തിരുവല്ല : റെയിൽവേ സ്റ്റേഷൻ വികസനം ചർച്ച ചെയ്യാനെത്തിയ പാസഞ്ചർ അമിനിറ്റീസ് കമ്മിറ്റി ചെയർമാൻ പി.കെ.കൃഷ്ണദാസിന് മുന്നിൽ പരാതിപ്രളയം. ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷനായിട്ടും എല്ലാ ട്രെയിനുകൾക്കും തിരുവല്ലയിൽ സ്റ്റോപ്പില്ലാത്തത് പ്രധാന ചർച്ചയായി. കുടിവെള്ള പ്രശ്‌നം, റോഡിന്റെ ശോച്യാവസ്ഥ, സ്റ്റേഷൻ വളപ്പിൽ വെളിച്ചമില്ലാത്തത്, പാർക്കിംഗ് കരാർ തൊഴിലാളികളുടെ അപമര്യാദയോടെയുള്ള പെരുമാറ്റം, ശൗച്യാലയം ഉപയോഗപ്രദമാക്കുക, കാത്തിരിപ്പ് കേന്ദ്രത്തിലെ അസൗകര്യങ്ങൾ തുടങ്ങി അടിസ്ഥാന പ്രശ്‍നങ്ങൾ പോലും പരിഹരിക്കാത്തത് പരാതികളായി. സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ് ഫോമിൽ ഉൾപ്പെടെ പലയിടത്തും ഫാനില്ലാത്തതിനാൽ കടുത്ത വേനലിൽ യാത്രക്കാർ അനുഭവിക്കുന്ന ദുരിതവും പി.കെ.കൃഷ്ണദാസിന് നേരിട്ട് ബോദ്ധ്യമായി. ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയ അദ്ദേഹം സ്റ്റേഷന്റെ ഭാഗങ്ങളും പരിശോധിച്ചു. ഫേസ് ഒഫ് തിരുവല്ല, അഭിഭാഷക പരിഷത്ത്, അയ്യപ്പധർമ്മ പരിഷത്ത് തുടങ്ങി വിവിധ സംഘടനകൾ പരാതികൾ അറിയിച്ചു. ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് വിജയകുമാർ, സുരേഷ് ഓടയ്ക്കൽ, ബി.രാധാകൃഷ്ണ മേനോൻ, അനീഷ്, വിനോദ് എന്നിവർ പങ്കെടുത്തു.
10 കോടി ചെലവഴിച്ച് വികസിപ്പിക്കും
അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 10 കോടി രൂപ ചെലവഴിച്ച് തിരുവല്ല റെയിൽവേ സ്റ്റേഷന്റെ വികസനം ഒന്നര വർഷത്തിനുള്ളിൽ പൂർത്തീകരിക്കുമെന്ന് പാസഞ്ചർ അമിനിറ്റീസ് കമ്മിറ്റി ചെയർമാൻ പി.കെ.കൃഷ്ണദാസ് പറഞ്ഞു. സ്റ്റേഷനിലെ പ്ലാറ്റ് ഫോമുകളിൽ പൂർണ്ണമായും മേൽക്കൂര സ്ഥാപിക്കും. ശൗചാലയങ്ങളുടെയും കാത്തിരിപ്പ് കേന്ദ്രങ്ങളുടെയും എണ്ണംകൂട്ടും. എല്ലാസമയത്തും ശുദ്ധജലത്തിന്റെ ലഭ്യത ഉറപ്പാക്കും. പാർക്കിംഗ് ഏരിയായിലെ വെളിച്ചക്കുറവ് പരിഹരിക്കും. പാർക്കിംഗ് ഏരിയയിൽ അമിതഫീസ് ഈടാക്കുന്നതും മോശമായ പെരുമാറ്റവും സംബന്ധിച്ച പരാതികൾ പരിശോധിച്ച് നടപടിയെടുക്കും. പുതിയ പദ്ധതികളുടെ ടെൻഡർ അടുത്തമാസം നൽകി ഡിസംബർ 31ന് മുമ്പ് അടിയന്തരപ്രശ്നങ്ങൾ പരിഹരിക്കും. മണ്ഡലകാലത്ത് ശബരിമലയിലേക്കുള്ള തീർത്ഥാടകർക്ക് തിരുവല്ലയിലേക്ക് എത്തിച്ചേരാൻ മുൻകൂട്ടി ടിക്കറ്റ് ബുക്കിംഗ് ചെയ്യുന്നതിനുള്ള സാങ്കേതിക തടസവും പരിഹരിക്കും.ടിക്കറ്റ് വിതരണ കൗണ്ടർ പുതുക്കി നിർമ്മിക്കും. സ്റ്റേഷൻ ദിവ്യാംഗ സൗഹൃദമാക്കും തുടങ്ങിയ പ്രഖ്യാപനങ്ങളും നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |