ബംഗളൂരു: ലൈംഗിക പീഡനക്കേസിൽ ജെ ഡി എസ് മുൻ എം പി പ്രജ്വൽ രേവണ്ണയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ. പത്ത് ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ഏഴ് ലക്ഷം അതിജീവിതയ്ക്ക് നൽകും. കേസിൽ പ്രജ്വൽ രേവണ്ണ കുറ്റക്കാരനാണെന്ന് ബംഗളൂരുവിലെ പ്രത്യേക കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. പ്രജ്വലിനെതിരെയുള്ള നാല് കേസുകളിൽ ആദ്യത്തെ കേസിലാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്.
ഹാസനിലുള്ള രേവണ്ണ കുടുംബത്തിന്റെ ഫാം ഹൗസിൽ ജോലിക്കാരിയായിരുന്ന 48കാരി നൽകിയ പരാതിയിൽ കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. 2021ൽ രണ്ടുതവണ മാനഭംഗത്തിനിരയാക്കിയെന്നും ഇതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെന്നുമാണ് കേസ്. വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ 26 തെളിവുകൾ കോടതി നേരത്തെ പരിശോധിച്ചിരുന്നു. പ്രജ്വൽ നിരവധി സ്ത്രീകളെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തായതോടെയാണ് ഇവർ പരാതി നൽകിയത്.
പ്രജ്വലിനെതിരെ മൊഴികൊടുക്കാതിരിക്കാൻ പരാതിക്കാരിയെ തട്ടിക്കൊണ്ടുപോയതിന് പ്രജ്വലിന്റെ അച്ഛനും എം എൽ എയുമായ എച്ച് ഡി രേവണ്ണയെയും അമ്മ ഭവാനി രേവണ്ണയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ജൂലായ് 18ന് വാദം പൂർത്തിയാക്കിയ കേസ് ബുധനാഴ്ച വിധി പറയാനായി മാറ്റിയിരുന്നെങ്കിലും ചില കാര്യങ്ങളിൽ വ്യക്തത വേണ്ടതിനാൽ ജഡ്ജി സന്തോഷ് ഗജാനൻ ഭട്ട് വിധി പ്രസ്താവം മാറ്റിവയ്ക്കുകയായിരുന്നു.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെയാണ് പ്രജ്വലുൾപ്പെടുന്ന 2000ത്തോളം അശ്ലീല ദൃശ്യങ്ങൾ പുറത്തുവന്നത്. ഇത് കർണാടകയിൽ വൻ രാഷ്ട്രീയ കോളിളക്കമുണ്ടാക്കി. ഹാസൻ ലോക്‌സഭാ മണ്ഡലത്തിലെ ജെ ഡി എസ് സ്ഥാനാർത്ഥിയായിരുന്നു പ്രജ്വൽ. ദൃശ്യങ്ങൾ പ്രചരിച്ചതോടെ വോട്ടെടുപ്പുദിവസം രാത്രി പ്രജ്വൽ വിദേശത്തേക്ക് മുങ്ങി. സമ്മർദ്ദങ്ങളെത്തുടർന്ന് തിരിച്ചെത്തിയപ്പോൾ ബംഗളൂരു വിമാനത്താവളത്തിൽവച്ച് കഴിഞ്ഞവർഷം മേയ് 31ന് പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തു. തിരഞ്ഞെടുപ്പിൽ പ്രജ്വൽ 40,000ത്തിലധികം വോട്ടുകൾക്ക് തോറ്റു.
ലൈംഗികാതിക്രമം, ഭീഷണിപ്പെടുത്തൽ, വീഡിയോ ചിത്രീകരിക്കൽ, പ്രചരിപ്പിക്കൽ തുടങ്ങിയ നാല് ക്രിമിനൽ കേസുകളാണ് പ്രജ്വലിനെതിരെയുള്ളത്. നിലവിൽ പരപ്പന അഗ്രഹാര ജയിലിൽ ജുഡിഷ്യൽ കസ്റ്റഡിയിലാണ് പ്രജ്വൽ. മുൻ പ്രധാനമന്ത്രിയും ജെ ഡി എസ് നേതാവുമായ എച്ച് ഡി ദേവഗൗഡയുടെ കൊച്ചുമകനാണ് പ്രജ്വൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |