ഡൊഡോമ : കിഴക്കേ ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയിലെ സെറെൻഘെറ്റിയുടെ രാജാവ് ' ബോബ് ജൂനിയർ " ഇനി ഓർമ്മ. സെറെൻഘെറ്റിയിൽ ജീവിച്ച ഏറെ ആരാധകരുള്ള ഒരു സിംഹമാണ് ബോബ് ജൂനിയർ. കാട്ടിലെ എതിരാളികളായ സിംഹങ്ങൾ ബോബ് ജൂനിയറെ ആക്രമിച്ച് കൊല്ലുകയായിരുന്നെന്നാണ് റിപ്പോർട്ട്. ബോബ് ജൂനിയറിന്റെ പിതാവിന്റെ പേര് ' ബോബ് മാർലി " എന്നായിരുന്നു.
ജമൈക്കൻ സംഗീതജ്ഞൻ ബോബ് മാർലിയോടുള്ള കടുത്ത ആരാധന കൊണ്ടാണ് വനം അധികൃതരും ജനങ്ങളും ബോബ് ജൂനിയറിന്റെ പിതാവിന് അങ്ങനെയൊരു പേര് നൽകിയത്. ബോബ് ജൂനിയറിന് ഏകദേശം പത്ത് വയസുണ്ടെന്ന് കരുതുന്നു. ടാൻസാനിയയിൽ സെലിബ്രിറ്റി പദവിയിൽ ജീവിച്ച ബോബ് ജൂനിയറിന് പ്രത്യേക സംസ്കാരച്ചടങ്ങുകൾ നടത്താനുള്ള തയാറെടുപ്പിലാണ് അധികൃതർ.
ഏഴ് വർഷമായി സെറെൻഘെറ്റി കാട്ടിലെ രാജാവിനെ പോലെ ആധിപത്യത്തിൽ കഴിഞ്ഞ ബോബ് ജൂനിയറിന് മറ്റ് സിംഹങ്ങളൊക്കെ എതിരാളികളായിരുന്നു. സാവന്ന പുൽമേടുകളുടെ യഥാർത്ഥ രാജാവെന്ന് വരെ വിശേഷിക്കപ്പെട്ട ബോബ് ജൂനിയർ ഏറെ ഫോട്ടോജെനിക് കൂടിയായിരുന്നു. ബോബ് ജൂനിയറിന്റെ തലയെടുപ്പോട് കൂടിയ അതിഗംഭീരമായ ചിത്രങ്ങൾ ഓൺലൈനിൽ വൈറലായിട്ടുണ്ട്.
ശൗര്യതയോടെയുള്ള നോട്ടവും ഗാംഭീര്യവും ഭയപ്പെടുത്തുന്ന രൂപവും ബോബ് ജൂനിയറിനെ സെറെൻഘെറ്റിയിലെ മറ്റ് സിംഹങ്ങളിൽ നിന്ന് വ്യത്യസ്തമാക്കി. ടാൻസാനിയയിലെ ടൂർ, സഫാരി ഓപ്പറേറ്റർമാർ സഞ്ചാരികളുടെ മുഖ്യ ആകർഷണമായ ബോബ് ജൂനിയറിന്റെ വിയോഗത്തിൽ അഗാത ദുഃഖം രേഖപ്പെടുത്തി.
വടക്കൻ ടാൻസാനിയയിൽ സ്ഥിതി ചെയ്യുന്ന സെറെൻഘെറ്റിയിൽ ഏകദേശം 3,000ത്തോളം സിംഹങ്ങളുണ്ട്. പ്രതിവർഷം നിരവധി വിദേശ സഞ്ചാരികളാണ് ഇവിടേക്കെത്തുന്നത്. ഏകദേശം 10 മുതൽ 15 വർഷം വരെയാണ് സിംഹങ്ങളുടെ ശരാശരി ആയുസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |