തിരുവനന്തപുരം: പി.എസ്.സി വിജ്ഞാപനങ്ങളിൽ സ്‌പെഷ്യൽ റൂളിൽ പറയുന്ന യോഗ്യതകളോടൊപ്പം തസ്തികയുടെ മുൻ തിരഞ്ഞെടുപ്പുകളിൽ കമ്മിഷൻ അംഗീകരിച്ച തത്തുല്യ യോഗ്യതകളും ഉയർന്ന യോഗ്യതകളും സംബന്ധിച്ച വിശദാംശങ്ങൾ ഉൾപ്പെടുത്താൻ പി.എസ്.സി യോഗം തീരുമാനിച്ചു. മുൻ തിരഞ്ഞെടുപ്പിന് ശേഷം സർക്കാർ അംഗീകരിച്ച തത്തുല്യ യോഗ്യതകളുണ്ടെങ്കിൽ അവയും വിജ്ഞാപനത്തിൽ ഉൾപ്പെടുത്തും. ഇത്തരം യോഗ്യതകൾ തെളിയിക്കുന്നതിന് തുല്യതാ സർട്ടിഫിക്കറ്റുകളോ സർക്കാർ ഉത്തരവുകളോ ഉദ്യോഗാർത്ഥികൾ ഹാജരാക്കേണ്ടതില്ല.
ഡിസെബിലിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കണം
ഭിന്നശേഷിക്കാർക്കുള്ള 4ശതമാനം സംവരണം ബാധകമാക്കിയ തസ്തികകളുടെ സ്വഭാവമനുസരിച്ച് ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവരുടെ പ്രവർത്തനക്ഷമത പരിശോധിക്കുന്നതിന് നിർദ്ദിഷ്ട മാതൃകയിലുളള ഫംഗ്‌ഷണാലിറ്റി സർട്ടിഫിക്കറ്റ് വേണമെന്ന് സർക്കാർ ഉത്തരവായിട്ടുള്ളതിനാൽ സംവരണം ബാധകമാക്കിയ തസ്തികകളിൽ ഉൾപ്പെടുന്ന ഭിന്നശേഷിക്കാർ കമ്മിഷൻ ആവശ്യപ്പെടുന്ന സമയത്ത് ഡിസെബിലിറ്റി സർട്ടിഫിക്കറ്റും ഫംഗ്‌ഷണാലിറ്റി സർട്ടിഫിക്കറ്റും ഹാജരാക്കണം.
അഭിമുഖം
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (ന്യൂറോസർജറി)-ഒന്നാം എൻ.സി.എ. ഈഴവ/തിയ്യ/ബില്ലവ (കാറ്റഗറി നമ്പർ 37/2022),കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡിൽ പ്യൂൺ/വാച്ച്മാൻ-എൻ.സി.എ-എസ്.സി.സി.സി. (കെ.എസ്.എഫ്.ഇ. ലിമിറ്റഡിലെ പാർട്ട് ടൈം ജീവനക്കാരിൽ നിന്നും തസ്തികമാറ്റം മുഖേന നേരിട്ടുള്ള നിയമനം),(കാറ്റഗറി നമ്പർ 464/2022) എന്നീ തസ്തികകളിലേക്ക് അഭിമുഖം നടത്തും.
ചുരുക്കപട്ടിക
കേരള സംസ്ഥാന ജലഗതാഗത വകുപ്പിൽ ബോട്ട് ഡ്രൈവർ-ഒന്നാം എൻ.സി.എ-എസ്.ഐ.യു.സി.നാടാർ (കാറ്റഗറി നമ്പർ 275/2021),കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ എച്ച്.എസ്.എസ്.ടി. ഇംഗ്ലീഷ് (കാറ്റഗറി നമ്പർ 728/2021),വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (സംസ്‌കൃതം),(കാറ്റഗറി നമ്പർ 614/2021),കണ്ണൂർ,മലപ്പുറം ജില്ലകളിൽ ആരോഗ്യ വകുപ്പിൽ പ്ലംബർ കം ഓപ്പറേറ്റർ (കാറ്റഗറി നമ്പർ 87/2021) എന്നീ തസ്തികകളിലേക്ക് ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |