മോസ്കോ: ഭൂമിയ്ക്ക് പുറത്ത് ചിത്രീകരിക്കുന്ന ആദ്യ ഫീച്ചർ - ലെംഗ്ത് ഫിക്ഷൻ ചിത്രമായ ' ദ ചാലഞ്ചി"ന്റെ പുതിയ ട്രെയിലർ പുറത്തുവിട്ട് റഷ്യ. ഭൂമിയിൽ നിന്നും 250 മൈൽ അകലെയുള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ചിത്രീകരിച്ച ചാലഞ്ചിൽ റഷ്യയിലെ അറിയപ്പെടുന്ന നടിയായ യൂലിയ പെരെസിൽഡ് ആണ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
അടിയന്തരമായി ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയമാകേണ്ട ഒരു സഞ്ചാരിയെ രക്ഷിക്കാൻ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്ന ഡോക്ടറുടെ വേഷമാണ് ദ ചാലഞ്ചിൽ യൂലിയയ്ക്ക്. ബഹിരാകാശ നിലയത്തിൽ കഴിഞ്ഞിരുന്ന റഷ്യൻ കമാൻഡർ ഒലേഗ് നോവിറ്റ്സ്കിയാണ് രോഗിയുടെ വേഷത്തിലെത്തുന്നത്.
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി അടുത്ത ബന്ധമുള്ളവരുടെ പങ്കാളിത്തമുള്ള ഈ ബിഗ് ബഡ്ജറ്റ് സിനിമ റഷ്യൻ സ്പേസ് ഏജൻസിയായ റോസ്കോസ്മോസ്, റഷ്യൻ ടെലിവിഷൻ ചാനലായ ' ചാനൽ വൺ ", റഷ്യൻ ഫിലിം സ്റ്റുഡിയോയായ ' യെല്ലോ, ബ്ലാക്ക് ആൻഡ് വൈറ്റ് " എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് നിർമ്മിച്ചത്.
2021 ഒക്ടോബർ 5നാണ് ചിത്രത്തിന്റെ സംവിധായകൻ ക്ലിം ഷിപ്പെൻകോ, റഷ്യൻ ബഹിരാകാശ സഞ്ചാരിയായ ആന്റോൺ ഷ്കാപ്ലെറോവ്, യൂലിയ എന്നിവർ കസാഖിസ്ഥാനിൽ സ്ഥിതി ചെയ്യുന്ന റഷ്യയുടെ ബൈക്കനൂർ കോസ്മോഡ്രോമിൽ നിന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തെ ലക്ഷ്യമാക്കി സോയൂസ് എം.എസ് -19 പേടകത്തിൽ യാത്ര തിരിച്ചത്.
രണ്ടാഴ്ചയോളം സിനിമയ്ക്കായി യൂലിയയും ക്ലിമ്മും ബഹിരാകാശ നിലയത്തിൽ ചെലവഴിച്ചു. ഒക്ടോബർ 17ന് യൂലിയയും ക്ലിമ്മും ഭൂമിയിലേക്ക് സുരക്ഷിതമായെത്തി. മടക്ക യാത്രയിൽ ആന്റോൺ ഷ്കാപ്ലെറോവിന് പകരം ഒലേഗ് നോവിറ്റ്സ്കിയാണ് ഇരുവരെയും അനുഗമിച്ചത്.
മോസ്കോയ്ക്ക് സമീപമുള്ള യൂറി ഗഗാറിൻ കോസ്മോനട്ട് ട്രെയിംനിംഗ് സെന്ററിൽ കടുത്ത പരിശീലനമാണ് സിനിമയ്ക്കായി യൂലിയയ്ക്ക് ലഭിച്ചത്. 3,000ത്തോളം പേരിൽ രണ്ട് ഘട്ടങ്ങളിലായി നടന്ന ടെസ്റ്റുകളിൽ നിന്നാണ് യൂലിയയെ ബഹിരാകാശ യാത്രയ്ക്കായി തിരഞ്ഞെടുത്തത്. ഏപ്രിൽ 20നാണ് ചാലഞ്ചിന്റെ റിലീസ്.
ടോം ക്രൂസിനെ പിന്തള്ളി !
ഹോളിവുഡിലെ സൂപ്പർ താരം ടോം ക്രൂസിനെ മറികടന്നാണ് ചരിത്രത്തിലാദ്യമായി ഭൂമിയ്ക്ക് പുറത്ത് ചിത്രീകരിക്കുന്ന മുഴുനീള സിനിമയിലെ കേന്ദ്ര കഥാപാത്രമെന്ന റെക്കാഡ് 38കാരിയായ യൂലിയ സ്വന്തമാക്കിയത്.
ടോം ക്രൂസിനെ നായകനാക്കി ബഹിരാകാശത്ത് സിനിമാ ചിത്രീകരിക്കുന്ന വിവരം 2020 മേയിൽ നാസ പ്രഖ്യാപിച്ചിരുന്നു. ഡഗ് ലിമാനാകും സംവിധായകനെന്നും രണ്ട് വർഷത്തോളം നീണ്ട പരിശീലനം ടോം ക്രൂസിന് നൽകുമെന്നും ഇതിന് ശേഷമാകും ചിത്രീകരണം നടക്കുക എന്നുമായിരുന്നു ആദ്യം പുറത്തുവന്ന വിവരങ്ങൾ. ഇതിനിടെയാണ് പ്രതീക്ഷകളെല്ലാം തെറ്റിച്ച് റഷ്യ ഈ നേട്ടം കൈവരിച്ചത്. വളരെ രഹസ്യമായിട്ടായിരുന്നു ബഹിരാകാശ സിനിമാ പദ്ധതിയുടെ നീക്കങ്ങൾ റഷ്യ നടത്തിയത്.
ബഹിരാകാശത്ത് അഭിനയിക്കുന്ന ആദ്യ സിനിമാ താരമായി മാറിയ യൂലിയ രണ്ട് പെൺകുട്ടികളുടെ അമ്മയാണ്. അതേ സമയം, ടോം ക്രൂസിനെ ബഹിരാകാശത്തെത്തിക്കുന്ന പദ്ധതി ഉപേക്ഷിച്ചിട്ടില്ല. റഷ്യയ്ക്ക് മറ്റൊരു റെക്കാഡ് സ്ഥാപിച്ച് മറുപടി നൽകാനാണ് അമേരിക്കയുടെ നീക്കം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |