SignIn
Kerala Kaumudi Online
Thursday, 19 September 2024 5.31 AM IST

അമൃതകിരണം11 ധ്യാനം ആനന്ദത്തിലേക്കുള്ള മാർഗ്ഗം.

Increase Font Size Decrease Font Size Print Page

മനഃശാന്തിക്കു പുറമേ സൗന്ദര്യം, ആരോഗ്യം, ഓജസ്സ് എന്നിവയും ധ്യാനത്തിലൂടെ ലഭിക്കും

തീരാത്ത ആഗ്രഹങ്ങളാലും ഒഴിയാത്ത ചിന്തകളാലും സദാ കലുഷിതമാണ് മനുഷ്യമനസ്സ്. മനസ്സിനെ ശാന്തമാക്കുവാനും ഉന്മേഷവും കാര്യക്ഷമതയും വിണ്ടെടുക്കുവാനും ഉള്ള മാർഗ്ഗമാണ് ധ്യാനം. ധ്യാനത്തിന്റെ ഗുണഫലങ്ങൾ കൂടുതൽ കൂടുതൽ ജനങ്ങൾ ഇന്ന് മനസ്സിലാക്കിവരുന്നു. ധ്യാനിക്കുന്നതിനു് മതവിശ്വാസമോ ഈശ്വരവിശ്വാസമോ വേണമെന്നില്ല.

ss

ഓർമ്മശക്തിയും ഏകാഗ്രതയും വർദ്ധിപ്പിക്കുവാനും പിരിമുറുക്കം കുറയ്ക്കുവാനും ധ്യാനം ഫലപ്രദമാണ്. മനഃശാന്തിക്കു പുറമേ സൗന്ദര്യം, ആരോഗ്യം, ഓജസ്സ് എന്നിവയും ധ്യാനത്തിലൂടെ ലഭിക്കും. ആദ്ധ്യാത്മിക ദൃഷ്ടിയിൽ നമ്മുടെ യഥാർത്ഥ സ്വരൂപത്തെ കണ്ടെത്തുവാനുളള ഒരു മാർഗ്ഗമാണ് ധ്യാനം.
അനേകം ധ്യാനരീതികളുണ്ട്. മനസ്സിനെ ഏതെങ്കിലും ഒരു വസ്തുവിൽ ഏകാഗ്രമാക്കി നിർത്തുന്നതാണ് ഒരു രീതി. മനസ്സിലെ ചിന്തകളുമായി ബന്ധിക്കാതെ മാറിനിന്ന് അവബോധത്തോടെ നിരീക്ഷിക്കുക എന്നതാണ് മറ്റൊരു രീതി. ഇരുപത്തി നാലുമണിക്കൂറും നമ്മൾ ശ്വാസോച്ഛ്വാസം ചെയ്തുകൊണ്ടിരിക്കുന്നു.അതിനാൽ ശ്വാസത്തിൽ ശ്രദ്ധിക്കുക എന്നത് ആർക്കും എളുപ്പം ചെയ്യാൻ കഴിയുന്ന ധ്യാനരീതിയാണ്. സ്വാഭാവികമായി ശ്വാസം ഉള്ളിലേക്കും പുറത്തേക്കും പോകുമ്പോൾ മൂക്കിന്റെ ഉൾഭാഗത്ത് അനുഭവപ്പെടുന്ന സ്പർശാനുഭവത്തെ നിരീക്ഷിക്കാം. അല്ലെങ്കിൽ ശ്വാസത്തോടൊപ്പം നെഞ്ച് ഉയരുന്നതും താഴുന്നതും ശ്രദ്ധിക്കാം. ഓളങ്ങളില്ലാത്ത അതിവിശാലമായ ഒരു തടാകത്തെയോ അനന്തമായ നീലാകാശത്തെയോ മനസ്സിൽ ഭാവന ചെയ്യുകയുമാവാം.താൻ അനന്തതയിൽ ലയിക്കുന്നതായും ഭാവനചെയ്യാം. മനസ്സിനെ ശാന്തവും വിശാലവുമാക്കാൻ പറ്റിയ ധ്യാന രീതികളാണിവ .ദീപധ്യാനമാണ് ഇഷ്ടമെങ്കിൽ എണ്ണവിളക്കിന്റെ നാളത്തിൽ അല്പനേരം നോക്കിയിരിക്കണം. പിന്നെ കണ്ണടച്ച് ആ നാളത്തെ ഹൃദയത്തിലോ, ഭ്രൂമദ്ധ്യത്തിലോ ധ്യാനിക്കാം.
ഇഷ്ടദേവതാ ധ്യാനമാണ് ചെയ്യുന്നതെങ്കിൽ കുറച്ചുനേരം രൂപത്തെ ഏകാഗ്രമായി നോക്കിയിരിക്കണം. പിന്നീട് കണ്ണടച്ച് ആ രൂപം ഹൃദയത്തിലോ ഭ്രൂമധ്യത്തിലോ ഭാവന ചെയ്യണം. വീണ്ടും കണ്ണുതുറന്നു ധ്യാനരൂപത്തിൽ നോക്കിയിരിക്കണം.വീണ്ടും കണ്ണടച്ച് ഉള്ളിൽ ഭാവന ചെയ്യണം. ഇങ്ങനെയായാൽ ക്രമേണ രൂപം ഉള്ളിൽ തെളിഞ്ഞുവരും. ഇഷ്ടദേവത ഹോമാഗ്‌നിയിൽ നില്ക്കുന്നതായും നമ്മിലെ അസൂയ, അഹങ്കാരം തുടങ്ങിയവ ഹോമാഗ്‌നിയിൽ ഹോമിക്കുന്നതായും ഭാവനചെയ്യാം.മൂന്നുവർഷത്തെ നിരന്തരാഭ്യാസം വേണം ധ്യാനരൂപം ശരിക്കും ഉള്ളിൽ നിറയുവാൻ.അപ്പോൾ ഇഷ്ടദേവതയുടെ സാത്ത്വികഗുണങ്ങൾ നമ്മിൽ വളരും.
തുടക്കക്കാർക്ക് അരൂപധ്യാനത്തേക്കാൾ രൂപധ്യാനമാണ് എളുപ്പം.അലയുന്ന സ്വഭാവമാണ് മനസ്സിന്. അതിനാൽ ധ്യാനിക്കുക എന്നതു പൊങ്ങുതടി വെള്ളത്തിൽ താഴ്ത്തുന്നതു പോലെയാണ്. കൈവിട്ടാൽഉടൻ അതു വീണ്ടും വെള്ളത്തിനു മുകളിൽ പൊങ്ങിവരും. നമ്മുടെ മനസ്സും അതുപോലെ ചിന്തകളിലേക്ക് തിരിച്ചു വരാൻ ശ്രമിച്ചുകൊണ്ടിരിക്കും. മനസ്സിനെ വീണ്ടും വീണ്ടും ധ്യാനത്തിൽത്തന്നെ നിർത്തണം.അതിനാൽ ധ്യാനത്തിന്റെ തുടക്കത്തിൽ സ്വയം നിര്ബ്ബന്ധിച്ചു ഇരിക്കേണ്ടിവരും. ധ്യാനത്തിൽ രസം കിട്ടിത്തുടങ്ങിയാൽ അതു വേണ്ടിവരില്ല. ധ്യാനം അപ്പോൾ ഒരാനന്ദമാകും.
ധ്യാനം ശീലിക്കുന്ന വ്യക്തി, വെറുതെ ഇരിക്കുമ്പോൾപ്പോലും മനസ്സിനെ അലയുവാൻ വിടരുത്. ആവശ്യമില്ലാത്ത വിഷയങ്ങളിലേക്ക് പോകാതെ ശ്രദ്ധയോടെ നീങ്ങണം.. സദാ ഇങ്ങനെ ശ്രമിച്ചു കൊണ്ടിരുന്നാൽ മനസ്സിനു ലയം കിട്ടും.നിരന്തരം ആനന്ദമനുഭവപ്പെടും.
ഇത്തരത്തിൽ ചിട്ടയോടെ ധ്യാനം ശീലിച്ചാൽ ക്രമേണ മനസ്സു കൂടുതൽകൂടുതൽ ശാന്തമാകും, സ്ഫടികം പോലെ നിർമ്മലമായിത്തീരും. നട്ടുച്ചയ്ക്ക് നിഴൽ മറയുന്നതുപോലെ ഏകാഗ്രത പൂർണ്ണമാകുമ്പോൾ രൂപം മറഞ്ഞ്
നമ്മുടെ സ്വരൂപം പ്രകാശിക്കും. ഓളങ്ങളില്ലാത്ത തടാകത്തിൽ സൂര്യപ്രതിബിംബം എങ്ങനെ വ്യക്തമായി കാണുന്നുവോ അതുപോലെ, ഉള്ളിൽ ആത്മസ്വരൂപം തെളിയും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: RITUALS, SS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.