ഇസ്ലാമാബാദ് : പാകിസ്ഥാനിലെ 25 വർഷത്തെ അവസാന പ്രവർത്തനം ആഗോള ടെക് ഭീമനായ മൈക്രോസോഫ്ട് അവസാനിപ്പിക്കുന്നു. മൈക്രോസോഫ്ട് കൺട്രി മാനേജർ ജവാദ് റഹ്മാന്റെ ലിങ്ക്ഡ് ഇൻ പോസ്റ്റിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സാമ്പത്തിക അസ്ഥിരത, ഡിജിറ്റൽ നയത്തിലെ സ്ഥിരതയില്ലായ്മ, ചുരുങ്ങുന്ന വിപണി തുടങ്ങിയവയാണ് പിൻമാറ്റത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. രാജ്യത്തിന്റെ നിക്ഷേപ സാഹചര്യങ്ങൾ നേരിടുന്ന വലിയ വെല്ലുവിളികളെയാണ് ഇത് പ്രതിഫലിക്കുന്നതെന്ന് നിരീക്ഷകർ പറയുന്നു.
ആഗോളതലത്തിൽ തന്നെ ജീവനക്കാരെ കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് മൈക്രോസോഫ്ടിന്റെ നടപടി. അതേസമയം നേരിട്ട് സാന്നിദ്ധ്യം നിലനിറുത്തുന്നതിന് പകരം പ്രാദേശിക കേന്ദ്രങ്ങളിലൂടെയും അംഗീകൃത റീസെല്ലറുകളിലൂടെയും പാകിസ്ഥാനിലെ ക്ലയന്റുകൾക്ക് സേവനം നൽകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. വിവിധ രാജ്യങ്ങളിൽ ഇതിനകം നടപ്പിൽ വരുത്തിയ മാതൃകയാണ് ഇതെന്ന് കമ്പനി സ്ഥിരീകരിച്ചു. നിലവിലുള്ള ഉപഭോക്തൃ കരാറുകളെയും സേവനങ്ങളെയും പിൻമാറ്റം ബാധിക്കില്ലെന്നും മൈക്രോസോഫ്ട് ഉറപ്പുനൽകി.
പാകിസ്ഥാനിലെ സാമ്പത്തിക അസ്ഥിരതയുംമോശം ബിസിനസ് അന്തരീക്ഷവും കാരണം കഴിഞ്ഞ മൂന്നുവർഷത്തിനിടെ നിരവധി ബഹുരാഷ്ട്ര കമ്പനികളുടെ പിൻമാറ്റത്തിന് കാരണമായിട്ടുണ്ട്. പ്രോക്ടർ ആൻഡ് ഗാമ്പിൾ, സുസുക്കി, ലോട്ടെ തുടങ്ങിയ കമ്പനികളുടെ പട്ടികയിലേക്കാണ് മൈക്രോസോഫ്ടും ഇടംനേടിയത്. മൈക്രോസോഫ്ടിന്റെ പിൻമാറ്റം പാകിസ്ഥാനിലെ ബിസിനസ്, ടെക് സമൂഹങ്ങളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |