പത്തനംതിട്ട : പത്തനംതിട്ട ജനറൽ ആശുപത്രിയിലെ പുരുഷൻമാരുടെ മൂന്നാം വാർഡിലെ കിടക്കയിൽ ഒാർമ്മകൾ മറഞ്ഞുപോയ ഒരു ജീവനുണ്ട്. പ്രിയപ്പെട്ടവർ ആരെങ്കിലും തിരക്കി വരുമെന്ന ചിന്തയുണ്ടോയെന്ന് അറിയില്ല. എങ്കിലും പുറത്തേക്ക് നോക്കിയുള്ള ആ കിടപ്പിൽ ഒരു പ്രതീക്ഷയുണ്ട്. മുറിഞ്ഞുപോയ ബന്ധങ്ങൾ കൂട്ടിച്ചേർത്ത് തന്നെ തിരികെ വീട്ടിൽ എത്തിക്കാൻ അവർ എത്തുമെന്ന് അയാൾ ആഗ്രഹിക്കുന്നുണ്ടാകാം.
പേരെന്തെന്ന് ചോദിച്ചാൽ നിഥിനെന്ന് പറയും, സ്ഥലം ചോദിച്ചാൽ കുമ്പഴ, അതിരുങ്കൽ, മലയാലപ്പുഴ എന്നിങ്ങനെ. വീടറിയില്ല , നാടറിയില്ല, സ്വന്തം പേര് പോലും പറയാനാകാകാത്ത അവസ്ഥ. ആരാണ് നിഥിനെന്ന് ചോദിച്ചാൽ മിണ്ടാതെ പുറത്തേക്ക് നോക്കി കിടക്കും. കഴിഞ്ഞ 13ന് ഏതോ ഒരു ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിയതാണ് അറുപത് വയസ് തോന്നിക്കുന്നയാൾ. ബന്ധുക്കളാരും ഇതുവരേയും അന്വേഷിച്ചു വന്നിട്ടില്ല. ആശുപത്രി അധികൃതർ പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചിരുന്നു. പൊലീസ് അന്വേഷിച്ചിട്ടും കണ്ടെത്താനായിട്ടില്ല. ആശുപത്രി ടിക്കറ്റിൽ പേരിനും വയസിനും അൺനോൺ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തലയ്ക്കും കാലിനും പരിക്കേറ്റ ഇദ്ദേഹത്തിന് രണ്ട് സർജറിയും കഴിഞ്ഞിട്ടുണ്ട്. തലയിൽ നെറ്റിയ്ക്ക് മുകളിലായി പരിക്കേറ്റ പാടുകാണാം. മകൻ ഗൾഫിൽ നിന്ന് വന്നിട്ടുണ്ടെന്നും ഇടയ്ക്ക് പറയുന്നുണ്ട്. എഴുന്നേറ്റ് നടക്കാനും ബുദ്ധിമുട്ടാണ്. ഡോക്ടർമാരും നഴ്സുമാരുമാണ് കാര്യങ്ങളൊക്കെ ചെയ്ത് നൽകുന്നത്.
" എന്തോ വാഹനാപകടം ഉണ്ടായതാണ്. തലയ്ക്ക് ഒരു സർജറി കഴിഞ്ഞിട്ടുണ്ട്. കോട്ടയത്ത് നിന്നുവന്നത് അൺനോൺ എന്ന് രേഖപ്പെടുത്തി തന്നെയാണ്. പക്ഷെ ആൾക്ക് ഒന്നിനെ പറ്റിയും അറിയില്ല. ചികിത്സ നൽകുന്നുണ്ട്. "
ഡോ.ബിജു
(പത്തനംതിട്ട ജനറൽ ആശുപത്രി)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |