ്രദ്ധ നൽകി. 45,710 ഡിജിറ്റൽ ഉപകരണങ്ങൾ മലയോര പിന്നാക്കമേഖലകളിൽ വിതരണം ചെയ്തു. വിദ്യാ കിരണം പദ്ധതി വഴി 47,613 ലാപ്‌ടോപ്പുകളും ഹൈടെക് പദ്ധതി വഴി 16,500 ലാപ്‌ടോപ്പുകളും രണ്ടു വർഷത്തിനുള്ളിൽ നൽകി.

ഭിന്നശേഷി വിദ്യാർത്ഥികളുടെ പഠന പിന്തുണയ്ക്കായി സ്‌പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ സേവനം ഉറപ്പാക്കി. ഭിന്നശേഷി കുട്ടികൾ, കുടുംബാംഗങ്ങൾ, അദ്ധ്യാപകർ, സാമൂഹിക - സാംസ്‌കാരിക പ്രവർത്തകർ എന്നിവരെ കൂട്ടി യോജിപ്പിച്ച് ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ 'ജാലകങ്ങൾക്കപ്പുറം' പദ്ധതി നടപ്പിലാക്കി.

4,19,362 റെഗുലർ വിദ്യാർത്ഥികളും 192 പ്രൈവറ്റ് വിദ്യാർത്ഥികളും എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നു. സർക്കാർ മേഖലയിൽ 1,170 സെന്ററുകളും എയ്‌ഡഡ് മേഖലയിൽ 1,421പരീക്ഷ സെന്ററുകളും അൺ എയ്‌ഡഡ് മേഖലയിൽ 369 പരീക്ഷ സെന്ററുകളുമടക്കം മൊത്തം 2,960 പരീക്ഷാ സെന്ററുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഗൾഫ് മേഖലയിൽ 518 വിദ്യാർത്ഥികളും ലക്ഷദ്വീപിൽ ഒമ്പത് സ്‌കൂളുകളിലായി 289 വിദ്യാർത്ഥികളും ഇക്കൊല്ലം പരീക്ഷ എഴുതുന്നുണ്ട്.

ഹയർ സെക്കഡറിയിൽ 4,25,361 വിദ്യാർത്ഥികൾ ഒന്നാം വർഷ പരീക്ഷയും 4,42,067 വിദ്യാർത്ഥികൾ രണ്ടാം വർഷ പരീക്ഷയും എഴുതുന്നു. വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ ഒന്നാം വർഷം 28,820 ഉം രണ്ടാം
വർഷം 30,740 ഉം വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നു.

പൊതുവിദ്യാഭ്യാസരംഗത്ത് തുല്യതയും ഗുണനിലവാരവും വർദ്ധിപ്പിക്കണമെങ്കിൽ വിലയിരുത്തൽ രംഗത്തും വലിയ മാറ്റങ്ങൾ വേണ്ടതുണ്ട്. പഠിപ്പിക്കുന്ന ടീച്ചർക്കാണ് സ്വന്തം കുട്ടികളുടെ ശക്തി ദൗർബല്യങ്ങൾ ഏറ്റവും നന്നായി അറിയാൻ കഴിയുക. കുട്ടികളുടെ ശക്തികൾ കണ്ടെത്തി അത് കൂടുതൽ മികവുള്ളതാക്കിത്തീർക്കാനും പരിമിതികൾ കണ്ടെത്തി മറികടക്കാനും കുട്ടികളെ സഹായിക്കാൻ ടീച്ചർമാരെ സജ്ജമാക്കാൻ കഴിയേണ്ടതുണ്ട്. അദ്ധ്യാപക പരിശീലനങ്ങൾ ഇതെല്ലാം ഉൾക്കൊള്ളിച്ച് പരിവർത്തിപ്പിക്കും.

ദേശീയവിദ്യാഭ്യാസ നയം 2020 ൽ കേരളത്തിന് വിയോജിപ്പുള്ള മേഖലകളുണ്ട്. അത് നാം വ്യക്തമാക്കിയിട്ടുമുണ്ട്. പരീക്ഷകളെ ദേശീയതലത്തിൽ ഏകോപിപ്പിക്കുന്ന അപകടകരമായ അവസ്ഥയുമുണ്ട്. ആധുനികവും പുരോഗമനപരവുമായ വിദ്യാഭ്യാസത്തോടൊപ്പം പോകുകയല്ല ദേശീയസർക്കാർ വിദ്യാഭ്യാസനയത്തിലൂടെ ചെയ്യുന്നത്. സാമൂഹികമായി ഇത്തരം ചർച്ചകൾ നടക്കട്ടെ. പരീക്ഷയ്ക്ക് തയ്യാറാകുന്ന കുട്ടികൾ ഈ ഘട്ടത്തിൽ ഇതൊന്നും ശ്രദ്ധിക്കേണ്ടതില്ല. പരീക്ഷയ്ക്ക് നന്നായി സജ്ജമാകുക. ഒരു തരത്തിലുമുള്ള പരീക്ഷാ പേടിയുടെയും ആവശ്യമില്ല. ഏറ്റവും ഉന്നതവിജയത്തിനായി കഠിനപരിശ്രമം നടത്തുക. ഫലം നമുക്ക് അനുകൂലമായിരിക്കും. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം,​ ഒരു പരീക്ഷയല്ല നമ്മുടെ ജീവിതത്തെ നിർണയിക്കുന്നത്. അതുകൊണ്ടു തന്നെ പരീക്ഷാ ഫലമല്ല നമ്മുടെ ജീവിതത്തിന്റെ അന്തിമഫലം. ഇതെല്ലാം വിദ്യാഭ്യാസ യാത്രകളുടെ ചില അനിവാര്യതകൾ മാത്രമാണെന്ന് കണ്ടാൽ മതി. പരീക്ഷാക്കാലത്ത് കുട്ടികളിൽ ഒരു തരത്തിലുമുള്ള സമ്മർദ്ദവും ഉണ്ടാകാതിരിക്കാൻ പ്രത്യേകിച്ചും രക്ഷിതാക്കൾ ശ്രദ്ധിക്കണം. കുട്ടിയെ മറ്റൊരു കുട്ടിയുമായി താരതമ്യം ചെയ്യരുത്. സ്വാഭാവികമായ തയ്യാറെടുപ്പോടെ പരീക്ഷയെ അഭിമുഖീകരിക്കുക. വിജയം നിങ്ങളോടൊപ്പമായിരിക്കും. എല്ലാവർക്കും വിജയാശംസകൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SSLC EXAM
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.