കൊച്ചി : കഴിഞ്ഞ പതിനൊന്ന് ദിവസമായി കൊച്ചി നഗരവാസികൾക്ക് നരകജീവിതം സമ്മാനിച്ച ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ ഇനിയും പൂർണമായി അണഞ്ഞിട്ടില്ല. തീ കെടുത്തൽ 90 ശതമാനത്തിലെത്തിയെന്നാണ് ജില്ലാ ഭരണകൂടം അവകാശപ്പെടുന്നത്. അതേസമയം ചട്ടങ്ങൾ പാലിക്കാതെയാണ് ബ്രഹ്മപുരം പ്ലാന്റ് പ്രവർത്തിച്ചതെന്ന കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ട് പുറത്തുവന്നു.
ബ്രഹ്മപുരത്തെ കരാറുകൾ ഏറ്റെടുത്ത കമ്പനികളുടെയും വീഴ്ചകൾ അക്കമിട്ട് നിരത്തിയാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ട്. തീപിടിത്തത്തിന് പിന്നാലെ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിനെ പ്രതിനിധീകരിച്ച് പ്രത്യേക സംഘം കൊച്ചിയിലെത്തി പ്ലാന്റിൽ പരിശോധന നടത്തിയിരുന്നു.
ഖര മാലിന്യ സംസ്‌കരണം നടത്തുന്നതിന് വേണ്ട ചട്ടങ്ങൾ ബ്രഹ്മപുരത്ത് പാലിച്ചിട്ടില്ലെന്നാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ പരിശോധനയിൽ കണ്ടെത്തിയത്. കൊച്ചി കോർപ്പറേഷന് ഇത് സംബന്ധിച്ച് വലിയ വീഴ്ചയാണ് സംഭവിച്ചത്. അതേസമയം പ്ലാന്റിന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ അംഗീകാരവും ലഭിച്ചിട്ടില്ല.
മാസ്‌ക് ധരിക്കണം
കൊച്ചിയിൽ പുറത്തിറങ്ങുന്നവർ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് നിർദ്ദേശിച്ചു. ഹൈക്കോടതി നിയോഗിച്ച ഉന്നതതല സമിതി ബ്രഹ്മപുരം സന്ദർശിച്ചു. സർക്കാർ നിയോഗിച്ച ഉന്നതതല സമിതി മലിനീകരണ നിയന്ത്രണ ബോർഡിനോട് റിസ്‌ക് അനാലിസിസ് നടത്താൻ നിർദ്ദേശം നൽകി.
ഇന്നലെ വൈകിട്ട് പ്ലാന്റിന്റെ വലതുഭാഗത്ത് എടുത്ത ആറടിയിലേറെ ആഴമുള്ള കുഴിയിൽ നിന്ന് ഉയർന്ന പുക തുടർച്ചയായി വെള്ളം ചീറ്റിയാണ് ശമിപ്പിച്ചത്. ഏക്കറുകണക്കിന് സ്ഥലത്ത് സമാന സാഹചര്യമാണ്. പ്ലാന്റിലെ ഏഴ് സെക്ടറുകളിൽ രണ്ടിൽ മാത്രമാണ് തീയുള്ളതെന്നും പുകയാണ് യഥാർത്ഥ പ്രശ്നമെന്നും ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |