പത്തനംതിട്ട : കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (ഐ.എം.എ) നേതൃത്വത്തിൽ ജില്ലയിലും ഡോക്ടർമാർ പണിമുടക്കി.
ജില്ലയിൽ ഡോക്ടർമാരുടെ സമരം ആശുപത്രികളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കാഷ്വാലിറ്റിൽ രണ്ട് ഡോക്ടറും ജനറൽ ഒ.പിയിൽ മൂന്ന് പേരും സൂപ്രണ്ടും മാത്രമാണ് ഇന്നലെ ഡ്യൂട്ടിയിലുണ്ടായിരുന്നത്. ആകെ അൻപത് ഡോക്ടർമാരാണ് ഇവിടുള്ളത്. സർക്കാർ, സ്വകാര്യ ആശുപത്രികളിൽ അത്യാഹിത വിഭാഗം പ്രവർത്തിച്ചു. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയായിരുന്നു പണിമുടക്ക്. ആരോഗ്യമേഖലയിലെ മുഴുവൻ സംഘടനകളും സമരത്തിൽ പങ്കെടുത്തു. കേരള ഗവ.പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ ടീച്ചേഴ്‌സ് അസോസിയേഷൻ , കേരള ഗവ.സ്‌പെഷലിസ്റ്റ് ഡോക്ടേഴ്‌സ് അസോസിയേഷൻ, ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ എന്നീ സംഘടനകളും പണിമുടക്കിൽ പങ്കെടുത്തു. അടിയന്തര ശസ്ത്രക്രിയകൾ ഒഴിവാക്കിയിട്ടില്ല. പണിമുടക്കിയ ഡോക്ടർമാർ ആശുപത്രികൾ കേന്ദ്രീകരിച്ച് പ്രതിഷേധ യോഗങ്ങൾ നടത്തി.
സമരമറിയാതെ രോഗികൾ
സമരം നടക്കുന്നതറിയാതെ ജില്ലയിലെ പല ഭാഗത്ത് നിന്നും രോഗികൾ രാവിലെ ഒ.പിയിൽ എത്തിയിരുന്നു. അത്യാവശ്യക്കാർ ജനറൽ ഒ.പിയിൽ കാണിച്ചു മരുന്ന് വാങ്ങി. അല്ലാത്തവർ ചികിൽസ നേടാതെ മടങ്ങി. രാവിലെ 11 ആകുന്നതിന് മുമ്പേ ആശുപത്രി പരിസരം വിജനമായി. സാധാരണ ഉച്ചയ്ക്ക് ഒന്ന് വരെ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു. രോഗികളും ഡോക്ടർമാരുടെ സമരത്തോട് വലിയ എതിർപ്പ് പ്രകടിപ്പിച്ചില്ല. ജില്ലയിലെ ഡെന്റൽ ക്ലിനിക്കുകളും ഇന്നലെ പ്രവർത്തിച്ചില്ല.
ജില്ലാ ആശുപത്രിയിൽ 9 ഡോക്ടർമാർ
കോഴഞ്ചേരി : സമരത്തിന്റെ അറിയിപ്പ് നേരത്തെ തന്നെ നൽകിയിരുന്നതിനാൽ ജില്ലാ ആശുപത്രിയിൽ രോഗികൾ പൊതുവേ കുറവായിരുന്നു.
340 പേരാണ് ഇന്നലെ ഒ.പിയിലും കാഷ്വാലിറ്റിയിലും ചികിത്സ നേടിയത്. ഇ.എൻ.ടി, ഗൈനക്കോളജി ഡോക്ടർമാർ ഒാപ്പറേഷൻ തീയേറ്ററിലും ഓർത്തോ, ജനറൽ ഒ.പിയും കാഷ്വാലിറ്രിയും അത്യാഹിത വിഭാഗവും ജില്ലാ ആശുപത്രിയിൽ പ്രവർത്തിച്ചിരുന്നു.
കാഷ്വാലിറ്റിയിൽ 4 ഡോക്ടർമാരടക്കം ഒൻപത് ഡോക്ടർമാർ ഇന്നലെ ഡ്യൂട്ടിയിലുണ്ടായിരുന്നു. ആകെ നാൽപത്തഞ്ച് ഡോക്ടർമാരാണ് ജില്ലാ ആശുപത്രിയിൽ ജോലി ചെയ്യുന്നത്.പുതിയ രോഗികളെ ആരെയും അഡ്മിറ്റ് ചെയ്തില്ല. കഴിഞ്ഞ ദിവസം ഓപ്പറേഷൻ നടത്തിയ രോഗികളെ പരിശോധിക്കാൻ ഡോക്ടർമാർ എത്തിയിരുന്നു
കോന്നി മെഡിക്കൽ കോളേജിലും താലൂക്ക് ആശുപത്രിയിലും രോഗികൾ കുറഞ്ഞു
കോന്നി : ഡോക്ടർമാരുടെ പണിമുടക്കിനെ തുടർന്ന് ഇന്നലെ കോന്നി ഗവ.മെഡിക്കൽ കോളേജിലും താലൂക്ക് ആശുപത്രിയിലും ഒ.പി വിഭാഗത്തിൽ രോഗികൾ കുറവായിരുന്നു. ദിവസേന 700 ഓളം രോഗികൾ എത്തുന്ന മെഡിക്കൽ കോളേജിലെ ഒ.പിയിൽ 300 ൽ താഴെ രോഗികളാണ് എത്തിയത്. 8 ഡോക്ടർമാരുള്ള മെഡിക്കൽ കോളേജിലെ ഒ.പിയിൽ ഇന്നലെ ഏഴ് ഡോക്ടർമാരുണ്ടായിരുന്നു. ഒരാൾ ലീവിലായിരുന്നു. മെഡിക്കൽ കോളേജിൽ പ്രൊഫസർമാരടക്കം 80 ഡോക്ടർമാരാണുള്ളത്. താലൂക്ക് ആശുപത്രിയിലും ഒ.പി വിഭാഗത്തിൽ രോഗികൾ കുറവായിരുന്നു. 28 ഡോക്ടർമാരുള്ള താലൂക്ക് ആശുപത്രിയിൽ 11 പേർ മാത്രമാണ് ഡ്യൂട്ടിക്ക് എത്തിയത്. ഇവർ അത്യാഹിത വിഭാഗത്തിലും ഒ.പിയിലുമായി മാറിമാറി ഡ്യൂട്ടി ചെയ്തു.
തിരുവല്ലയിൽ ഒ.പി തടസപ്പെട്ടു
തിരുവല്ല : ഡോക്ടർമാരുടെ സമരത്തെ തുടർന്ന് തിരുവല്ല താലൂക്ക് ആശുപത്രിയിൽ ഒ.പി വിഭാഗത്തിന്റെ പ്രവർത്തനം മുടങ്ങി. ഗേറ്റിന് മുന്നിൽ ഡോക്ടർമാരുടെ പണിമുടക്ക് രേഖപ്പെടുത്തിയ വലിയ ബാനർ വലിച്ചുകെട്ടിയിരുന്നു. ഒ.പി ടിക്കറ്റ് കൗണ്ടറും നേഴ്സിംഗ് സ്റ്റേഷനും എൻ.സി.ഡി വിഭാഗവും ഇന്നലെ രാവിലെ മുതൽ അടഞ്ഞുകിടക്കുകയായിരുന്നു. ഭൂരിഭാഗം ഡോക്ടർമാരും പണിമുടക്കിയതോടെ നഴ്സിംഗ് സ്റ്റേഷന്റെ പ്രവർത്തനവും തടസപ്പെട്ടു. ജീവിതശൈലി രോഗ ക്ലിനിക്കിന്റെ പ്രവർത്തനവും ഇന്നലെ മുടങ്ങി. അത്യാഹിത വിഭാഗം തുറന്നിരുന്നതാണ് രോഗികൾക്ക് അൽപ്പമെങ്കിലും ആശ്വാസമായത്. ഇന്നലെ രാവിലെ എട്ടുമുതൽ വൈകിട്ട് നാലുവരെ 230 പേർ അത്യാഹിത വിഭാഗത്തിൽ എത്തി. അഞ്ച് ഗുരുതര രോഗികൾക്ക് അഡ്മിഷനും നൽകി. കഴിഞ്ഞ ദിവസങ്ങളിൽ ശസ്ത്രക്രീയ നടത്തിയവരുടെ ഉൾപ്പെടെയുള്ള തുടർ പരിശോധനയ്ക്ക് നാല് ഡോക്ടർമാർ ഇന്നലെ ഡ്യൂട്ടിക്ക് എത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |