കീവ്: യു.എസ് ആയുധ വിതരണം നിറുത്തിയതിനു പിന്നാലെ യുക്രെയിനിൽ റഷ്യയുടെ വൻ വ്യോമാക്രമണം. 550 മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഏഴു മണിക്കൂറാണ് റഷ്യ വ്യോമാക്രമണം നടത്തിയത്. 2022 ഫെബ്രുവരിയിൽ തുടങ്ങിയ യുദ്ധത്തിനുശേഷമുള്ള ഏറ്റവും വലിയ ആക്രമണിത്. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും ഒരു കുട്ടി ഉൾപ്പെടെ 26 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തലസ്ഥാനത്തെ വിവിധ ജില്ലകളിലായി കനത്ത നാശനഷ്ടങ്ങളുമുണ്ടായി.
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി യു.എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ഫോണിൽ സംസാരിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് റഷ്യൻ ആക്രമണമെന്നതും ശ്രദ്ധേയമാണ്. സംഭാഷണത്തിൽ ഒരു പുരോഗതിയും ഉണ്ടായില്ലെന്ന് ട്രംപ് പറഞ്ഞിരുന്നു.
പിടിച്ചെടുത്ത എല്ലാ യുക്രെയിൻ പ്രവിശ്യകളെ റഷ്യ നിയന്ത്രിക്കുന്നത് അംഗീകരിക്കുക എന്നതായിരുന്നു പുട്ടിൻ-ട്രംപ് ചർച്ചയിലെ റഷ്യയുടെ ആവശ്യം. വൊളൊഡിമിർ സെലെൻസ്കിയെ യുക്രെയിൻ പ്രസിഡന്റ് സ്ഥാനത്തുനിന്നു പുറത്താക്കുക,യുക്രെയിൻ ഭരണഘടന ഭേദഗതി ചെയ്യുക,നാറ്റോ അംഗത്വം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളും പുട്ടിൻ ഉന്നയിച്ചു.
യുക്രെയിനു നൽകിക്കൊണ്ടിരുന്ന വ്യോമപ്രതിരോധ സംവിധാനങ്ങളുടെയും മറ്റ് ആയുധങ്ങളുടെയും വിതരണം തടഞ്ഞ ട്രംപ് വ്യാഴാഴ്ച യുക്രെയിനെ കുറ്റപ്പെടുത്തുകയും ചെയ്തു. യുക്രെയിന് എല്ലാവിധ സഹായങ്ങളാണ് നൽകിയിരുന്നതെന്ന് ട്രംപ് പറഞ്ഞു. അതേസമയം, റഷ്യ 539 ഡ്രോണുകളും 11 ബാലിസ്റ്റിക് മിസൈലുകളും വിക്ഷേപിച്ചതായി യുക്രെയ്ൻ പറഞ്ഞു. രാത്രിയിലുണ്ടായ ആക്രമണത്തിൽ 23 പേർക്ക് പരിക്കേറ്റു. ഉറക്കമില്ലാ രാത്രിയായിരുന്നു ഇതെന്ന് സെലൻസ്കി പറഞ്ഞു. എന്നാൽ റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.
റഷ്യൻ വ്യോമാക്രമണങ്ങളിൽ സാധാരണക്കാരുടെ മരണസംഖ്യ ജനുവരിക്കും ജൂണിനും ഇടയിൽ 50 ശതമാനം വർദ്ധിച്ചതായി ഈ മാസം പുറത്തിറങ്ങിയ ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് പറയുന്നു.
പുതിയ തടവുകാരുടെ
കൈമാറ്റം പ്രഖ്യാപിച്ചു
കഴിഞ്ഞ മാസം ഇസ്താംബുളിൽ നടന്ന ചർച്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുണ്ടാക്കിയ കരാറുകളുടെ ഭാഗമായി വെള്ളിയാഴ്ച റഷ്യയും യുക്രെയ്നും പുതിയ തടവുകാരെ കൈമാറ്റം ചെയ്യുമെന്ന് പ്രഖ്യാപിച്ചു. റഷ്യയുടെ മൂന്ന് വർഷത്തിലേറെ നീണ്ട അധിനിവേശത്തിലുടനീളം,യുദ്ധം ചെയ്യുന്ന കക്ഷികൾ യുദ്ധത്തടവുകാരെ പരസ്പരം കൈമാറി. ഇസ്താംബുളിൽ അടുത്തിടെ നടന്ന ചർച്ചകളിൽ, ഗുരുതരമായി പരിക്കേറ്റവരെയും, രോഗികളായവരെയും, 25 വയസിന് താഴെയുള്ളവരെയും തടവിലാക്കിയ എല്ലാ സൈനികരെയും മോചിപ്പിക്കാൻ അവർ സമ്മതിച്ചു. നീലയും മഞ്ഞയും പതാകകളിൽ പൊതിഞ്ഞ, മോചിതരായ യുക്രെനിയൻ സൈനികരുടെ ഫോട്ടോകൾ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി പ്രസിദ്ധീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |