വാഷിംഗ്ടൺ : 2046ൽ വാലന്റൈൻസ് ദിനത്തിൽ ( ഫെബ്രുവരി 14 ) ഭൂമിയിൽ പതിച്ചേക്കാനിടയുള്ള ഛിന്നഗ്രഹത്തെ കണ്ടെത്തിയെന്ന് നാസ. ഒരു ഒളിമ്പിക് സ്വിമ്മിംഗ് പൂളിനോളം വലിപ്പമുള്ള ഛിന്നഗ്രഹത്തിന് ' 2023 ഡി.ഡബ്ല്യു " എന്നാണ് പേര് നൽകിയിരിക്കുന്നത്. അതേ സമയം, ടൊറീനോ സ്കെയിൽ പ്രകാരം 625ൽ 1 മാത്രമാണ് ഛിന്നഗ്രഹ പതനത്തിന് കല്പിക്കുന്ന സാദ്ധ്യത കല്പിക്കുന്നതെന്ന് യൂറോപ്യൻ സ്പേസ് ഏജൻസി പറയുന്നു.
ബഹിരാകാശ വസ്തുക്കൾ ഭൂമിയെ ബാധിക്കാനുള്ള സാദ്ധ്യത നിർണയിക്കാൻ ഉപയോഗിക്കുന്ന രീതിയാണ് ടൊറീനോ സ്കെയിൽ. ഇപ്രകാരം 2023 ഡി.ഡബ്ല്യു ഭൂമിയിലെ ജീവജാലങ്ങൾക്ക് കാര്യമായ ആശങ്കയ്ക്ക് കാരണമല്ലെന്ന് സെന്റർ ഫോർ നിയർ എർത്ത് ഒബ്ജക്ട് സ്റ്റഡീസ് പറയുന്നു.
ഛിന്നഗ്രഹം ഭൂമിയിൽ പതിക്കാനുള്ള സാദ്ധ്യത തീരെ കുറവാണെന്നും ഭൂമിയ്ക്കരികിലൂടെ ഭീഷണിയില്ലാതെ കടന്നുപോകുമെന്നും നാസയും പറയുന്നു. എന്നാൽ, 2023 ഡി.ഡബ്ല്യുവിന്റെ ഭീഷണിയിൽ മാറ്റമുണ്ടാകാനുള്ള സാദ്ധ്യതയും തള്ളാനാകില്ല. ഇതിനായി കൂടുതൽ നിരീക്ഷണങ്ങൾ വേണം. 50 മീറ്റർ വ്യാസമുള്ള ഛിന്നഗ്രഹത്തെ ഭൂമിയ്ക്ക് ഭീഷണി സൃഷ്ടിക്കാനിടയുള്ള ആകാശ വസ്തുക്കളുടെ പട്ടികയിൽപ്പെടുത്തി നാസ നിരീക്ഷിച്ചുവരികയാണ്.
ഇടിക്കാൻ വന്നാൽ ?
അതേ സമയം, ഭാവിയിൽ ഏതെങ്കിലും ഛിന്നഗ്രഹം ഭൂമിയ്ക്ക് നേരെ വന്നാൽ അതിനെ വഴിതിരിച്ചുവിടാനുള്ള വിദ്യ ശാസ്ത്രലോകം കഴിഞ്ഞ വർഷം വിജയകരമായി പരീക്ഷിച്ചിരുന്നു. ' കൈനറ്റിക് ഇംപാക്ടർ " സാങ്കേതിക വിദ്യയിലൂടെ ഭൂമിക്ക് നേരെ വന്നേക്കാവുന്ന ഛിന്നഗ്രഹത്തിന്റെ സഞ്ചാരപഥം വ്യതിചലിപ്പിക്കാമെന്ന് നാസ വിക്ഷേപിച്ച ' ഡബിൾ ആസ്‌റ്ററോയ‌്ഡ് റീഡയറക്ഷൻ ടെസ്റ്റ് " അഥവാ ' ഡാർട്ട് " പേടകം തെളിയിച്ചു.
സെപ്തംബറിൽ ഭൂമിയിൽ നിന്ന് 110 ലക്ഷം കലോമീറ്റർ അകലെ ' ഡിഡിമോസ് " എന്ന ഛിന്നഗ്രഹത്തിന് ചുറ്റും കറങ്ങുന്ന ' ഡൈമോർഫസ് " (ഡിഡിമൂൺ) എന്ന ചെറു ഛിന്നഗ്രഹത്തിലേക്ക് പേടകം ഇടിച്ചിറങ്ങി. ഇടിയുടെ ഫലമായി ഡൈമോർഫസിന്റെ സഞ്ചാര പാതയിൽ നേരിയ വ്യതിയാനമുണ്ടായി. 11 മണിക്കൂർ 55 മിനിറ്റായിരുന്നു ഡിഡിമോസിന് ചുറ്റുമുള്ള ഡൈമോർഫസിന്റെ ഭ്രമണ സമയം. ഇടിക്ക് പിന്നാലെ ഇത് ഏകദേശം 11 മണിക്കൂർ 23 മിനിറ്റായെന്ന് കണ്ടെത്തി.
എത്രമാത്രം ഭീഷണി ?
ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് എത്താൻ സാദ്ധ്യതയുള്ള ധൂമക്കേതുക്കളെയും ഛിന്നഗ്രഹങ്ങളെയും നിയർ എർത്ത് ഒബ്‌ജക്ട് വിഭാഗത്തിലാണ് ഉൾപ്പെടുത്തുക. 2023 ഡി.ഡബ്ല്യുവും ഈ വിഭാഗത്തിൽപ്പെടുന്നു. ഭൂമിയിൽ നിന്ന് 30 ദശലക്ഷം മൈൽ വരെ അകലെയുള്ള ഭ്രമണപഥങ്ങളിൽ ഇവ കാണപ്പെടുന്നു. ഭൂമിയിൽ പതിച്ചാൽ കനത്ത നാശനഷ്‌ടങ്ങൾ വരുത്തിയേക്കാമെന്ന് കരുതുന്ന കുറഞ്ഞത് 460 അടി വ്യാസമുള്ള 40 ശതമാനം നിയർ എർത്ത് ഒബ്‌ജക്ടുകളെയാണ് നാസ ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. വിവിധ രൂപത്തിലും വലിപ്പത്തിലുമുള്ള 27,000 നിയർ എർത്ത് ഛിന്നഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ട്.
ഏകദേശം ഒരു കിലോമീറ്റർ വ്യാസമെങ്കിലുമുള്ള ഛിന്നഗ്രഹത്തിനേ ഭൂമിയിൽ നാശനഷ്ടങ്ങൾ സൃഷ്ടിക്കാനാകൂ എന്നാണ് കരുതുന്നത്. പർവതത്തോളം വലിപ്പമുള്ള 90 ശതമാനം നിയർ എർത്ത് ഒബ്ജക്ടുകളെ നാസ കണ്ടെത്തിയിട്ടുണ്ടെങ്കിലും അവയൊന്നും ഭൂമിയ്ക്ക് ഭീഷണിയല്ല.
2023 ഡി.ഡബ്ല്യു
വ്യാസം - 50 മീറ്റർ ( 160 അടി )
2023 ഡി.ഡബ്ല്യുവിനെ കണ്ടെത്തിയത് - ഫെബ്രുവരി 26ന്
സൂര്യനെ ഭ്രമണം ചെയ്യുന്ന 2023 ഡി.ഡബ്ല്യു 10 തവണ ഭൂമിയ്ക്ക് അടുത്ത് വരും. ഇതിൽ ഏറ്റവും അടുത്താണ് 2046 ഫെബ്രുവരി 14. മറ്റ് ഒമ്പതെണ്ണം 2047നും 2054നും ഇടയിലാണ്
2023 ഡി.ഡബ്ല്യു ഭൂമിയ്ക്ക് ഏറ്റവും അടുത്ത് വരുമ്പോഴുണ്ടാകുന്ന ദൂരം - 1.1 മില്യൺ മൈൽ എന്ന് കരുതുന്നു
നിലവിൽ ഭൂമിയിൽ നിന്നുള്ള അകലം - 11 മില്യൺ മൈൽ
വേഗത സെക്കന്റിൽ 25 കിലോമീറ്റർ
സൂര്യന് ചുറ്റുമുള്ള പരിക്രമണം പൂർത്തിയാക്കാൻ വേണ്ടത് - 271 ദിവസം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |