കൊച്ചി:ബ്രഹ്മപുരം മാലിന്യ പ്ളാന്റിലെ തീ പൂർണമായി അണയ്ക്കാൻ കഴിയാത്ത സാഹചര്യത്തിൽ ന്യൂയോര്‍ക്ക് അഗ്നിരക്ഷാസേനയുടെ സഹായം തേടിയതായി കളക്ടര്‍ എന്‍ എസ് കെ ഉമേഷ് അറിയിച്ചു.പ്ളാന്റിലെ 95 ശതമാനം തീയും അണച്ചതായും അദ്ദേഹം പറഞ്ഞു. തീ പൂർണമായി അണച്ച സെക്ടര്‍ 6,7 മേഖലകളില്‍ രണ്ട്, മൂന്ന് ഏക്കറുകളില്‍ വീണ്ടും തീ പിടിക്കാനുള്ള സാദ്ധ്യത കാണുന്നുണ്ടെന്നും അവിടങ്ങളില്‍ കൃത്യമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഓൺലൈൻ വഴിയാണ് അമേരിക്കൻ ഫയർ ഡിപ്പാർട്ടുമെന്റിന്റെ വിദഗ്ദ്ധ ഉപദേശം തേടിയത്. നിലവിൽ തീ അണയ്ക്കുന്ന രീതി ഉചിതമാണെന്ന് അവർ അറിയിച്ചതായും ജില്ലാ ഭരണകൂടം വ്യക്തമാക്കി. ഇന്നലെ വൈകിട്ട് പ്ലാന്റിന്റെ വലതുഭാഗത്ത് എടുത്ത ആറടിയിലേറെ ആഴമുള്ള കുഴിയിൽ നിന്ന് ഉയർന്ന പുക തുടർച്ചയായി വെള്ളം ചീറ്റിയാണ് ശമിപ്പിച്ചത്.
14 മുതൽ ആരോഗ്യസർവേ
ചൊവ്വാഴ്ച മുതൽ കൊച്ചിയിൽ ആരോഗ്യ സർവേ നടത്തുമെന്ന് എറണാകുളം ഗസ്റ്റ് ഹൗസിൽ ചേർന്ന ആരോഗ്യവകുപ്പിന്റെ യോഗത്തിൽ മന്ത്രി വീണാ ജോർജ് പറഞ്ഞു. ആരോഗ്യ പ്രവർത്തകർ വീടുകളിലെത്തും. ആവശ്യമുള്ളവർക്ക് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കും. മെഡിക്കൽ ക്യാമ്പുകളും മൊബൈൽ യൂണിറ്റുകളുടെ സേവനവും ലഭ്യമാക്കും. മെഡിക്കൽ കോളേജിലെ സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം കാക്കനാട് ഹെൽത്ത് സെന്ററിൽ ലഭ്യമാക്കും. എല്ലാ അർബൻ ഹെൽത്ത് സെന്ററുകളിലും ശ്വാസ് ക്ലിനിക്കുകൾ ആരംഭിക്കും.
വിഷപ്പുക ആരോഗ്യപ്രശ്‌നങ്ങൾക്കു വഴിയൊരുക്കാൻ സാദ്ധ്യതയുണ്ടെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) കൊച്ചി ഘടകം മുന്നറിയിപ്പ് നൽകി. എൻ 95 പോലുള്ള മാസ്‌കുകൾ വാതകങ്ങളെ പ്രതിരോധിക്കില്ല.
തെർമൽ കാമറകൾ വാങ്ങും
ബ്രഹ്മപുരത്ത് തീപിടിത്ത സാദ്ധ്യതയുള്ള പ്രദേശങ്ങൾ മുൻകൂട്ടി കണ്ടെത്താൻ ഇൻഫ്രാറെഡ് തെർമൽ കാമറകളും എച്ച്.എച്ച്. ഗ്യാസ് മോണിറ്ററുകളും വാങ്ങാൻ അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന വിദഗ്ദ്ധ സമിതി യോഗം തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |