SignIn
Kerala Kaumudi Online
Thursday, 19 September 2024 3.01 AM IST

കൊടുംവേനലിൽ കുതിക്കുന്നു വൈദ്യുതി ഉപയോഗം

Increase Font Size Decrease Font Size Print Page

electricity

സംസ്ഥാനത്ത് പലയിടത്തും വേനൽ താപസൂചിക 45 ഡിഗ്രി സെൽഷ്യൽസ് കടന്നിരിക്കുന്നു. സംസ്ഥാനം ചുട്ടുപൊള്ളുമ്പോൾ വൈദ്യുതി ഉപയോഗം ക്രമാതീതമായി കുതിച്ചുയരുകയാണ്. കാലവർഷമെത്താൻ 84 ദിവസം കൂടി അവശേഷിക്കുന്ന പശ്ചാത്തലത്തിൽ വൈദ്യുതി ഉപഭോഗം കുറച്ചില്ലെങ്കിൽ പുറത്ത് നിന്ന് വാങ്ങുന്ന വൈദ്യുതിയുടെ അളവ് ഉയർത്തുക മാത്രമാണ് വൈദ്യുതി ബോർഡിന് മുന്നിലുള്ള ഏക പോംവഴി. വ്യാഴാഴ്ച 86.20 ദശലക്ഷം യൂണിറ്റ് വൈദ്യുതി സംസ്ഥാനം ഉപയോഗിച്ചു. ബുധനാഴ്ച ഉപയോഗിച്ചത് 85.691 ദശലക്ഷം യൂണിറ്റാണ്. ഇതിൽ 72.569 ദശലക്ഷം യൂണിറ്റും പുറത്തുനിന്നുള്ള വൈദ്യുതിയാണ്. വേനൽ വീണ്ടും കടുക്കുന്നതോടെ വൈദ്യുതി ഉപയോഗം വീണ്ടും ഉയരുമെന്നാണ് കെ.എസ്.ഇ.ബിയുടെ വിലയിരുത്തൽ. പുറത്തുനിന്നുള്ള വൈദ്യുതിയ്ക്ക് ഉയർന്ന നിരക്ക് നൽകേണ്ടതിനാൽ വൈകുന്നേരം ആറ് മുതൽ 11 വരെ വൈദ്യുതി ഉപയോഗം കുറച്ചില്ലെങ്കിൽ നിരക്ക് വർദ്ധന ഏർപ്പെടുത്തേണ്ട സാഹചര്യമാണ് സംസ്ഥാനത്ത് നിലവിലുള്ളത്.

താപവൈദ്യുതിയ്ക്ക് നിലവിൽ വില വളരെ കൂടുതലാണ്. രാജ്യത്താകമാനമുള്ള കൽക്കരി ക്ഷാമവും ഇറക്കുമതി ചെയ്ത വിലകൂടിയ കൽക്കരി കൂടുതലായി ഉപയോഗിക്കണമെന്ന നിർദ്ദേശവുമാണ് കാരണം. കഴിഞ്ഞ ആറ് വർഷത്തിനിടെയുള്ള ഏറ്റവും കുറവ് ജലനിരപ്പാണ് സംസ്ഥാനത്തെ ഏറ്റവും വലിയ വൈദ്യുതി പദ്ധതിയായ ഇടുക്കി അണക്കെട്ടിൽ ഇപ്പോഴുള്ളത്. കഴിഞ്ഞ വർഷം ഇതേസമയം 70 ശതമാനം വെള്ളം ഉണ്ടായിരുന്നെങ്കിൽ ഇപ്പോഴത് 47 ശതമാനമായി ചുരുങ്ങിയിരിക്കുന്നു.

പീക്ക് സമയത്തെ വൈദ്യുതി ഉപയോഗത്തിലാണ് ക്രമാതീതമായ വർദ്ധനവ് കാണുന്നത്. വൈകുന്നേരം ആറ് മുതൽ 11 വരെയുള്ള സമയത്താണ് കൂടുതലായും വൈദ്യുതി ഉപഭോഗം നടക്കുന്നത്. വ്യാഴാഴ്ച ഈ സമയത്തിനിടയിൽ 4,284 മെഗാവാട്ടാണ് ഉപയോഗിച്ചത്. ഇത് തുടർന്നാൽ കൂടിയ തുകയ്ക്ക് അധികമായി വൈദ്യുതി വാങ്ങേണ്ട സാഹചര്യമുണ്ടാകും. ഇങ്ങനെ വിൽക്കുന്ന വൈദ്യുതിയ്ക്ക് യൂണിറ്റിന് 50 രൂപ വരെ ഈടാക്കാൻ വിതരണ കമ്പനികൾക്ക് കേന്ദ്ര വൈദ്യുത റഗുലേറ്ററി കമ്മിഷൻ അനുമതി നൽകി. പീക്ക് സമയത്ത് വൈദ്യുതി അലക്ഷ്യമായി ഉപയോഗിച്ചാൽ അത് സർചാർജ് രൂപത്തിൽ ഉപയോക്താക്കളിലേക്ക് തന്നെ തിരിച്ചെത്തുമെന്ന് ഒാർക്കണം. 2022 ഏപ്രിൽ, മെയ് മാസങ്ങളിൽ കൽക്കരിക്ഷാമത്തെ തുടർന്ന് പുറമേ നിന്നുള്ള വൈദ്യുതിക്ക് വലിയ ക്ഷാമം നേരിട്ടിരുന്നു. അപ്പോൾ ലോഡ് ഷെഡിങ് ഉൾപ്പെടെ ഏർപ്പെടുത്തിയാണ് പ്രതിസന്ധി മറികടന്നത്.

എയർകണ്ടീഷന്റേയും ഫാനിന്റേയും ക്രമാതീതമായ ഉപയോഗം കാരണം രാത്രി 10 ന് 4,200 മെഗാവാട്ടിലേക്കെത്തുന്ന വൈദ്യുതി ഉപഭോഗം കുറയുന്നത് പുലർച്ചെയോടെയാണ്. പകൽ നേരങ്ങളിലെ ഉപഭോഗം ഏകദേശം 3,200 മെഗാവാട്ടാണ്. സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തിന്റെ സർവകാല റെക്കോർഡ് 2022 ഏപ്രിൽ 28 ന് രേഖപ്പെടുത്തിയ 92.88 ദശലക്ഷം യൂണിറ്റാണ്. തൊട്ടുതാഴെ 2021 മാർച്ച് 19 ന് രേഖപ്പെടുത്തിയത് 88.43 ദശലക്ഷം യൂണിറ്റ് ആണ്. എന്നാൽ വേനലിൽ വെന്തുരുകുമ്പോൾ ഇത്തവണ റെക്കോർഡ് ഭേദിക്കാനാണ് സാദ്ധ്യത. വാഷിങ് മെഷീൻ, ഇൻഡക്ഷൻ സ്റ്റവ്, ഇസ്തരിപ്പെട്ടി, ഹീറ്റർ, വാട്ടർ പമ്പ് സെറ്റർ എന്നിവയുടെ ഉപയോഗം വൈകിട്ട് ഏഴ് മുതൽ രാത്രി 11 വരെ പരമാവധി ഒഴിവാക്കുക.

3,500 മുതൽ 3,750 മെഗാവാട്ട് വൈദ്യുതി വരെ കേന്ദ്ര ഗ്രിഡിൽ നിന്ന് സംസ്ഥാനത്തേക്ക് എത്തിക്കാനുള്ള ശേഷിയാണ് നിലവിലുള്ളത്. വൈദ്യുതി നിരക്ക് കൂട്ടുന്ന സമയത്ത് ഉപയോഗം കുറയ്ക്കാനായാൽ പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നത് കുറയ്ക്കാൻ സാധിക്കുമെന്ന് വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞിരുന്നു.

കേരളത്തിൽത്തന്നെയാണ് എൺപതുകളുടെ തുടക്കം വരെ നമുക്കാവശ്യമായ വൈദ്യുതി പൂർണമായും ഉത്‌പാദിപ്പിച്ചിരുന്നത്. മിച്ച വൈദ്യുതി അയൽ സംസ്ഥാനങ്ങളിലേക്ക് കൊടുക്കുന്ന സാഹചര്യവും ചില സമയങ്ങളിലുണ്ടായിരുന്നു. തുടർന്ന് ജലവൈദ്യുത പദ്ധതികൾ ഏറ്റെടുക്കുന്നതിലുണ്ടായ തടസ്സം ഉത്പാദന രംഗത്തെ മുരടിപ്പിക്കാനിടയാക്കി. ഇടയ്ക്ക് പെട്രോളിയം ഉത്പന്നങ്ങളെ ആശ്രയിച്ചുള്ള നിലയങ്ങൾ സ്ഥാപിച്ച് പ്രതിസന്ധി മറികടക്കാൻ ശ്രമമുണ്ടായി. എന്നാൽ, ക്രൂഡ് ഓയിൽ വില വർദ്ധന ഇതിനെ പ്രതികൂലമായി ബാധിച്ചു. ഈ സാഹചര്യത്തിൽ കേന്ദ്ര നിലയങ്ങളിൽ നിന്നുള്ള വിഹിതത്തെ വൻതോതിൽ ആശ്രയിച്ചാണ് തുടർന്നുള്ള പതിറ്റാണ്ടുകളിലെ വർദ്ധിച്ച വൈദ്യുതി ഉപയോഗം നിറവേറ്റാനായത്. വൈദ്യുതിക്ഷാമം നേരിടാൻ കേന്ദ്ര ഗവൺമെന്റിനെ സമീപിക്കേണ്ട സാഹചര്യം പിന്നീട് ഉടലെടുത്തു. ഇന്ന് വിവിധ സ്വകാര്യ-അന്തർസംസ്ഥാന നിലയങ്ങളുമായി ദീർഘകാല വൈദ്യുത വാങ്ങൽ കരാറുകളിൽ കേരളം ഏർപ്പെട്ടിട്ടുണ്ട്.

വേനൽച്ചൂടാണ് വൈദ്യുതി ഉപയോഗ വർദ്ധനവിലെ മുഖ്യ വില്ലനെങ്കിലും നമ്മുടെ അശ്രദ്ധ കാരണം വൈദ്യുതി പാഴാകുന്നത് സ്ഥിരം കാഴ്ചയാണ്. വേനൽച്ചൂടിനൊപ്പം വെന്തുരുകുന്ന ഈ നിർണായക ഘട്ടത്തിൽ അനാവശ്യമായി വൈദ്യുതി നമുക്ക് സംരക്ഷിക്കാം. ഉപയോഗം കഴിഞ്ഞാലുടൻ ലൈറ്റും ഫാനും മറ്റ് ഇലക്ട്രിക് ഉപകരണങ്ങളും ഓഫ് ചെയ്യാൻ മറക്കരുത്. വയറിംഗിന് ശരിയായ വയറുകൾ ഉപയോഗിക്കുന്നത് വഴി വൈദ്യുതി നഷ്ടം കുറയ്ക്കാൻ സഹായിക്കും. കേടായ പൈപ്പുകളിലൂടെ വെള്ളം ചോരുന്നത് വാട്ടർ ടാങ്കിലെ വെള്ളം പെട്ടന്ന് തീരാൻ പ്രധാന കാരണമാണ്. അതുവഴി ഇടയ്ക്കിടെ ടാങ്കിൽ വെള്ളം അടിക്കേണ്ടി വരുന്നത് വൈദ്യുതി പാഴാകാൻ ഇടയാക്കും. പകൽ ലൈറ്റ് ഉപയോഗം കുറയ്ക്കാൻ നല്ല വെളിച്ചം കിട്ടുന്ന വിധത്തിൽ ജനാലകൾ തുറന്നിടുക. ഡെക്കറേഷൻ ലൈറ്റുകളും കൺസീൽഡ് ലൈറ്റുകളും ഒഴിവാക്കുക. ഇവയ്ക്ക് ഒരുപാട് വൈദ്യുതി ആവശ്യമാണ്. ഗുണനിലവാരമുള്ള ഇലക്ട്രോണിക് റെഗുലേറ്ററുള്ള ഫാൻ ഉപയോഗിക്കുന്നത് വഴി വൈദ്യുതി ലാഭിക്കാം. വൈദ്യുതി അമൂല്യമാണ്, അത് ജാഗ്രതയോടെ പാഴാക്കാതെ നാം ഓരോരുത്തരും ഉപയോഗിക്കണം.

...........

''കഴിഞ്ഞ മൂന്ന് വർഷത്തെ മൺസൂൺ വെച്ച് നോക്കുമ്പോൾ അവസാനത്ത മൺസൂൺ പ്രതീക്ഷിച്ചതിന്റെ പകുതി പോലും ലഭിച്ചിരുന്നില്ല. കഴിഞ്ഞ ആറ് വർഷത്തെ അണക്കെട്ടുകളിലെ ജലനിരപ്പുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ 54% വെള്ളം മാത്രമേ ഉള്ളൂ. കൽക്കരിയുൾപ്പെടെയുള്ള ഇന്ധനങ്ങളുപയോഗിച്ച് ഉല്പാദിപ്പിക്കുന്ന വൈദ്യുതിക്ക് 50 രൂപ വരെ ഈടാക്കാമെന്ന് കേന്ദ്ര വൈദ്യുത റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകുകയും ചെയ്ത സാഹചര്യത്തിൽ നമുക്ക് അധിക വില കൊടുത്ത് വൈദ്യുതി വാങ്ങേണ്ടി വരും. ജനങ്ങൾ ഒന്നടങ്കം സഹകരിച്ചാൽ ഈ പ്രതിസന്ധി സുഗമമായി ഒഴിവാക്കാം. പീക്ക് ടൈമിൽ അധിക വൈദ്യുതി ആവശ്യമുള്ള ഉപകരങ്ങൾ ഉപയോഗിക്കാതെ രാവിലെ 10 മുതൽ 5 വരെയുള്ള സമയങ്ങളിൽ ഉപയോഗിക്കുക. ആവശ്യം കഴിഞ്ഞാൽ വൈദ്യുതി ഉപകരണങ്ങൾ ഓഫ് ചെയ്യുക. ഒരു കോടിക്ക് മുകളിൽ വരുന്ന ജനങ്ങൾ ഒരുമിച്ച് നിന്നാൽ നമുക്ക് മുന്നിൽ പ്രതിസന്ധികളില്ല.''

രാം മഹേഷ് ( ചീഫ് പബ്ലിക് റിലേഷൻഓഫീസർ, കെ.എസ്.ഇ.ബി)

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: AVERAGE ELECTRICITY CONSUMPTION IN SUMMER
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.