ടൊവിനോ തോമസിന്റെ കളയ്ക്കുശേഷം രോഹിത് വി.എസ് സംവിധാനം ചെയ്യുന്ന ടിക്കി ടാക്ക എന്ന ചിത്രത്തിൽ ആസിഫ് അലി നായകൻ. അഡ്വഞ്ചേഴ്സ് ഒഫ് ഓമനക്കുട്ടൻ, ഇബ്‌ലീസ് എന്നീ ചിത്രങ്ങൾക്കുശേഷം ആസിഫ് അലിയും രോഹിത് വി.എസും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയുണ്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ആസിഫ് അലിയുടെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമായിരിക്കും ടിക്കി ടാക്ക. ഗോദയിലൂടെ മലയാളത്തിലേക്ക് എത്തിയ പഞ്ചാബി സുന്ദരി വാമിഖ ഗബ്ബി ആണ് നായിക. വാമിഖയുടെ മൂന്നാമത്തെ മലയാള ചിത്രമാണ് ടിക്കി ടാക്ക. ലുക്‌മാൻ, നസ്ളൻ, ഹരിശ്രീ അശോകൻ, സഞ്ജന നടരാജ്, സന്തോഷ് പ്രതാപ് എന്നിവരാണ് മറ്റു താരങ്ങൾ. എൺപതു ദിവസത്തെ ചിത്രീകരണമാണ് പ്ളാൻ ചെയ്യുന്നത്. കൊച്ചിയിലും കോഴിക്കോടും ആണ് പ്രധാന ലൊക്കേഷൻ. ചിത്രീകരണം ഉടൻ ആരംഭിക്കും.അതേസമയം ടിക്കി ടാക്കയിൽ ശ്രീനാഥ് ഭാസിയെ ആയിരുന്നു നായകനായി തീരുമാനിച്ചിരുന്നത്. കോഴിക്കോട് രണ്ടാഴ്ചത്തെ ചിത്രീകരണത്തിൽ ശ്രീനാഥ് ഭാസി പങ്കെടുക്കുകയും ചെയ്തിരുന്നു. നിർമ്മാതാക്കളുടെ വിലക്ക് വന്നതിനെ തുടർന്ന് പിൻമാറുകയായിരുന്നു. മഹേഷും മാരുതിയും ആണ് അവസാനം തിയേറ്ററിൽ എത്തിയ ആസിഫ് അലി ചിത്രം. സേതു സംവിധാനം ചെയ്ത ചിത്രത്തിൽ മംമ്ത മോഹൻദാസ് ആണ് നായിക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |