കോഴിക്കോട്: മോദിയെ വിമർശിച്ചാൽ അത് രാജ്യത്തെ വിമർശിക്കലല്ലെന്ന് രാഹുൽ ഗാന്ധി. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ രാഹുൽ നടത്തിയ പ്രസംഗത്തിന് ഇന്ത്യാ വിരുദ്ധന്റെ ശൈലിയാണെന്ന ബിജെപിയുടെ വിമർശനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മോദിയെന്നാൽ ഇന്ത്യയല്ല എന്ന് കോഴിക്കോട് യുഡിഎഫ് സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ കോൺഗ്രസ് നേതാവ് പറഞ്ഞു.
ബിജെപിയുടെ ആരോപണങ്ങൾക്ക് കനത്ത ഭാഷയിൽ മറുപടി നൽകിക്കൊണ്ടായിരുന്നു രാഹുൽ ഗാന്ധി സംസാരിച്ചത്. ഒന്നോ രണ്ടോ ആളുകളല്ല രാജ്യമെന്നത് മനസിലാക്കണമെന്നും മോദിയെ വിമർശിച്ചാൽ അത് രാജ്യത്തെ വിമർശിക്കുകയാണെന്ന ചിന്താഗതി തെറ്റാണെന്നും അദ്ദേഹം തുടർന്നു. ഭാരത് ജോഡോ യാത്രയ്ക്കിടയിൽ പീഡനത്തിനിരയായ സ്ത്രീകളുമായി കൂടിക്കാഴ്ച നടത്തി എന്ന വെളിപ്പെടുത്തലിന് പിന്നാലെ ഇരകകളുടെ വിവരങ്ങളന്വേഷിച്ച് ഡൽഹി പൊലീസ് നടത്തിയ നീക്കങ്ങളെയും രാഹുൽ ഗാന്ധി വിമർശിച്ചു. എത്ര തവണ പൊലീസിനെ വീട്ടിലേയ്ക്കയച്ചാലും സത്യം വിളിച്ച് പറയുന്നത് തുടരും. ആർഎസ്എസ്, ബിജെപി, പൊലീസ് എന്നൊക്കെ കേട്ടാൽ ഭയപ്പെടില്ല, അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്രസർക്കാർ കർഷക വിരുദ്ധ നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും രാഹുൽ വിമർശിച്ചു. വില ഇടിവ്, വന്യ ജീവി ആക്രമണം അടക്കമുള്ള വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. കർഷകരുടെ പ്രശ്നങ്ങൾ പാർലമെന്റിൽ ഉന്നയിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.
അതേസമയം കോഴിക്കോട് യുഡിഎഫ് ബഹുജന കൺവെൻഷൻ വേദിയിൽ സ്ത്രീകളുടെ പങ്കാളിത്തം കുറഞ്ഞതിനെ രാഹുൽ ഗാന്ധി തന്റെ പ്രസംഗത്തിൽ വിമർശിച്ചു. രാജ്യത്ത് 50 ശതമാനം സ്ത്രീകളുണ്ട്. എന്നാൽ ഉദ്ഘാടന വേദിയിൽ കുറച്ച് സ്ത്രീകളെയെങ്കിലും ഉൾപ്പെടുത്താമായിരുന്നു കോൺഗ്രസ് നേതാവ് കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |