ന്യൂയോർക്ക് : ഖലിസ്ഥാൻ നേതാവ് അമൃത്പാൽ സിംഗിനെതിരെയുള്ള പൊലീസ് നടപടിക്കെതിരെ യു.എസിലെ സാൻഫ്രാൻസിസ്കോയിൽ ഇന്ത്യൻ കോൺസുലേറ്റിന് നേരെ ഖലിസ്ഥാൻ അനുകൂലികളുടെ ആക്രമണം. കഴിഞ്ഞ ദിവസം ലണ്ടനിൽ ഇന്ത്യൻ ഹൈക്കമ്മിഷനിൽ സ്ഥാപിച്ചിരുന്ന ത്രിവർണ്ണ പതാക ഖലിസ്ഥാൻ അനുകൂലികൾ നീക്കിയതിന് പിന്നാലെയാണിത്.
സാൻഫ്രാൻസിസ്കോ കോൺസുലേറ്റ് ആക്രമിക്കപ്പെടുന്നതിന്റെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു. പഞ്ചാബി സംഗീതം പശ്ചാത്തലത്തിൽ കേൾക്കാം. അമൃത്പാലിനെ മോചിപ്പിക്കണമെന്ന് കോൺസുലേറ്റിന്റെ ചുവരിൽ അക്രമികൾ സ്പ്രേ പെയിന്റ് ചെയ്തു.
കെട്ടിടത്തിന് വാതിലിൽ സ്ഥാപിച്ച ഖലിസ്ഥാൻ പതാകകൾ നീക്കാൻ ശ്രമിച്ച ജീവനക്കാർക്ക് നേരെയും പ്രതിഷേധക്കാർ തിരിഞ്ഞെങ്കിലും ഇവർ ഉടൻ കെട്ടിടത്തിൽ കയറി വാതിലടച്ചു. പിന്നാലെ കെട്ടിടത്തിന്റെ ജനാലകളും വാതിലുകളും ഇവർ തകർത്തു. അക്രമികളിൽ ഒരാളുടെ കൈയിൽ വാളും വീഡിയോയിൽ കാണാം. അതേസമയം, കാൻബെറയിലെ ഓസ്ട്രേലിയൻ പാർലമെന്റിന് മുന്നിലും പ്രതിഷേധങ്ങൾ നടന്നു.
അതിനിടെ, ഞായറാഴ്ച ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ഖലിസ്ഥാൻ അനുകൂലികൾ ആക്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. വിഷയത്തിൽ ഇന്ത്യ യു.കെയോട് ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. ഹൈക്കമ്മിഷന് സുരക്ഷ നൽകുന്നതിൽ വീഴ്ച വരുത്തിയതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ വിദേശകാര്യ മന്ത്രാലയം ഇന്ത്യയിലെ ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മിഷണർ ക്രിസ്റ്റീന സ്കോട്ടിനെ വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു.
അതിനിടെ, ഹൈക്കമ്മിഷൻ കെട്ടിടത്തിലെ ഇന്ത്യൻ ദേശീയ പതാക നീക്കിയ ഖലിസ്ഥാൻ വാദികൾക്ക് മറുപടിയായി ഇന്നലെ ഹൈക്കമ്മിഷന് മുന്നിൽ ഭീമൻ പതാക സ്ഥാപിച്ച് ഇന്ത്യ മറുപടി നൽകി. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |