തിരുവനന്തപുരം: നിയമസഭ പാസാക്കിയ എട്ട് ബില്ലുകൾ ഒപ്പിടാത്തതിന് തനിക്കെതിരേ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചാൽ, ഭരണഘടനാപരമായ പരിരക്ഷ ചൂണ്ടിക്കാട്ടി കേസിനെ നേരിടാൻ ഗവർണർ. ബില്ലുകളിലൊപ്പിടാൻ ഭരണഘടനയിൽ കാലപരിധി നിഷ്കർഷിക്കാത്തതിനാൽ ,അവ തടഞ്ഞുവയ്ക്കുന്നതിൽ നിയമ പ്രശ്നങ്ങളില്ലെന്ന്
ഗവർണർക്ക് നിയമോപദേശം ലഭിച്ചു.
ഗവർണറുടെ വിവേചനാധികാരത്തിൽ കോടതികൾ ഇടപെടാറില്ല. 8 ബില്ലുകളിൽ ഒപ്പിടാത്തതിനെതിരായ ഹർജി കഴിഞ്ഞ നവംബറിൽ ഹൈക്കോടതി ചീഫ്ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബഞ്ച് തള്ളിയിരുന്നു. ബില്ലുകൾ ഗവർണർക്ക് അംഗീകരിക്കുകയോ , തടഞ്ഞുവയ്ക്കുകയോ, പുന:പരിശോധനയ്ക്ക് തിരിച്ചയയ്ക്കുകയോ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കുകയോ ചെയ്യാം. ബിൽ തിരിച്ചയച്ചാൽ നിയമസഭ വീണ്ടും പരിഗണിച്ച് ഭേദഗതികളോടെയോ ഇല്ലാതെയോ വീണ്ടും അയയ്ക്കുന്ന പക്ഷം ഒപ്പിട്ടേ പറ്റൂ. അതിനാലാണ് രാജ്ഭവനിൽ തടഞ്ഞുവയ്ക്കുന്നത്.
തടഞ്ഞു വച്ചിരിക്കുന്ന ബില്ലുകളിലൊപ്പിടണമെന്ന് മുഖ്യമന്ത്രി കത്തെഴുതിയിട്ടും 5 മന്ത്രിമാർ നേരിട്ടെത്തി വിശദീകരിച്ചിട്ടും ഫലമില്ലാതായതോടെയാണ് സർക്കാർ സുപ്രീംകോടതിയെ സമീപിക്കുന്നത്. ബില്ലുകൾ നിയമമാവാത്തത് ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാവും സർക്കാരിന്റെ കേസ്. മൗലികാവകാശം ലംഘിക്കപ്പെട്ടാൽ സുപ്രീംകോടതിയെ സമീപിക്കാനാവും. അഡ്വക്കേറ്റ് ജനറലിന് മുഖ്യമന്ത്രി നിർദ്ദേശം നൽകിയതായാണ് വിവരം.
ഒപ്പിടാത്ത ബില്ലുകളും
കാരണവും
1)ചാൻസലർ പദവി വെട്ടൽ (2ബിൽ)
വാഴ്സിറ്റികളിൽ രാഷ്ട്രീയ അതിപ്രസരമുണ്ടാവും. സ്വയംഭരണം ഇല്ലാതാവും.
2)അഞ്ചംഗ സെർച്ച്കമ്മിറ്റി
സർക്കാരിന്റെ ഇഷ്ടക്കാർ വി.സിയാവും.
3)ലോകായുക്ത ഭേദഗതി
സ്വന്തം കേസിൽ സ്വന്തമായി വിധി പറയാൻ സാഹചര്യമൊരുക്കും.
4)വാഴ്സിറ്റി ട്രൈബ്യൂണൽ
ഹൈക്കോടതിയെ നോക്കുകുത്തിയാക്കി വിരമിച്ച ജില്ലാ ജഡ്ജിയെ സർക്കാരിന് നിയമിക്കാം
ഒപ്പിടാൻ തയ്യാറായവ
പി.എസ്.സി (വഖഫ് ബോർഡിന്റെ സർവ്വീസുകളെ സംബന്ധിച്ച ചുമതലകൾ) റദ്ദാക്കൽ, സഹകരണ സംഘങ്ങളിൽ അഡ്മിനിസ്‌ട്രേറ്റർമാർക്ക് വോട്ട് ചെയ്യാനുള്ള ഭേദഗതി, മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കുന്നതിനുള്ള ഭേദഗതി എന്നിവയിൽ ഒപ്പിടാമെന്നറിയിച്ചിരുന്നതാണ്. തുട ർനടപടിയുണ്ടായിട്ടില്ല.
ഗവർണർ
വിശ്രമത്തിൽ
പനിയും അണുബാധയും സുഖപ്പെട്ടെങ്കിലും കടുത്ത ക്ഷീണം കാരണം രാജ്ഭവനിൽ വിശ്രമത്തിലാണ് ഗവർണർ. സന്ദർശകരെ അനുവദിക്കുന്നില്ല. പരിപാടികളെല്ലാം റദ്ദാക്കി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |