മൈഡിയർ കുട്ടിച്ചാത്തൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയുടെ ചരിത്രത്തിൽ സ്വർണലിപികളാൽ എഴുതപ്പെട്ട പേരാണ് ജിജോ പുന്നൂസ്. സിനിമാ സാങ്കേതിക വിദ്യയുടെ എൻസൈക്ളോപീഡിയ എന്നാണ് സുഹൃത്തുക്കൾ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. മോഹൻലാലിന്റെ ആദ്യ സംവിധാനചിത്രം ബറോസിലൂടെ ജിജോയുടെ പേര് വർഷങ്ങൾക്ക് ശേഷം പ്രേക്ഷകരിലേക്ക് എത്തിയിരുന്നു. ചില വിവാദങ്ങൾ അടുത്തിടെ ബറോസിനെ ചൊല്ലി ഉണ്ടായെങ്കിലും അധികം വൈകാതെ ചിത്രം റിലീസ് ചെയ്യുമെന്നാണ് വിവരം.
ജിജോയുടെ അസിസ്‌റ്റന്റായി സിനിമാ മേഖലയിൽ അരങ്ങേറ്റം കുറിച്ചയാളാണ് ടി.കെ രാജീവ് കുമാർ. മൈഡിയർ കുട്ടിച്ചാത്തൻ ആയിരുന്നു സംവിധാന സഹായി എന്ന നിലയിലുള്ള രാജീവിന്റെ ആദ്യ ചിത്രം. പിന്നീട് ജിജോ പുന്നൂസ് നിർമ്മിച്ച് മോഹൻലാൽ നായകനായ ഒന്ന് മുതൽ പൂജ്യം വരെ ചെയ‌്‌തു. ഈ ചിത്രത്തിൽ വച്ചാണ് മോഹൻലാലുമായി താൻ കൂടുതൽ അടുത്തതെന്ന് രാജീവ് പറയുന്നു.
''ഒന്ന് മുതൽ പൂജ്യം വരെ എന്ന ചിത്രത്തിലാണ് മോഹൻലാൽ സാറിനെ അടുത്ത് പരിചയപ്പെടുന്നത്. അതുവരെ ദൂരെ നിന്ന് കണ്ടുള്ള പരിചയമേയുള്ളൂ. അദ്ദേഹത്തെ പരിയചപ്പെട്ടത് അന്നത്തെ കാലത്ത് വലിയ എക്‌സ്‌പീരിയൻസ് ആയിരുന്നു. അദ്ദേഹം എന്നെക്കൊണ്ട് അഭിനയിപ്പിക്കുമായിരുന്നു. സീനുകളൊക്കെ ഞാനാണ് വായിച്ചുകൊടുക്കുന്നത്. ജിജോയും രഘുനാഥ് പലേരിയും അടുത്തുണ്ടാകും. ചില എക്‌സ്‌പ്രഷനിൽ വായിക്കുമ്പോൾ എന്നാൽ അണ്ണൻ ഒന്ന് അഭിനയിച്ച് കാണിക്ക് എന്ന് ലാൽ സാർ പറയും.
പടം കുറച്ച് ഓവർ ഷൂട്ട് ചെയ‌്‌തപ്പോൾ ലാൽ സാറിന് ഡേറ്റ് പ്രശ്നമമായി. വേറെ കമ്മിറ്റ്‌മെന്റ്സ് അദ്ദേഹത്തിനുണ്ടായിരുന്നു. സാർ അന്ന് എന്റെയടുത്ത് പറഞ്ഞത്, നമ്മൾ ഡേറ്റില്ലെന്ന് പറഞ്ഞാൽ ജിജോ എന്നെ മാറ്റി വേറെ ആളെ വച്ച് ഷൂട്ട് ചെയ്യും. അങ്ങനെ തീരുമാനിക്കുന്ന ആളാണ് ജിജോ''.- രാജീവ് പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |