തൃപ്പുണിത്തുറ: ബാത്‌റൂമിലേക്ക് പോകവേ തെന്നിവീണ് എഴുന്നേൽക്കാൻ കഴിയാതെ അവശയായി വീട്ടിനുള്ളിൽ കുടുങ്ങിയ വൃദ്ധയ്ക്ക് തൃപ്പൂണിത്തുറ അഗ്നിരക്ഷാ സേനയുടെ സമയോചിതമായ ഇടപെടൽ രക്ഷയായി. അമ്പിളിനഗർ അനാമിക ഹൗസിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന ഗിരിജ വർമ്മ (82) യെയാണ് രക്ഷപ്പെടുത്തിയത്.
അടുത്ത് താമസിക്കുന്ന ബന്ധു തിരക്കിയെത്തിയപ്പോൾ അകത്തു നിന്ന് വാതിലുകളും ജനലുകളും പൂട്ടിയ നിലയിലായിരുന്നു. ഇവർ സമീപവാസികളെ അറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാ സേനയെ വിളിച്ചു. സേന സ്ഥലത്തെത്തി ഹൈഡ്രോളിക്ക് ഉപകരണങ്ങൾ ഉപയോഗിച്ച് ജനലഴികൾ മുറിച്ച് മാറ്റി അകത്തു പ്രവേശിക്കുകയും തറയിൽ അവശയായി വീണുകിടന്ന ഗിരിജയെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.
ഭർത്താവ് ദീർഘകാലം മുമ്പ് മരിച്ച ഗിരിജ വർമ്മയുടെ രണ്ട് പെൺമക്കൾ കേരളത്തിന് പുറത്ത് സ്ഥിരതാമസക്കാരാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |