SignIn
Kerala Kaumudi Online
Friday, 26 April 2024 1.13 PM IST

ആധാറിന്റെയും പാനിന്റെയും ചിത്രങ്ങൾ ഫോണിലുണ്ടെങ്കിൽ വേഗം ഡിലീറ്റ് ചെയ്യൂ, എടുക്കാത്ത ലോൺ സ്വന്തം പേരിലാക്കി നഗ്നചിത്രം പ്രചരിപ്പിക്കും, തലസ്ഥാനത്തെ വീട്ടമ്മയുടെ അനുഭവം 

pan-adhar

തിരുവനന്തപുരം: സമൂഹമാദ്ധ്യമത്തിൽ പ്രചരിച്ച ഏതോ ലിങ്കിൽ ക്ലിക്ക് ചെയ്ത വഞ്ചിയൂരിലെ വീട്ടമ്മയ്ക്ക്, 18,000രൂപ അടച്ചില്ലെങ്കിൽ നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന് ചൈനീസ് വായ്പാ ആപ്പിന്റെ ഭീഷണി. വായ്പയ്ക്ക് വീട്ടമ്മ അപേക്ഷിച്ചിട്ടില്ല. ഉടനടി പണമടച്ചില്ലെങ്കിൽ മോർഫ് ചെയ്ത ചിത്രം ഫോണിൽ സേവ് ചെയ്തിട്ടുള്ള നമ്പരുകളിലേക്കെല്ലാം അയയ്ക്കുമെന്ന് വിദേശനമ്പരിൽ നിന്ന് ഇന്നലെ രാവിലെയാണ് സന്ദേശമെത്തിയത്. വൈകിട്ടോടെ മൂന്ന് സുഹൃത്തുക്കൾക്ക് ഫോണിലെ ഗാലറിയിലുണ്ടായിരുന്ന വീട്ടമ്മയുടെ ചിത്രവും ആധാർ, പാൻകാർഡ് കോപ്പികളും ചൈനീസ് ആപ്പുകാർ വാട്സ്ആപ്പിൽ അയച്ചുകൊടുത്തു. തട്ടിപ്പിനിരയായ വീട്ടമ്മ സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി.

ഓൺലൈൻ തട്ടിപ്പിലൂടെ ജനങ്ങളെ മരണക്കെണിയിലേക്ക് തള്ളിവിടുന്ന 232 ചൈനീസ് ആപ്പുകൾ കേന്ദ്രം നിരോധിച്ചെങ്കിലും 200ഓളം ആപ്പുകൾ അവശേഷിക്കുന്നുണ്ടെന്ന് 'കേരളകൗമുദി' റിപ്പോർട്ട് ചെയ്തിരുന്നു. ഇതേത്തുടർന്ന് ഈ ആപ്പുകൾ പൂട്ടിക്കാൻ കേന്ദ്രത്തിന് പൊലീസ് ശുപാർശ നൽകിയെങ്കിലും തുടർനടപടിയായിട്ടില്ല. നിരോധനത്തിന് മുൻപ് പരമാവധി ആളുകളിൽ നിന്ന് പണംതട്ടാനാണ് ചൈനീസ് ആപ്പുകളുടെ ശ്രമം. നൂറിലേറെ പരാതികളാണ് ദിവസവും പൊലീസിന് ലഭിക്കുന്നത്. അന്വേഷണം ശ്രമകരമായതിനാൽ പരാതികളിൽ കേസെടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.

റിസർവ് ബാങ്കിന്റെ നിയന്ത്രണമില്ലാതെയും മണിലെൻഡേഴ്സ് ആക്ടിന് വിരുദ്ധമായുമാണ് ആപ്പുകളുടെ പ്രവർത്തനം. വിദേശികളും അന്യസംസ്ഥാനക്കാരുമാണ് പിന്നിൽ. വേഗത്തിൽ വായ്പ ലഭിക്കുമെന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്താൽ ആപ്പുകൾ രഹസ്യമായി ഫോണിലെത്തും. ഫോണിലെ കോൺടാക്ട് ലിസ്റ്റ്, കാമറ, ഗ്യാലറി തുടങ്ങിയവയിലേക്ക് ആപ്പ് കടന്നുകയറി ഫോട്ടോകളും സ്വകാര്യവിവരങ്ങളുമടക്കം ചോർത്തിയെടുക്കും. ആധാർ,പാൻ ചിത്രങ്ങൾ ഫോൺഗാലറിയിലുണ്ടെങ്കിൽ വൻതുക വായ്പയെടുത്തതായി രേഖയുണ്ടാക്കും. പിന്നാലെ തിരിച്ചടവ് മുടങ്ങിയെന്നുകാട്ടി ഭീഷണിസന്ദേശങ്ങൾ അയച്ചു തുടങ്ങും. ഓൺലൈൻഗെയിം കളിക്കാൻ വായ്പയെടുത്ത നിരവധിപേർ കടംകയറി ജീവനൊടുക്കി. ഒരുലക്ഷം വായ്പയെടുത്ത് നാലരലക്ഷം അടച്ചിട്ടും കടം തീരാത്തവരുമുണ്ട്.

ആപ്പുകളുടെ കൊടുംചതി

1)വായ്പാ തിരിച്ചടവ് മുടക്കിയെന്നും സാമ്പത്തിക തട്ടിപ്പുകാരനാണെന്നുമുള്ള സന്ദേശം കോണ്ടാക്ട് ലിസ്റ്റിലുള്ളവർക്കെല്ലാം അയയ്ക്കും.

2)സുഹൃത്തുക്കളെയും ബന്ധുക്കളെയും ജാമ്യക്കാരാക്കിയാണ് വായ്പയെടുത്തെന്ന വ്യാജസന്ദേശങ്ങൾ അവരുടെ ഫോണുകളിലേക്ക് അയയ്ക്കും.

3)ഫോണിൽ സേവ് ചെയ്ത നമ്പരുകളിലേക്ക് വായ്പാത്തട്ടിപ്പുകാർ രാവും പകലും തുടരെത്തുടരെ വിളിച്ച് പണമടയ്ക്കാനാവശ്യപ്പെടും.

4)തട്ടിപ്പിനിരയായ ആളുടെ പേരിൽ ഡിഫോൾട്ടർ എന്ന വാട്സാപ് ഗ്രൂപ്പ് തുടങ്ങിയും സന്ദേശങ്ങളയയ്ക്കും.

5)ഗാലറിയിലെ ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീലചിത്രങ്ങളും അശ്ലീലച്ചുവയുള്ള സന്ദേശങ്ങളും അയയ്ക്കും.

വിരട്ടാൻ മൂന്നാംകക്ഷി

പണമടച്ചില്ലെങ്കിൽ മൂന്നാംകക്ഷിക്ക് കേസ് കൈമാറുമെന്നും അവർ മോശം കാര്യങ്ങൾ ചെയ്യുമെന്നും വഞ്ചിയൂരിലെ വീട്ടമ്മയ്ക്ക് വായ്പാആപ്പുകാർ സന്ദേശമയച്ചു. സുഹൃത്തുക്കൾക്ക് മോശം ചിത്രങ്ങളും സന്ദേശങ്ങളും അയയ്ക്കും. ഗാലറിയിലെ ചിത്രങ്ങൾ എഡിറ്റ് ചെയ്ത് ഫേസ്ബുക്ക്, വാട്സ്ആപ്പ്, ട്വിറ്റർ എന്നിവയിൽ പ്രചരിപ്പിക്കും. വാട്സ്ആപ്പ് ഗ്രൂപ്പ് തുടങ്ങി നഗ്നചിത്രങ്ങൾ അയച്ചുകൊടുക്കും. അല്ലെങ്കിൽ വേഗം പണമടച്ചോളൂ ഇതാണ് ഭീഷണി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BLACK MAILING, CHINESE APP, MONEY LENDING FRAUD, CHEATING ALERT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.