വാഷിംഗ്ടൺ: ലോസാഞ്ചലസ് മുൻ മേയർ എറിക് ഗാർസെറ്റിയെ ഇന്ത്യയിലെ യു.എസ് അംബാസഡറായി നിയമിക്കാൻ സെനറ്റ് അംഗീകാരം. ഇന്ത്യൻ സമയം ബുധനാഴ്ച രാത്രി നടന്ന വോട്ടെടുപ്പിൽ 42നെതിരെ 52 വോട്ടോടെയാണ് എറികിനെ തിരഞ്ഞെടുത്തത്. ഇതോടെ നിലവിലെ ഇടക്കാല യു.എസ് അംബാഡസർ എ. എലിസബത്ത് ജോൺസിന് പകരം സ്ഥിര അംബാസഡർ സ്ഥാനത്തേക്ക് എറിക് ചുമതലയേൽക്കും. 2021 ജനുവരിയിൽ കെന്നത്ത് ജസ്റ്റർ സ്ഥാനമൊഴിഞ്ഞതിന് ശേഷം അഞ്ച് പേരെയാണ് യു.എസ് ഇടക്കാല അംബാസഡർമാരായി നിയമിച്ചത്. ജനുവരിയിലാണ് തന്റെ അടുത്ത വിശ്വസ്തനായ എറികിനെ പ്രസിഡന്റ് ജോ ബൈഡൻ അംബാസഡർ സ്ഥാനത്തേക്ക് വീണ്ടും നോമിനേറ്റ് ചെയ്തത്. 52 കാരനായ എറികിനെ 2021 ജൂലായിലും ഇന്ത്യൻ അംബാസഡർ സ്ഥാനത്തേക്ക് ബൈഡൻ നോമിനേറ്റ് ചെയ്‌തെങ്കിലും സെനറ്റിന്റെ അംഗീകാരം നേടാനായില്ല. തന്റെ മേയർ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥരിൽ ഒരാൾക്ക് മേൽ ഉന്നയിക്കപ്പെട്ട ലൈംഗികാതിക്രമ പരാതി എറിക് അവഗണിച്ചെന്ന ആരോപണമാണ് അദ്ദേഹത്തിന് സെനറ്റിൽ പ്രതികൂലമായത്. എന്നാൽ ആരോപണം എറിക് നിഷേധിച്ചിരുന്നു. 2013 മുതൽ ലോസ്ആഞ്ചലസ് മേയറായ എറിക് കഴിഞ്ഞ ഡിസംബർ 12നാണ് പദവി ഒഴിഞ്ഞത്. 2006 - 2012 കാലയളവിൽ ലോസ്ആഞ്ചലസ് സിറ്റി കൗൺസിൽ പ്രസിഡന്റായിരുന്നു. 2001 മുതൽ അദ്ദേഹം ലോസ്ആഞ്ചലസ് സിറ്റി കൗൺസിലിൽ വിവിധ പദവികൾ വഹിച്ചിരുന്നു. യു.എസ് നേവി റിസർവിൽ ലെഫ്റ്റനന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |