സാൻ സാൽവഡോർ : കുപ്രസിദ്ധ ക്രിമിനൽ സംഘ നേതാവിന് 1,310 വർഷം ജയിൽശിക്ഷ വിധിച്ച് മദ്ധ്യ അമേരിക്കൻ രാജ്യമായ എൽ സാൽവഡോറിലെ കോടതി. 33 കൊലപാതകങ്ങളിൽ പ്രതിയായ വിൽമർ സെഗോവിയ എന്ന ക്രിമിനലിനാണ് ഇത്രയും വർഷം ശിക്ഷ വിധിച്ചത്. ഒമ്പത് കൊലപാതക ഗൂഢാലോചനകൾ അടക്കം നിരവധി കുറ്റങ്ങൾ ഇയാളുടെ പേരിലുണ്ട്. മാരാ സാൽവട്രച ഗാങ്ങിലെ അംഗമായിരുന്നു ഇയാൾ. മിഗ്വൽ ഏഞ്ചൽ പോർട്ടില്ലോ എന്ന മറ്റൊരു ക്രിമിനൽ സംഘാംഗത്തിന് കോടതി 945 വർഷം ജയിൽശിക്ഷ വിധിച്ചു. ഇയാൾ 22 കൊലപാതകങ്ങളിൽ പങ്കാളിയാണ്.
കുറ്റകൃത്യങ്ങൾക്ക് പ്രസിദ്ധമായ രാജ്യത്തെ ക്രിമിനൽ ഗ്യാങ്ങുകളെ അടിച്ചമർത്താൻ പ്രസിഡന്റ് നയീബ് ബുക്കേലെയുടെ നേതൃത്വത്തിൽ നടത്തുന്ന പോരാട്ടത്തിന്റെ ഭാഗമാണ് ശിക്ഷ. ആയിരക്കണക്കിന് ക്രിമിനലുകളെ അടുത്തിടെ എൽ സാൽവഡോർ ജയിലുകളിലേക്ക് എത്തിച്ചിരുന്നു. ഗ്യാങ്ങ് മെമ്പർമാരെ പാർപ്പിക്കാനുള്ള ഒരു മെഗാ ജയിൽ അടുത്തിടെ രാജ്യത്ത് തുറക്കുകയും ചെയ്തു.
കഴിഞ്ഞ ഫെബ്രുവരി 24ന് 2,000 ക്രിമിനലുകളെ ഇവിടേക്ക് മാറ്റിയിരുന്നു. 40,000 തടവുപുള്ളികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഈ ജയിൽ അമേരിക്കൻ ഭൂഖണ്ഡങ്ങളിലെ ഏറ്റവും വലുതാണ്. നയീബ് ബുക്കേലെ അധികാരത്തിലെത്തിയതിന് പിന്നാലെ 60,000ത്തിലേറെ ക്രിമിനലുകളെ സൈന്യം അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇത്രയും വർഷമോ ?
മരിച്ചാലും അവശേഷിക്കുന്നത്ര ദൈർഘ്യമേറിയ ശിക്ഷാ കാലാവധി ലോകത്ത് ഇതാദ്യമായല്ല ഒരാൾക്ക് ലഭിക്കുന്നത്. 1995ൽ ഒക്‌ലഹോമ നഗരത്തിൽ 19 കുട്ടികൾ ഉൾപ്പെടെ 168 പേരുടെ മരണത്തിനിടയാക്കിയ ബോംബ് സ്ഫോടനത്തിന്റെ ആസൂത്രകൻ മുൻ സൈനിക ഉദ്യോഗസ്ഥനായ തിമോത്തി മക്‌വെയ്‌യെ സഹായിച്ചതിന് ടെറി നിക്കോൾസ് എന്നയാൾക്ക് ലഭിച്ചത് 161 ജീവപര്യന്തങ്ങളും പരോളില്ലാതെ 9,300 വർഷങ്ങൾ തടവുമാണ്. യു.എസിൽ 1994ൽ 3 വയസുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കുറ്റത്തിന് ചാൾസ് സ്കോട്ട് റോബിൻസൺ എന്നയാൾക്ക് 30,000 വർഷം തടവ് ലഭിച്ചു.
ലോകത്ത് ഏറ്റവും ദൈർഘ്യമേറിയ ജയിൽ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടെന്ന റെക്കാഡ് തായ്‌ലൻഡിലെ പിരമിഡ് സ്കീം തട്ടിപ്പിലെ പ്രതി ചമോയ് തിപ്യാസോയ്ക്കാണ്. 1989ൽ ഇവർക്ക് വിധിച്ചത് 141,078 വർഷം ശിക്ഷയാണ് ! എന്നാൽ 8 വർഷത്തെ തടവിന് ശേഷം ഇവർ ജയിൽ മോചിതയായി.
യൂറോപ്പിലെ ഏറ്റവും ദൈർഘ്യമേറിയ ജയിൽ ശിക്ഷ സ്പെയിനിലെ മാഡ്രിഡിലാണ് വിധിക്കപ്പെട്ടത്. 2004ൽ മാഡ്രിഡിൽ അൽ ക്വ ഇദ നടത്തിയ ട്രെയിൻ ബോംബ് സ്ഫോടനത്തിൽ 193 പേർ കൊല്ലപ്പെട്ട കേസിൽ 3 പ്രതികൾക്ക് ലഭിച്ച ശിക്ഷ യഥാക്രമം 42,924, 42,922, 34,715 വർഷങ്ങൾ വീതം ആയിരുന്നു. ലോകത്തിന്റെ മറ്റ് പല ഭാഗങ്ങളിലും ഇതേ രീതിയിൽ ശിക്ഷകൾ വിധിക്കപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |